സംവരണ അട്ടിമറിയിൽ നിന്നും സർക്കാർ പിൻമാറണം -ജമാഅത്തെ ഇസ്‌ലാമി
text_fieldsകോഴിക്കോട്: സംവരണ തത്വങ്ങളെ അട്ടിമറിച്ച് പിന്നാക്കവിഭാഗങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ നിഷേധിക്കാനുള്ള നീക്കത്തിൽനിന്നും സംസ്ഥാന സർക്കാർ പിൻമാറണമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം.ഐ അബ്ദുൽ അസീസ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്നതുമുതൽ സംവരണവിരുദ്ധ നിലപാടാണ് ഉദ്യോഗ, വിദ്യാഭ്യാസ മേഖലകളിൽ തുടരുന്നത്. മുന്നാക്ക, സവർണ സമുദായങ്ങളുടെ താൽപര്യങ്ങൾക്ക് വിധേയപ്പെട്ട് അവർക്കുവേണ്ടി സംവരണം നടപ്പാക്കുകയും അതേസമയം പിന്നാക്കവിഭാഗങ്ങളുടെ ന്യായമായ അവകാശത്തെ നിരാകരിക്കുകയുമാണ് സർക്കാർ. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മെഡിക്കൽ, ഹയർ സെക്കണ്ടറി വിദ്യാഭ്യാസ മേഖലയിൽ നടക്കുന്നത്.
ജനറൽ സീറ്റിൽ നിന്നാകും മുന്നാക്ക സംവരണം എന്നായിരുന്നു സർക്കാർ വാഗ്ദാനം. എന്നാൽ ആകെ സീറ്റിൻ്റെ 10 ശതമാനം മുന്നാക്കാർക്കായി മാറ്റിവെച്ച് സർക്കാർ ആ വാക്ക് ലംഘിച്ചു. ആ സീറ്റുകളിൽ
ബഹുഭൂരിപക്ഷത്തിലേക്കും അപേക്ഷിക്കാൻ പോലും ആളില്ലായിരുന്നു. അപ്പോൾതന്നെ പിന്നാക്ക സമുദായങ്ങളിൽ പെട്ടവരടക്കം പതിനായിരക്കണക്കിന് വിദ്യാർഥികൾക്ക് പ്രവേശനം ലഭിക്കാതെ പോകുന്നു.ബിരുദാനന്തര ബിരുദ മെഡിക്കൽ രംഗത്ത്
ജനസംഖ്യയുടെ 27 ശതമാനംവരുന്ന പിന്നാക്ക ഈഴവ സമുഹത്തിന് സംവരണം ചെയ്യപ്പെട്ടിരിക്കുന്നത് 13 സീറ്റും, 26 ശതമാനം വരുന്ന മുസ്‌ലിംകൾക്ക് ഒമ്പതു സീറ്റുമായിരിക്കെ 20 ശതമാനത്തിൽ താഴെ ജനസംഖ്യ വരുന്ന മുന്നാക്ക വിഭാഗത്തിന് 30 സീറ്റാണ് സംവരണം ചെയ്തിരിക്കുന്നത്. പിന്നാക്കവിഭാഗങ്ങളോടുള്ള കടുത്ത അനീതിയും വഞ്ചനയുമാണിത്. ഇടത് സർക്കാറിന്റെ ഈ നയത്തിനെതിരെ എല്ലാ പിന്നാക്ക, മത, ജാതി, സമുദായ രാഷ്ട്രീയ സംഘടനകളും രംഗത്തു വരണമെന്നും എം.ഐ. അബ്ദുൽ അസീസ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.