പുനർനിയമനം ലഭിച്ചില്ലെങ്കിലും തന്‍റെ സേവനം ഉണ്ടാകുമെന്ന് എം.ജി സർവകലാശാല വി.സി
text_fieldsകോട്ടയം: പുനർനിയമനം ലഭിച്ചില്ലെങ്കിലും തന്‍റെ സേവനം ഉണ്ടാകുമെന്ന് എം.ജി സർവകലാശാല വൈസ്ചാൻസലർ ഡോ. സാബു തോമസ്. ജീവിതകാലം മുഴുവൻ സർവകലാശാലക്ക് വേണ്ടി പ്രവർത്തിക്കാനാണ് ആഗ്രഹം. സർക്കാർ എന്ത് പറഞ്ഞാലും അത് അനുസരിച്ച് മുന്നോട്ടു പോകുമെന്നും സാബു തോമസ് മാധ്യമങ്ങളോട് പറഞ്ഞു.
ഈ മാസം 27ന് കാലാവധി അവസാനിക്കുന്ന എം.ജി സർവകലാശാല വിസിക്ക് പുനർനിയമനം നൽകണമെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം ഗവർണറോട് ശിപാർശ ചെയ്തിരുന്നു. പ്രോ-ചാൻസലറായ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവാണ് ഇതുസംബന്ധിച്ച് ചാൻസലറായ ഗവർണർക്ക് കത്ത് നൽകിയത്.
സാബു തോമസിന്റെ കാലാവധി അവസാനിക്കുമ്പോൾ പകരക്കാരനായി ആരെ നിയമിക്കണമെന്ന് ഗവർണർ സർക്കാറിനോട് കഴിഞ്ഞയാഴ്ച ആരാഞ്ഞിരുന്നു. അതിന് മറുപടിയായാണ് സർക്കാർ ഇപ്പോൾ കത്തയച്ചിരിക്കുന്നത്. എം.ജി സർവകലാശാല വി.സിയുടെ പ്രായപരിധി 65 ആയി നിശ്ചയിച്ചതിനാൽ ഡോ. സാബു തോമസിന് പുനർനിയമനം നൽകാമെന്നാണ് സർക്കാർ നിലപാട്.
സാബു തോമസിന് 62 വയസ്സായിട്ടേയുള്ളൂ. കണ്ണൂർ സർവകലാശാല വി.സി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം ചോദ്യം ചെയ്തുള്ള ഹരജി സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെയാണ് എം.ജിയിൽ വി.സി പദവിയിൽ വീണ്ടും പുനർനിയമന നീക്കം.
സാങ്കേതിക സർവകലാശാല വി.സി ഡോ. എം.എസ്. രാജശ്രീയെ സുപ്രീംകോടതി വിധിയെ തുടർന്ന് പിരിച്ചുവിട്ടതിനു പിന്നാലെ നിയമന നടപടിക്രമം പാലിക്കാത്ത ഒമ്പതുപേർക്ക് പിരിച്ചുവിടാതിരിക്കാൻ ഗവർണർ കാരണം കാണിക്കൽ നോട്ടീസ് നൽകിയവരിൽ സാബു തോമസും ഉൾപ്പെട്ടിരുന്നു. ഡോ. സാബു തോമസിന്റെ നിലവിലെ വി.സി നിയമനം യു.ജി.സി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവർണർ കാരണം കാണിക്കാൻ നോട്ടീസ് നൽകിയതെങ്കിലും ഹൈകോടതി ഇടപെടലിനെ തുടർന്നാണ് അദ്ദേഹം പദവിയിൽ തുടരുന്നത്.
ആദ്യ നിയമനം തന്നെ ചട്ടവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി സാബു തോമസിനെതിരെയുള്ള ക്വോവാറന്‍റോ ഹരജിയും കോടതിയുടെ പരിഗണനയിലാണ്. സെർച് കമ്മിറ്റിയില്ലാതെ സാബു തോമസിന് പുനർനിയമനം നൽകിയാൽ അത് വീണ്ടും കോടതികയറുമെന്നുറപ്പാണ്. താൽക്കാലിക വി.സി നിയമനങ്ങളിൽ സർക്കാർ താൽപര്യം നടക്കട്ടെയെന്ന അയഞ്ഞ നിലപാടിലാണ് ഗവർണറെങ്കിലും സ്ഥിരം വി.സി നിയമനം ചട്ടപ്രകാരം നടത്തണമെന്ന നിലപാടിലാണ് അദ്ദേഹം.
എന്നാൽ, ഗവർണറുടെ കാലാവധി അവസാനിക്കുന്നതുവരെ താൽക്കാലിക വി.സിമാരെ വെച്ച് സർവകലാശാല ഭരണം നടത്താനാണ് സർക്കാർ നീക്കം. വി.സി പദവി ഒഴിവുവന്ന സർവകലാശാലകൾക്ക് പുതിയ വി.സി നിയമനത്തിന് സെർച് കമ്മിറ്റി രൂപവത്കരിക്കാൻ സർക്കാറും സർവകലാശാലകളും പ്രതിനിധിയെ നൽകിയിട്ടുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.