ചരിത്രത്തിലാദ്യമായി അർധരാത്രി ഹൈകോടതി സിറ്റിങ്; കൊറിയൻ ചരക്കു കപ്പൽ കൊച്ചി തീരം വിടുന്നത് തടഞ്ഞു
text_fieldsകൊച്ചി: ഹൈകോടതിയുടെ ചരിത്രത്തിലാദ്യമായി അർധരാത്രിയിൽ അടിയന്തര സിറ്റിങ് നടത്തിയ സിംഗിൾ ബെഞ്ച് കൊറിയൻ ചരക്കുകപ്പലായ എം.വി ഓഷ്യൻ റോസ് കൊച്ചി തീരം വിടുന്നത് തടഞ്ഞു. കപ്പലിൽ ഇന്ധനം നിറച്ച വകയിൽ രണ്ടരക്കോടി രൂപ (3,26,043 ഡോളർ) ലഭിക്കാനുണ്ടെന്ന് കൊറിയൻ കമ്പനി ഗ്രേസ് യങ് ഇന്റർനാഷനൽ നൽകിയ ഹരജിയിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചാണ് അസാധാരണ ഇടപെടൽ നടത്തിയത്. തിങ്കളാഴ്ച രാത്രി 12.30നാണ് ഹരജി പരിഗണിച്ച് ഇടക്കാല ഉത്തരവ് നൽകിയത്.
കൊച്ചി ഫാക്ടിലേക്ക് സൾഫ്യൂറിക് ആസിഡുമായി തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് കപ്പൽ എത്തിയത്. ചൊവ്വാഴ്ച പുലർച്ചെ മടങ്ങാനായിരുന്നു പദ്ധതി. കപ്പൽ കൊച്ചി തുറമുഖത്തുണ്ടെന്ന് കണ്ടെത്തിയ ഇന്ധന വിതരണ കമ്പനി മാരിടൈം (സമുദ്ര നിയമവുമായി ബന്ധപ്പെട്ട) കേസുകൾ കൈകാര്യം ചെയ്യുന്ന അഡ്വ. വി.ജെ. മാത്യുവിനെ ബന്ധപ്പെട്ടു. മറ്റൊരു രാജ്യത്തെ കമ്പനികൾ തമ്മിലെ തർക്കമാണെങ്കിലും കപ്പൽ എവിടെയാണോ ആ രാജ്യത്തെ കോടതിയിൽ നിയമനടപടി സ്വീകരിക്കാൻ അന്താരാഷ്ട്ര മാരിടൈം നിയമത്തിൽ വ്യവസ്ഥയുണ്ട്. ഇത് കണക്കിലെടുത്താണ് കൊറിയൻ കമ്പനി കേരള ഹൈകോടതിയെ സമീപിച്ചത്.
കപ്പൽ ചൊവ്വാഴ്ച പുലർച്ച മടങ്ങുമെന്നതിനാൽ അടിയന്തര നിയമനടപടി വേണമെന്ന് കമ്പനി ഹൈകോടതിയിൽ ആവശ്യപ്പെട്ടു. കൊറിയയിൽനിന്ന് കേസിന്റെ രേഖകൾ രാത്രിതന്നെ ഹൈകോടതി രജിസ്ട്രിയിൽ ഹാജരാക്കി. ഹൈകോടതി രജിസ്ട്രാർ വിഷയം ചീഫ് ജസ്റ്റിസ് എസ്. മണികുമാറിന്റെ ശ്രദ്ധയിൽപെടുത്തി.
തുടർന്ന് ചീഫ് ജസ്റ്റിസിന്റെ അനുമതിയോടെ കേസ് സ്വീകരിച്ചു. അഡ്മിറാലിറ്റി (നാവിക നിയമങ്ങളുമായി ബന്ധപ്പെട്ട) കേസുകളിൽ വാദം കേൾക്കേണ്ട ചുമതല ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചിനാണ്. കേസ് കേൾക്കാൻ അദ്ദേഹവും തയാറായി. തുടർന്നാണ് അർധരാത്രി തന്നെ ഹരജി പരിഗണിക്കാൻ തീരുമാനിച്ചത്. ഹൈകോടതി ജീവനക്കാരും അഭിഭാഷകരും ജഡ്ജും രാത്രി പന്ത്രണ്ടുമണിയോടെ കേസിനായി ഓൺലൈനിൽ എത്തി. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വീട്ടിലിരുന്ന് വാദം കേട്ടു.
ഹൈകോടതി ജീവനക്കാരും വീടുകളിൽ നിന്ന് കോടതി നടപടികളിൽ പങ്കാളികളായപ്പോൾ അഭിഭാഷകർ ഓഫിസുകളിൽനിന്നാണ് ഓൺലൈൻ കോടതിയിൽ ഹാജരായത്. അരമണിക്കൂറോളം വാദം കേട്ടശേഷമാണ് കപ്പൽ കൊച്ചി തീരം വിടുന്നത് തടഞ്ഞത്. കേസിൽ കൊച്ചിൻ പോർട്ട് ട്രസ്റ്റും കക്ഷിയായിരുന്നു.
ഹരജിയിൽ കക്ഷികളായ ഇരുകമ്പനിയും തർക്കം ഒത്തുതീർത്ത് അക്കാര്യം ഹൈകോടതിയിൽ അറിയിക്കുകയോ തർക്കമുള്ള തുകക്ക് തുല്യമായ സെക്യൂരിറ്റി കെട്ടിവെക്കുകയോ ചെയ്താലേ കപ്പലിന് കൊച്ചി തീരം വിടാൻ കഴിയൂ. കപ്പലുടമ ഹരജിയുമായി സഹകരിക്കാതിരിക്കുകയോ കപ്പൽ ഉപേക്ഷിക്കുകയോ ചെയ്താൽ ഇത് ലേലം ചെയ്ത് തുക ഈടാക്കാം. ഹരജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.