അന്തർ സംസ്ഥാന തൊഴിലാളിക്ഷാമം: ഹോട്ടൽ മേഖലയിൽ പ്രതിസന്ധി
text_fieldsകോഴിക്കോട്: അന്തർസംസ്ഥാന തൊഴിലാളികൾ നാട്ടിലേക്കുമടങ്ങിയതോടെ നിർമാണേതര മേഖലയിലും പ്രതിസന്ധി. ജില്ലയിലെ ഹോട്ടലുകൾ അടുത്തമാസം തുറക്കാനിരിക്കെ തൊഴിലാളികളെ കണ്ടെത്തേണ്ട സാഹചര്യമാണ്. നഗരങ്ങളിലും നാട്ടിൻപുറങ്ങളിലും ക്ലീനിങ്, വെയിറ്റർ ജോലികളിൽ ഭൂരിഭാഗവും ഇതരസംസ്ഥാന തൊഴിലാളികളെവെച്ചാണ് നടത്തിയിരുന്നത്.
അടുക്കളകളിലും ഇവരുടെ സേവനം സജീവമായിരുന്നു. ചൈനീസ് ഫുഡ്, ബ്രോസ്റ്റ്, റൊട്ടിനിർമാണം ഉൾപ്പെടെ മേഖലയിൽ വൈദഗ്ധ്യമുള്ള തൊഴിലാളികൾ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണേറെയും.
ജില്ലയിൽ 3500ഒാളം ഹോട്ടലുകളാണ് പ്രവർത്തിക്കുന്നത് എന്ന് ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ പ്രസിഡൻറ് സുഹൈൽ പറഞ്ഞു. അസോസിയേഷനിൽ രജിസ്റ്റർ ചെയ്തവരുടെ എണ്ണമാണിത്. ഇവിടെ 60 ശതമാനത്തോളം തൊഴിലാളികൾ ഇതരസംസ്ഥാനത്തുനിന്നുള്ളവരാണ്.
10 ശതമാനം മാത്രമേ നാട്ടിലേക്ക് മടങ്ങാതെ ഇവിടെ കഴിയുന്നുള്ളൂ. ലോക്ഡൗൺ ഇളവിെൻറ ഭാഗമായി ഹോട്ടലുകൾക്ക് പ്രവർത്തിക്കാൻ അനുമതിയുണ്ടെങ്കിലും ജില്ലയിലെ ഹോട്ടലുകൾ പാർസൽ സർവിസ് മാത്രമാണ് നടത്തുന്നത്. നഗരങ്ങളിൽ മാത്രമായിരുന്നു ആദ്യം പാർസൽ കച്ചവടമെങ്കിലും ഇപ്പോൾ നാട്ടിൻപുറങ്ങളിലും ഹോട്ടലുകളിലും പാർസൽ വിൽപനമാത്രമാണ്. പ്രമുഖ ഹോട്ടലുകൾ ഒാൺലൈൻ കച്ചവടവും നന്നായി നടത്തുന്നുണ്ട്.
അതേസമയം, ഹോട്ടലുകൾ സാധാരണപോലെ പ്രവർത്തിക്കാൻ തുടങ്ങിയാൽ തൊഴിലാളികൾക്ക് ക്ഷാമം വരും. നാട്ടിലേക്കുമടങ്ങുന്ന പ്രവാസികളിൽ ഇത്തരം തൊഴിലുകളിൽ പരിചയമുള്ളവർക്ക് ജോലി സാധ്യതയുണ്ട്. ഇൗമേഖലയിൽ ജോലി ചെയ്യുന്നവർക്ക് പ്രതിഫലം കുറവാണ്. കോവിഡാനന്തര കാലത്ത് തൊഴിൽ നഷ്ടപ്പെട്ടവരുടെ എണ്ണം ഏറെയുണ്ട് എന്നതിനാൽ ഇൗ മേഖലയിലേക്ക് തൊഴിലാളികൾ വരുമെന്ന പ്രതീക്ഷയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.