പെരുന്നാൾ പങ്കുവെക്കുന്നത് സഹാനുഭൂതിയുടെ സംസ്കാരം -എം.ഐ. അബ്ദുൽ അസീസ്
text_fieldsകോഴിക്കോട്: സഹവർത്തിത്വത്തിന്റെയും സഹാനുഭൂതിയുടെയും സംസ്കാരമാണ് ഈദുൽ ഫിത്റിന്റെ സന്ദേശമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് ചെറിയ പെരുന്നാൾ സന്ദേശത്തിൽ പറഞ്ഞു. ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിലൂടെ സ്രഷ്ടാവിനോട് കൂടുതൽ വിധേയപ്പെടാനുള്ള പരിശീലനമാണ് വിശ്വാസികൾ ആർജിച്ചത്. അതോടൊപ്പം, തന്നെപ്പോലെയുള്ള മനുഷ്യരുടെ വേദനകളിലേക്കും ദുരിതങ്ങളിലേക്കും കാഴ്ചയെയും ബുദ്ധിയെയും കൊണ്ടുപോകാനും അവരോട് ഐക്യപ്പെടാനും അധർമത്തിന്റെ ശക്തികളോട് പൊരുതി നിൽക്കാനുമുള്ള പരിശീലനമായിരുന്നു റമദാൻ. ഇതിന്റെയെല്ലാം വിജയ പ്രഖ്യാപനമാണ് ചെറിയ പെരുന്നാൾ.
വംശീയതയും വിഭാഗീയതയും ഭരണകൂടങ്ങൾതന്നെ വളർത്തിയെടുക്കുമ്പോൾ അതിനെതിരെ വർഗ, വർണ, ദേശ, ജാതി, മത ഭേദങ്ങൾക്കതീതമായ മനുഷ്യ സമഭാവനയും സാഹോദര്യവും ഐക്യവുമാണ് ഈദുൽ ഫിത്റിന്റെ പാഠം. ആഘോഷാവസരത്തിലും സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം ലോകത്തിന്റെ വിവിധ മേഖലകളിൽ ദുരിതമനുഭവിക്കുന്നവർക്കും അന്യായമായി തടവറകളിലടക്കപ്പെട്ടവർക്കും വേണ്ടി പ്രാർഥിക്കണമെന്ന് എം.ഐ. അബ്ദുൽ അസീസ് പറഞ്ഞു.
ഐക്യത്തിന്റെ സന്ദേശം പകരണം -കാന്തപുരം
കോഴിക്കോട്: വിശ്വാസികൾക്ക് സന്തോഷത്തിന്റെയും ആത്മീയ വിശുദ്ധിയുടെയും വേളയാണ് ചെറിയ പെരുന്നാളെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ പെരുന്നാൾ സന്ദേശത്തിൽ പറഞ്ഞു. വ്രതമനുഷ്ഠിച്ചും സൽകർമങ്ങൾ ചെയ്തും ലളിതജീവിതം നയിച്ചുമാണ് വിശ്വാസികൾ പെരുന്നാൾ ആഘോഷിക്കുന്നത്. ചുറ്റുമുള്ളവർക്ക് ഉപകാരം ചെയ്തും ധാർമിക പരിധി ലംഘിക്കാതെയുമാവണം പെരുന്നാൾ ആഘോഷിക്കേണ്ടത്.
പ്രയാസമനുഭവിക്കുന്നവർക്ക് സന്തോഷത്തിന്റെ കൈനീട്ടങ്ങൾ കൈമാറി പരസ്പര ഐക്യത്തിന്റെ സന്ദേശം പകരാനുള്ളതാവണം ഈദുൽ ഫിത്ർ. ആശംസകൾ കൈമാറുന്നതോടൊപ്പം നമ്മുടെ സഹജീവികളും നമ്മെപ്പോലെ സന്തോഷിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും അദ്ദേഹം ഉണർത്തി.
സാമുദായിക സൗഹാർദം വീണ്ടെടുക്കുക -കെ.എൻ.എം
കോഴിക്കോട്: വ്രതനാളുകളിൽ ആത്മസംസ്കരണത്തിലൂടെ നേടിയെടുത്ത നന്മകൾ സമൂഹത്തിനുകൂടി ഉപകാരപ്പെടുന്നുണ്ടെന്നു വിശ്വാസികൾ ഉറപ്പുവരുത്തണമെന്ന് കെ.എൻ.എം പ്രസിഡന്റ് ടി.പി. അബ്ദുല്ല കോയ മദനി, ജനറൽ സെക്രട്ടറി എം. മുഹമ്മദ് മദനി എന്നിവർ ഈദ് സന്ദേശത്തിൽ ആവശ്യപ്പെട്ടു. ആഘോഷത്തിന്റെ ആത്മാവ് സൗഹൃദവും സ്നേഹവുമാണ്. വ്രതമാസത്തിന്റെ പരിസമാപ്തിയായി വന്നെത്തുന്ന ഈദുൽ ഫിത്ർ സൗഹൃദവും സ്നേഹവും പങ്കുവെക്കാനും പ്രയാസപ്പെടുന്നവരുടെ കണ്ണീരൊപ്പാനും ഉപയോഗപ്പെടുത്തണം.
സമുദായങ്ങൾ തമ്മിൽ അകലുന്ന സമകാലിക സാഹചര്യത്തിൽ കൂടുതൽ അടുപ്പവും സൗഹൃദവും വർധിപ്പിക്കാൻ ബോധപൂർവമായ നീക്കം അനിവാര്യമാണ്. വെറുപ്പ് പരത്തി മനുഷ്യരെ അകറ്റുന്നത് കരുതലോടെ കാണണം. രാജ്യത്തെ സമാധാനം തിരിച്ചുപിടിക്കാൻ എല്ലാവരും ഒന്നിച്ചു നീങ്ങണം. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വർഗീയത ഇളക്കിവിടുന്നവർ ഖേദിക്കേണ്ടിവരുമെന്നും കെ.എൻ.എം അഭിപ്രായപ്പെട്ടു
സമര്‍പ്പണത്തിന്റെ സന്ദേശം പകര്‍ന്നു നല്‍കുക -വിസ്ഡം
കോഴിക്കോട്: വിശുദ്ധ റമദാനില്‍ നേടിയെടുത്ത സമര്‍പ്പണത്തിന്റെയും സഹനത്തിന്റെയും സന്ദേശം ഉള്‍ക്കൊണ്ട് ജീവിതത്തെ ക്രമപ്പെടുത്താന്‍ എല്ലാവരും തയാറാകണമെന്ന് വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് സംസ്ഥാന പ്രസിഡന്റ് പി.എന്‍. അബ്ദുല്‍ ലത്തീഫ് മദനി, ജനറല്‍ സെക്രട്ടറി ടി.കെ. അഷ്റഫ് എന്നിവര്‍ ഈദ് സന്ദേശത്തില്‍ പറഞ്ഞു.
വിശ്വാസ വിമലീകരണവും സാമൂഹിക ഇടപെടലുകളിലെ സൂക്ഷ്മതയും റമദാനിലൂടെ നേടിയെടുക്കാന്‍ പരിശ്രമിച്ചവരാണ് വിശ്വാസി സമൂഹം. ആഘോഷവും ആരാധന കർമങ്ങളുടെ ഭാഗമായി കാണുന്ന മതമാണ് ഇസ്ലാം.
. ഫാഷിസവും ലിബറലിസവും സമൂഹ ജീവിതത്തില്‍ വലിയ വെല്ലുവിളിയായി ഉയർന്നുവരുന്ന സാഹചര്യത്തില്‍ വിശ്വാസത്തിന്റെ മൗലികതയില്നിന്നുള്ള പ്രതിരോധം ഓരോരുത്തരുടെയും ബാധ്യതയാണെന്നത് തിരിച്ചറിയണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.