മൈക്രോ ഫിനാൻസ് സംഘങ്ങളുടെ ഭീഷണി; പാലക്കാട്ട് ആറ് ആത്മഹത്യ
text_fieldsകുഴൽമന്ദം (പാലക്കാട്): പാലക്കാട് ജില്ലയുടെ ഗ്രാമീണമേഖലയിൽ സ്വകാര്യ മൈക്രോ ഫിനാൻസ് സംഘങ്ങൾ പിടിമുറുക്കുന്നു. തേങ്കുറുശ്ശി ഗ്രാമപഞ്ചായത്തിൽ കഴിഞ്ഞ നാല് മാസത്തിനുള്ളിൽ ആറ് പേരാണ് മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളുടെ ഭീഷണിയെ തുടർന്ന് ജീവനൊടുക്കിയത്. ഇതിൽ ഒരു കുടുംബത്തിലെ സ്ത്രീയും രണ്ട് പെൺമക്കളുമുൾപ്പെടുന്നു. നിരവധി കുടുംബങ്ങൾ ആത്മഹത്യ ഭീഷണിയിലാണ്.
ഭീഷണി ഭയന്ന് പലരും പരാതിപ്പെടുന്നില്ല. ഓപറേഷൻ കുബേരയെ തുടർന്ന് വട്ടിപ്പലിശക്കാരുടെ പ്രവർത്തനം മന്ദഗതിയിലായ അവസരം മുതലെടുത്താണ് മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ പാലക്കാടൻ ഗ്രാമങ്ങളിൽ പിടിമുറുക്കിയത്. 35 ശതമാനം വരെ കൊള്ളപ്പലിശ ഈടാക്കിയാണ് ഇവർ വീട്ടമ്മമാരെ കെണിയിൽപ്പെടുത്തുന്നത്.
കുടുംബശ്രീ മാതൃകയിലാണ് മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ വായ്പ നൽകുന്നത്. പത്ത് മുതൽ 20 വരെയുള്ള സ്ത്രീകളുടെ സംഘത്തിനാണ് വായ്പ. ഈട് നൽകാതെ ആധാർ കാർഡും ഫോട്ടോയും നൽകിയാൽ ഒരാഴ്ചക്കുള്ളിൽ പണം ലഭിക്കും. ചില ധനകാര്യ സ്ഥാപനങ്ങൾ മൊബൈൽ ഫോണും ഇലക്ട്രോണിക് ഉപകരണങ്ങളും ഗൃഹോപകരണങ്ങളുമാണ് വായ്പയായി നൽകുന്നത്. ആഴ്ചയിലാണ് തിരിച്ചടവ്. നിശ്ചിത ശതമാനമടച്ചാൽ രണ്ടാമതും വായ്പ ലഭിക്കും. 104 ആഴ്ചയാണ് പരമാവധി വായ്പ കാലാവധി. വായ്പയെടുത്ത മുഴുവൻ അംഗങ്ങളുടെയും വിഹിതമുെണ്ടങ്കിൽ മാത്രമാണ് തിരിച്ചടവ് സ്വീകരിക്കുക. തിരിച്ചടവ് പകുതി പിന്നിട്ട് മുടങ്ങിയാൽ വീണ്ടും വായ്പ അനുവദിക്കുകയും മുടങ്ങിയ വായ്പ ഇതിൽനിന്ന് ഈടാക്കുകയും ചെയ്യും.
25 മുതൽ 35 ശതമാനം വരെയാണ് പലിശ. ഭീമമായ പലിശയെക്കുറിച്ച് ഉപഭോക്താക്കൾക്ക് സ്ഥാപനം വ്യക്തമായ അറിയിപ്പ് മുൻകൂട്ടി നൽകില്ല. സഹകരണ, പൊതുമേഖല ബാങ്കുകൾ എട്ട് മുതൽ 12 ശതമാനം വരെ പലിശ ഈടാക്കുന്നിടത്താണ് ഇത്തരം കമ്പനികളുടെ പകൽക്കൊള്ള. 40,000 രൂപ വായ്പ അനുവദിച്ചാൽ കൈകാര്യ ചെലവായി 2,000 രൂപയും ഇൻഷുറൻസ് ഇനത്തിൽ മറ്റൊരു തുകയും ഈടാക്കും. നിയമപരമായി ഒരു സ്ഥാപനത്തിെൻറ മൈക്രോ ഫിനാൻസ് വായ്പയിൽ അംഗങ്ങളായവർക്ക് മറ്റ് സ്ഥാപനത്തിൽ അംഗങ്ങളാകാൻ അനുവാദമില്ല. എന്നാൽ, ഇെതല്ലാം കാറ്റിൽ പറത്തിയാണ് വായ്പ നൽകുന്നത്. കുട്ടികളുടെ ആധാർ കാർഡ് ഉപയോഗപ്പെടുത്തി വിദ്യാഭ്യാസ വായ്പ എന്ന പേരിലും പണം നൽകുന്നുണ്ട്. തിരിച്ചടവ് മുടങ്ങിയാൽ വിദ്യാർഥിയുടെ ഭാവി അവതാളത്തിലാക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതായും ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.