ദേശീയ പാതയിലെ പാതാളക്കുഴി: ബസ് യാത്രക്കിടെ നട്ടെല്ലിന് പരിക്കേറ്റ ഗൃഹനാഥൻ നിയമപോരാട്ടത്തിന്
text_fieldsഅരൂർ : ബസ് യാത്രക്കിടെ ദേശീയപാതയിലെ കുഴിയിൽ വീണ് നട്ടെല്ലിന് പരിക്കേറ്റ ഗൃഹനാഥൻ നിയമപോരാട്ടത്തിനൊരുങ്ങുന്നു. ഇടക്കൊച്ചി സ്വദേശിയായ അലക്സാണ്ടർ വർഗീസാണ് (53) യാത്രക്കിടെ പരിക്കേറ്റ് കിടപ്പിലായത്.
ഉയരപ്പാത നിർമാണം നടക്കുന്ന അരൂർ -തുറവൂർ ദേശീയപാതയിൽ കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസിൽ യാത്ര ചെയ്യവെയാണ് അപകടം. കഴിഞ്ഞ 18ാം തിയതി ഇടക്കൊച്ചിയിലെ താമസസ്ഥലത്തേക്ക് പോകുന്നതിനിടെ ചമ്മനാട് ഇ. സി. ഇ.കെ യൂനിയൻ സ്കൂളിൻറെ മുന്നിലെ വലിയ കുഴിയിലാണ് ബസ് ചാടിയത്. അലക്സാണ്ടർ വർഗീസ് ഉൾപ്പെടെ ബസിലുള്ള മൂന്നുപേർക്ക് ആ വീഴ്ചയിൽ പരിക്കേറ്റു.
എരമല്ലൂരിലെ സ്വകാര്യ ആശുപത്രിയായ മോഹം ഹോസ്പിറ്റലിൽ യാത്രക്കാരെ പ്രവേശിപ്പിച്ചു. അലക്സാണ്ടർ വർഗീസിന്റെ നട്ടെല്ലിന് പരിക്കേറ്റിട്ടുണ്ടെന്ന് എക്സറേയിൽ വ്യക്തമായി. ഓർത്തോ സ്പെഷ്യലിസ്റ്റ് നാല് മാസത്തെ നടുവിന് ബെൽറ്റിട്ടുള്ള വിശ്രമവും ഒന്നര മാസത്തെ ഫിസിയോതെറാപ്പിയും നിർദേശിച്ചു.
ഇലക്ട്രിക് - പ്ലംബിംഗ് ജോലികൾ ചെയ്തിരുന്ന അലക്സാണ്ടറും കുടുംബവും ഇടക്കൊച്ചിയിൽ വാടകക്കാണ് താമസിക്കുന്നത്. ഭാര്യയും വൃദ്ധരായ സ്വന്തം അമ്മയും ഭാര്യയുടെ അമ്മയും കൂടെയുണ്ട്. അലക്സാണ്ടർ കിടപ്പിലായതോടെ കുടുംബത്തിന്റെ ഏക വരുമാനവും നിന്നു. നട്ടെല്ലിന് ഗുരുതരമായി പരിക്കേൽക്കും വിധം റോഡ് സഞ്ചാരയോഗ്യമല്ലാതാക്കിയ കരാർ നിർമാണ കമ്പനിക്കെതിരെ നിയമ പോരാട്ടത്തിന് ഒരുങ്ങുകയാണ് അലക്സാണ്ടർ വർഗീസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.