ഒമ്പതുകാരനെ പീഡിപ്പിച്ച കേസിൽ അഞ്ചുവർഷം കഠിന തടവും പിഴയും
text_fieldsതിരുവനന്തപുരം: 'അത് ബാഡ് ടച്ചാണ്, അതിനാൽ മാമൻ കുറ്റം ചെയ്തിട്ടുണ്ട്. മാമനെ ശിക്ഷിക്കണം' വിസ്താര വേളയിൽ ഒമ്പതു വയസ്സുകാരൻ കോടതിയിൽ പറഞ്ഞ മൊഴിയാണിത്. 'ഗുഡ് ടച്ചും ബാഡ് ടച്ചും എനിക്ക് തിരിച്ചറിയാം, സ്കൂളിൽ പഠിപ്പിച്ചിട്ടുണ്ട്'- പീഡനമേറ്റ ഒമ്പത് വയസ്സുള്ള ആൺകുട്ടി കോടതിയിൽ പറഞ്ഞു.
അതിന്‍റെ അടിസ്ഥാനത്തിൽ പോക്സോ കേസ് പ്രതിയെ അഞ്ചുവർഷം കഠിന തടവിനും 25000 രൂപ പിഴക്കും തിരുവനന്തപുരം അതിവേഗ സ്പെഷൽ കോടതി ശിക്ഷിച്ചു. മണക്കാട് കാലടി സ്വദേശി വിജയകുമാറിനെ (54) യാണ് ജഡ്ജി ആർ. ജയകൃഷ്ണൻ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറുമാസം അധിക തടവും അനുഭവിക്കണം.
2020 നവംബർ 26നാണ് കേസിനാസ്പദമായ സംഭവം. കുട്ടി തുമ്പയിലുള്ള വീട്ടിലെ വരാന്തയിൽ നിൽക്കുകയായിരുന്നു. വീട്ടുജോലിക്ക് വന്ന പ്രതി കുട്ടിയെ പിടികൂടി ബലമായി സ്വകാര്യ ഭാഗത്ത് പിടിക്കുകയായിരുന്നു. ഈ സമയം വീട്ടിൽ മറ്റാരോ വന്നതിനാൽ പ്രതി പിടിവിട്ടു. പേടിച്ച് വീട്ടിനകത്തേക്ക് കുട്ടി ഓടിപ്പോയി.
മാതാവിനോട് സംഭവം പറയുമ്പോൾ പ്രതി വീടിന്‍റെ പിൻഭാഗത്ത് വന്ന് കുട്ടിയെ വീണ്ടും വിളിച്ചു. മാതാവ് ഈ സംഭവം കുട്ടിയുടെ പിതാവിനോട് പറഞ്ഞ ശേഷം പ്രതി കടന്നുകളഞ്ഞു. വീട്ടുകാർ വിശദമായി ചോദിച്ചപ്പോഴാണ് കുട്ടി വിവരം പറഞ്ഞത്. തുടർന്നാണ് തുമ്പ പൊലീസ് കേസെടുത്തത്.
പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ ഹാജരായി. കുട്ടിക്ക് സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും പ്രതി പിഴ തുക നൽകുകയാണെങ്കിൽ അത് വാദിക്ക് നൽകണമെന്നും കോടതി ഉത്തരവിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.