എം.ജി: അനധികൃത നിയമനങ്ങൾക്കെതിരെ പ്രതികരിച്ചവർക്ക് നേരിടേണ്ടി വന്നത് പ്രതികാര നടപടി
text_fieldsകോട്ടയം: കഴിഞ്ഞ ദിവസം എം.ജി സർവകലാശാലയിൽനിന്ന് കൈക്കൂലി കേസിൽ പിടിയിലായ ജീവനക്കാരി അടക്കമുള്ളവരുടെ അനധികൃത നിയമനങ്ങൾക്കും സ്ഥാനക്കയറ്റത്തിനുമെതിരെ പരാതി നൽകിയവർക്ക് നേരിടേണ്ടിവന്നത് പ്രതികാര നടപടി.
ദിവസവേതനത്തിലും മറ്റും സർവകലാശാലയിൽ ജോലിക്ക് കയറിയ നിരവധി പേർക്ക് നിയമം ലംഘിച്ച് സ്ഥാനക്കയറ്റം നൽകിയതാണ് ഒരു വിഭാഗം ജീവനക്കാരെ ചൊടിപ്പിച്ചത്. 2018 മേയ് 19 നാണ് ക്ലറിക്കൽ അസിസ്റ്റന്റുമാർക്ക് അസിസ്റ്റന്റുമാരായി സ്ഥാനക്കയറ്റം നൽകാൻ സിൻഡിക്കേറ്റ് തീരുമാനിച്ചത്. 31 പേർക്കാണ് സ്ഥാനക്കയറ്റം നൽകിയത്. ഇവരെല്ലാം സാക്ഷരത മിഷന്റെ പത്താംക്ലാസ് തുല്യത പരീക്ഷ യോഗ്യത മാത്രമുള്ളവരാണ്. ഒരു സിൻഡിക്കേറ്റ് അംഗത്തിന്റെ ബന്ധുവിനെ തിരുകികയറ്റാനായിരുന്നു ക്രമക്കേട്. ഇതിൽ അഴിമതിയും സ്വജനപക്ഷപാതവും ആരോപിച്ച് 116 ജീവനക്കാരാണ് അന്നത്തെ വൈസ് ചാൻസലർ ഡോ. ബാബു ജോസഫിന് പരാതി നൽകിയത്.
വൈസ് ചാൻസലർക്ക് നേരിട്ടു പരാതി നൽകുന്നത് ചട്ടവിരുദ്ധമാണെന്ന് ആരോപിച്ചായിരുന്നു അച്ചടക്ക നടപടിക്ക് തുടക്കമിട്ടത്. സർവകലാശാല സിൻഡിക്കേറ്റ് ഉത്തമവിശ്വാസത്തിൽ എടുത്ത തീരുമാനങ്ങളെ അഴിമതി, സ്വജനപക്ഷപാതം തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ച് മോശമായി ചിത്രീകരിക്കുകയും അധികാരികളെ അവഹേളിക്കുകയും ചെയ്തു, യൂനിവേഴ്സിറ്റി അധികാരികൾക്കും തീരുമാനങ്ങൾക്കുമെതിരെ അനുമതിയില്ലാതെ പ്രതിഷേധയോഗങ്ങൾ ചേർന്നു തുടങ്ങിയ ആരോപണങ്ങളും ഉന്നയിച്ചിരുന്നു.
അന്ന് പ്രോവൈസ്ചാൻസലർ ആയിരുന്ന ഇന്നത്തെ വി. സി. സാബു തോമസിനെയാണ് അന്വേഷണത്തിന് ചുമതലപ്പെടുത്തിയത്. അന്വേഷണവേളയിൽ നിരവധി ജീവനക്കാർ മാപ്പെഴുതി നൽകി പ്രശ്നം അവസാനിപ്പിച്ചു. ചില ജീവനക്കാർ നിവേദനത്തിൽ ഉറച്ചുനിൽക്കുകയും ചെയ്തു.
നിവേദനം വി.സി നേരിട്ടു കൈപ്പറ്റിയതിനാൽ ചട്ടം പാലിക്കാതെ പരാതി നൽകിയെന്ന കുറ്റം നിലനിൽക്കാതെയുമായി. എങ്കിലും ശിക്ഷാനടപടികൾ സ്വീകരിച്ചാൽ എല്ലാവർക്കും ബാധകമാകുമെന്ന ഘട്ടംഎത്തിയപ്പോൾ ഭരണാനുകൂല സംഘടനയുടെ സമ്മർദഫലമായി താക്കീതിൽ നടപടികൾ അവസാനിപ്പിക്കുകയായിരുന്നു.
സർവിസിൽ 'അനധികൃതർ' ഇനിയുമേറെ
കോട്ടയത്തെ ഒരു പ്രമുഖ ഇടതു നേതാവിന്റെ ശിപാർശയിൽ ജോലിക്ക് കയറിയവരാണ് സർവകലാശാലയിലെ അനധികൃത നിയമന പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നവരിൽ ഒരുവിഭാഗം. ഇത്തരത്തിൽ ദിവസവേതനത്തിൽ പ്യൂണായി സർവിസിൽ കയറിയവർ 12 വർഷം കഴിഞ്ഞിട്ടും സർവകലാശാലയിൽ തുടരുകയാണ്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം നടത്തേണ്ട തസ്തികകളിലാണ് ഇവർ ജോലി ചെയ്യുന്നത്.
മാർക്ക് തിരിമറിക്ക് ഏറ്റവും കൂടുതൽ സാധ്യതയുള്ളയിടങ്ങളിൽ വരെ പാർട്ടിയുടെ ശിപാർശയുമായെത്തിയ ദിവസവേതനക്കാരെ നിയോഗിച്ചതായി ആരോപണമുണ്ട്. മാർക്കുകൾ ആദ്യം രേഖപ്പെടുത്തുന്നിടത്ത് ദിവസ വേതനക്കാരെ നിയോഗിക്കുന്നത് ക്രമക്കേടിന് വഴിയൊരുക്കുമെന്ന് ഒരു വിഭാഗം ജീവനക്കാർ പലതവണ ചൂണ്ടിക്കാട്ടിയെങ്കിലും ഫലമുണ്ടായില്ല. പത്താം ക്ലാസ് യോഗ്യതയുമായി അസിസ്റ്റന്റ് തസ്തികയിൽ സ്ഥിരം ജോലിക്ക് പ്രമോഷൻ നേടുന്നവർ രണ്ടുവർഷത്തിനുള്ളിൽ വകുപ്പുതല പരീക്ഷ പാസാകണമെന്നാണ് നിയമം.
ഇത് സാധിച്ചില്ലെങ്കിൽ വൈസ് ചാൻസലർക്ക് ഒരു വർഷം സർവിസ് നീട്ടി നൽകാം. വീണ്ടും സേവന കാലം ദീർഘിപ്പിക്കാനുള്ള അവകാശം സംസ്ഥാന പൊതുഭരണ വകുപ്പിനാണ്. ഇങ്ങനെ പരമാവധി നാലുവർഷമാണ് സേവനത്തിൽ തുടരാനാവുക. ഇതിനിടെ യോഗ്യത നേടിയില്ലെങ്കിൽ പഴയ തസ്തികയിലേക്ക് തരം താഴ്ത്തുകയോ പിരിച്ചുവിടുകയോ ചെയ്യണം. ഇക്കാര്യം സർവകലാശാല സ്റ്റാറ്റ്യൂട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ഇത് സംഭവിക്കാറില്ല.
50 വയസ്സ് പൂർത്തിയാകുന്നവരെ കാത്തിരിക്കുന്ന ഇത്തരം ജീവനക്കാർ 50 വയസ്സ് കഴിഞ്ഞ, 25 വർഷം സർവിസുള്ളവർക്ക് യോഗ്യത പരീക്ഷ പാസാകേണ്ട എന്ന ഇളവിന് അർഹത നേടും. സിൻഡിക്കേറ്റ് ഇവർക്ക് പ്രത്യേക ഉത്തരവിലൂടെ സ്ഥാനക്കയറ്റം നൽകുകയും ചെയ്യും. പരീക്ഷകൾ പാസായി നേരായ രീതിയിൽ സർവിസിൽ കയറിയവരെക്കാൾ സീനിയോറിറ്റിയുള്ളതിനാൽ വളരെ വേഗം തുടർന്നുള്ള സ്ഥാനക്കയറ്റങ്ങളും ലഭിക്കും.
ഇങ്ങനെ സെക്ഷൻ ഓഫിസർ വരെയുള്ള പദവികളിൽ ഇത്തരക്കാർ കയറിക്കൂടിയിട്ടുണ്ട്. ഇതിനിടെ ഏതെങ്കിലും സർവകലാശാലയുടെ ബിരുദം സംഘടിപ്പിച്ച് പദവി സുരക്ഷിതമാക്കുകയാണ് പതിവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.