‘കള്ളക്കടൽ’ ഉൾവലിഞ്ഞു: ശക്തമായ തിരമാലക്കും, കടലാക്രമണത്തിനും സാധ്യത
text_fieldsതിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസം ഉൾവലിഞ്ഞെങ്കിലും കേരള, തമിഴ്നാട് തീരങ്ങളിൽ അടുത്ത 48 മണിക്കൂർ ശക്തമായ തിരമാലക്കും കടലാക്രമണത്തിനും സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം. മത്സ്യത്തൊഴിലാളികളും തീരവാസികളും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിങ്കളാഴ്ച തിരുവനന്തപുരം മുതലപ്പൊഴിയിൽനിന്ന് പോയ മത്സ്യബന്ധന ബോട്ടുകളിൽ പലതും അപകടത്തിൽപെട്ടു. രണ്ട് ബോട്ടുകൾ തകർന്നു. പരിക്കേറ്റ അഞ്ചുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം ജില്ലയിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 49 പേരെ ഇവിടെ പാർപ്പിച്ചു.
കടലാക്രമണം മൂലം അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ തദ്ദേശ സ്ഥാപനങ്ങള്‍ നീക്കംചെയ്യാനും വീടുകള്‍ക്കുണ്ടായ നാശനഷ്ടം കണക്കാക്കി തുടര്‍നടപടി സ്വീകരിക്കാനും തദ്ദേശസ്വയംഭരണ വകുപ്പ് ജോയന്റ് ഡയറക്ടര്‍ക്ക് റവന്യൂ വകുപ്പ് നിർദേശം നല്കി.
എല്ലാ ഫ്ലോട്ടിങ് ബ്രിഡ്ജുകളും അഴിച്ചുമാറ്റി
തിരുവനന്തപുരം: കടല്‍ക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ ടൂറിസം വകുപ്പിന്റെ നിർദേശത്തെ തുടര്‍ന്ന് സംസ്ഥാനത്തെ എല്ലാ ഫ്ലോട്ടിങ് ബ്രിഡ്ജുകളും താൽക്കാലികമായി അഴിച്ചുമാറ്റി. മുഴപ്പിലങ്ങാട് ഫ്ലോട്ടിങ് ബ്രിഡ്ജ് തകര്‍ന്നതായി ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ടൂറിസം വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് കടല്‍ക്ഷോഭം രൂക്ഷമായതിനാല്‍ ബീച്ചുകളിലെ ഫ്ലോട്ടിങ് ബ്രിഡ്ജുകള്‍ താൽക്കാലികമായി അഴിച്ചുമാറ്റാന്‍ ഞായറാഴ്ച വൈകിട്ടുതന്നെ ടൂറിസം വകുപ്പ് ജില്ല ടൂറിസം പ്രമോഷന് കൗണ്‍സിലുകള്‍ക്ക് (ഡി.ടി.പി.സി) നിര്‍ദേശം നൽകി. ഞായറാഴ്ച വൈകുന്നേരത്തോടെയും തിങ്കളാഴ്ച രാവിലെയോടെയുമായി അഴിച്ചുമാറ്റി. ‘കള്ളക്കടല്‍’ എന്ന പ്രതിഭാസത്തെതുടര്‍ന്ന് തിരയടിയില്‍ ഫ്ലോട്ടിങ് ബ്രിഡ്ജുകള്‍ക്ക് കേടുപാട് ഉണ്ടാക്കാന്‍ സാധ്യതയുള്ളതിനാലാണ് അഴിച്ചുമാറ്റാന്‍ നിര്‍ദേശം നല്‍കിയത്.
കാസര്‍കോട്ടെ ബേക്കല്‍, കോഴിക്കോട്ടെ ബേപ്പൂര്‍, കണ്ണൂരിലെ മുഴപ്പിലങ്ങാട്, മലപ്പുറത്തെ താനൂര്‍ തൂവല്‍, തൃശൂരിലെ ചാവക്കാട്, എറണാകുളത്തെ കുഴുപ്പിള്ളി എന്നിവിടങ്ങളിലെ ഫ്ലോട്ടിങ് ബ്രിഡ്ജുകളുടെ പ്രവര്‍ത്തനമാണ് നിര്‍ത്തിവെച്ചത്. ബീച്ചുകളിലെ മറ്റ് ടൂറിസം പ്രവര്‍ത്തനങ്ങളും താൽക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.