ഗവർണറുടെ നിർദേശം തള്ളി; സെർച്ച് കമ്മിറ്റി പ്രതിനിധിയെ നൽകില്ലെന്ന് എം.ജി സർവകലാശാല
text_fieldsകോട്ടയം: വൈസ് ചാന്‍സലറെ തീരുമാനിക്കാനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ നൽകണമെന്ന ഗവർണറുടെ നിർദേശം തള്ളി എം.ജി സര്‍വകലാശാല. സെനറ്റ് പ്രതിനിധിയെ നൽകേണ്ടെന്ന് ചൊവ്വാഴ്ച ചേർന്ന പ്രത്യേക സെനറ്റ് യോഗം തീരുമാനിച്ചു. സർവകലാശാല നിയമഭേദഗതി ബിൽ, സുപ്രീംകോടതിയിലും ഹൈകോടതിയിലുമുള്ള ഹരജികൾ എന്നിവ ചൂണ്ടിക്കാട്ടി നിയമപ്രശ്നം ഉന്നയിച്ചാണ് തീരുമാനമെടുത്തത്. സിൻഡിക്കേറ്റ് അംഗം റെജി സഖറിയയാണ് ഇതുസംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്. ഇടത് അംഗങ്ങൾ പിന്തുണച്ചു. യു.ഡി.എഫ് അംഗങ്ങൾ എതിർത്തു. സെനറ്റ് പ്രതിനിധിയെ നൽകിയില്ലെങ്കിൽ വി.സി നിയമനം നടക്കില്ലെന്ന് യു.ഡി.എഫ് അംഗങ്ങൾ പറഞ്ഞു. സർവകലാശാല നിയമഭേദഗതി ബിൽ ഗവർണർ ഒപ്പുവെക്കാത്തിടത്തോളം നിലവിലുള്ള നിയമം അനുസരിക്കണം.
അതനുസരിച്ച് സെനറ്റ് പ്രതിനിധിയെ അയക്കണമെന്നാണ് യു.ഡി.എഫിന്റെ നിലപാട്. എതിരില്ലാതെയാണ് തീരുമാനം എടുത്തതെന്ന് സിൻഡിക്കേറ്റ് അംഗം റെജി സഖറിയ അറിയിച്ചു. അതേസമയം, സർവകലാശാല ചട്ടങ്ങൾ മറികടന്നുള്ള ഇടത് സിൻഡിക്കേറ്റ് അജണ്ടയാണ് നടപ്പാക്കിയതെന്ന് യു.ഡി.എഫ് സെനറ്റ് അംഗങ്ങൾ ആരോപിച്ചു.
ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് മാറ്റിക്കൊണ്ടുള്ള സർവകലാശാല നിയമഭേദഗതി ബിൽ നിയമസഭ പാസാക്കിയിരുന്നു. ഇത് രാഷ്ട്രപതിക്കു മുന്നിലാണ്. ഈ വിഷയത്തിൽ സംസ്ഥാന സർക്കാറും സുപ്രീംകോടതിയിൽ ഹരജി നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ സ്ഥിരം വൈസ് ചാന്‍സലര്‍മാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് സാമ്പത്തികവിദഗ്ധ ഡോ. മേരി ജോർജ് നൽകിയ പൊതുതാൽപര്യ ഹരജിയും ഹൈകോടതിയുടെ പരിഗണനയിലുണ്ട്. ഈ സാഹചര്യത്തിൽ സെനറ്റ് അംഗത്തെ നൽകിയാൽ അത് നിയമപ്രശ്നം സൃഷ്ടിക്കുമെന്ന് റെജി സഖറിയ പറഞ്ഞു.
ചാൻസലർ, യു.ജി.സി, സെനറ്റ് അംഗം എന്നിവരടങ്ങുന്ന മൂന്നംഗ സെർച്ച് കമ്മിറ്റി നൽകുന്ന പട്ടികയിൽനിന്നാണ് ചാൻസലർ വി.സിയെ നിയമിക്കുക. സെർച്ച് കമ്മിറ്റി പ്രതിനിധിയെ ആവശ്യപ്പെട്ട് ചാൻസലറായ ഗവർണർ ഫെബ്രുവരി ആദ്യവാരമാണ് കേരള, എം.ജി തുടങ്ങിയ എട്ട് സർവകലാശാലകൾക്ക് കത്തയച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.