മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ മൈക്ക് വീണ്ടും ചതിച്ചു; ഊരി കൈയിൽ വന്നു, ആംപ്ലിഫയറിൽനിന്ന് തീയും പുകയും
text_fieldsകോട്ടയം: മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുന്നതിനിടെ മൈക്ക് ഒടിഞ്ഞു. മിനിറ്റുകൾക്കുശേഷം ആംപ്ലിഫയറിൽനിന്ന് ശബ്ദവും പുകയും. ശബ്ദം സ്പീക്കറിലൂടെ പുറത്തുവന്നപ്പോൾ സദസ്സ് അക്ഷരാർഥത്തിൽ ഞെട്ടി. കോട്ടയം തലയോലപ്പറമ്പിൽ കോട്ടയം ലോക്സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി തോമസ് ചാഴികാടന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തിനിടെ രാവിലെ 11നാണ് സംഭവങ്ങൾ. പ്രസംഗത്തിനിടെ മൈക്ക് അഡ്ജസ്റ്റ് ചെയ്യാനായി മുഖ്യമന്ത്രി അതിൽ പിടിച്ചപ്പോഴാണ് താഴെ വീണത്.
മൈക്ക് ഘടിപ്പിച്ചിരുന്ന ഇരുമ്പ് ദണ്ഡ് ഒടിയുകയായിരുന്നു. വേദിയിലുണ്ടായിരുന്ന മന്ത്രി വി.എൻ. വാസവനും ജോസ് കെ. മാണി എം.പിയും ഓടിയെത്തി മൈക്ക് പിടിച്ചു. തുടർന്ന്, മുഖ്യമന്ത്രി ഇരിപ്പിടത്തിലേക്ക് മടങ്ങി. പ്രകോപിതനാകാതെ ചിരിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രി സീറ്റിലേക്ക് മടങ്ങിയത്. 10 മിനിറ്റ് തടസ്സപ്പെട്ട പ്രസംഗം മൈക്ക് ശരിയാക്കിയശേഷം വീണ്ടും തുടർന്നു.
എല്ലാം പരിഹരിച്ചുവെന്ന് സംഘാടകർ ആശ്വസിച്ചിരിക്കുമ്പോഴാണ് വീണ്ടും പ്രശ്നമുണ്ടായത്. മുഖ്യമന്ത്രിയുടെ പ്രസംഗം തുടരുന്നതിനിടെ സദസ്സിനിടയിലുണ്ടായിരുന്ന ആംപ്ലിഫയറിൽനിന്ന് പുകയുയർന്നു. ചാനൽ കാമറ സ്റ്റാൻഡിന് സമീപത്തുനിന്ന് പൊട്ടിത്തെറിയുടെ ശബ്ദവും കേട്ടു. കാമറകളുടെ കണക്ഷൻ ബോർഡിലുണ്ടായ ലൂസ് കണക്ഷൻ മൂലം ശബ്ദം സ്പീക്കറിലൂടെ പുറത്തുവന്നതാണ് സദസ്സിൽ പരിഭ്രാന്തിയുണ്ടാക്കിയത്. പലരും മൊബൈൽ ഫോണുകളിൽ ദൃശ്യങ്ങൾ പകർത്താനും തുടങ്ങി. ഇത് ശ്രദ്ധയിൽപെട്ടതോടെ മുഖ്യമന്ത്രി പ്രസംഗം നിർത്തി.
എന്നാൽ, ആ പ്രശ്നവും വേഗത്തിൽ പരിഹരിച്ചതോടെ സംഘാടകർക്ക് ആശ്വാസമായി. സംഘ്പരിവാറിനും കോൺഗ്രസിനുമെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. ആർ.എസ്.എസ് അജണ്ട നടപ്പാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടുകയാണെന്നും പൗരത്വ നിയമഭേദഗതി, ഇ.ഡി വേട്ട വിഷയങ്ങളിലുൾപ്പെടെ കോൺഗ്രസിന് ബി.ജെ.പി അനുകൂല നിലപാടാണെന്നും അദ്ദേഹം ആരോപിച്ചു. കഠിനമായ ചൂടിനെ അവഗണിച്ച് ഏകദേശം ഒരു മണിക്കൂറോളം സംസാരിച്ചാണ് മുഖ്യമന്ത്രി തലയോലപ്പറമ്പിൽ നിന്ന് മടങ്ങിയത്.
തുടർന്ന് വൈകുന്നേരം നാലിന് പാലായിലെ കൺവെൻഷനിലും മുഖ്യമന്ത്രി പങ്കെടുത്തു. നവകേരള സദസ്സിനിടെ തോമസ് ചാഴികാടൻ എം.പിയെ വിമർശിച്ച അതേ പാലായിൽ മുഖ്യമന്ത്രി അദ്ദേഹത്തെ പുകഴ്ത്തുന്നതാണ് കാണാനായത്.
അതിനുശേഷം ആറിന് തിരുനക്കര മൈതാനിയിലെ തിങ്ങിനിറഞ്ഞ ജനങ്ങളെ സാക്ഷിനിർത്തി ഇടത് സ്ഥാനാർഥികൾക്ക് വോട്ട് തേടിയശേഷമാണ് മുഖ്യമന്ത്രി കോട്ടയം ജില്ലയിൽനിന്ന് മടങ്ങിയത്. തെരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും ജില്ലയിൽ എത്തുമെന്ന് ഇടതുപക്ഷ വൃത്തങ്ങൾ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.