10 വയസ്സുകാരിയെ പണം നൽകി തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ; പെൺകുട്ടി രക്ഷപ്പെട്ടത് തലനാരിഴക്ക്
text_fieldsകായംകുളം: അന്തർ സംസ്ഥാന തൊഴിലാളിയുടെ ക്രൂര പീഡനത്തിരയായി ആലുവയിൽ അഞ്ചുവയസുകാരി കൊല്ലപ്പെട്ടതിന്‍റെ ഞെട്ടൽ മാറുന്നതിന് മുമ്പ് കായംകുളം വള്ളികുന്നത്ത് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. സംഭവത്തിൽ ബിഹാർ സ്വദേശി കുന്ദൻകുമാർ മഹാത്ത (29) പൊലീസ് പിടിയിലായി. അക്രമിയിൽനിന്ന് പത്തുവയസുകാരി തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ചൊവ്വാഴ്ച വൈകുന്നേരം നാല് മണിയോടെ വട്ടക്കാട് ഭാഗത്തായിരുന്നു സംഭവം.
സ്കൂളിൽ നിന്നും പരീക്ഷ കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് കുന്ദൻകുമാർ പെൺകുട്ടിയെ കടന്നുപിടിക്കാൻ ശ്രമിച്ചത്. നൂറ് രൂപ കൈയ്യിലേക്ക് ബലമായി നൽകാൻ ശ്രമിച്ചെങ്കിലും വാങ്ങിയില്ല. കൂടെയുണ്ടായിരുന്ന കുട്ടിയുടെ സാമർഥ്യമാണ് രക്ഷയായത്. വീണ്ടും ഇവരുടെ സമീപത്തേക്ക് ഇയാൾ എത്തിയതോടെ കുടികൾ ഒരുനിമിഷം പാഴാക്കാതെ സമീത്തുള്ള ചാങ്ങയിൽ സ്റ്റോഴ്സിലേക്ക് ഓടിക്കയറി കടയിലുണ്ടായിരുന്ന സുധയോട് വിവരം പറഞ്ഞു. ഇവർ സമീപത്തുണ്ടായിരുന്നവരെയും കൂട്ടി കുന്ദൻകുമാറിനെ തടഞ്ഞുവെച്ചു വള്ളികുന്നം പൊലീസിന് കൈമാറുകയായിരുന്നു.
മേസ്തിരി പണിക്കാരനായ പ്രതി സംഭവം നടന്നതിന് സമീപം തന്നെയാണ് താമസിക്കുന്നത്. സ്കൂൾ വിട്ട് വരുന്ന കുട്ടികളെ സ്ഥിരം നിരീക്ഷിക്കുമായിരുന്നെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. തിങ്കളാഴ്ച വൈകീട്ട് ഒറ്റക്ക് വന്ന കുട്ടിക്ക് ഇയാൾ ജ്യൂസ് വാങ്ങി നൽകി പരിചയം സ്ഥാപിച്ചിരുന്നു. ചൊവ്വാഴ്ച ഇതേസമയം കാത്തുനിൽക്കുമ്പോൾ ലക്ഷ്യമിട്ട കുട്ടിക്ക് ഒപ്പം കൂട്ടുകാരിയും ഉണ്ടായതാണ് രക്ഷയായത്. പണം നൽകാൻ ശ്രമിച്ച ഇയാളോട് കയർത്ത കൂട്ടുകാരിയുടെ ഇടപെടലാണ് രക്ഷതേടി സമീപത്തെ കടയിലേക്ക് പോകാൻ കാരണമായത്.
കസ്റ്റഡിയിലെടുത്ത പ്രതിയെ ആരോഗ്യ പരിശോധനകൾക്ക് ശേഷം കോടതിയിൽ ഹാജരാക്കും. ഇയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് അന്വേഷികുന്നുണ്ട്. ഒന്നര മാസം മുമ്പാണ് ഇയാൾ ഇവിടെ ജോലി തേടി എത്തിയത്. നേരത്തെ എവിടെയായിരുന്നുവെന്നതടക്കമുള്ള വിവരങ്ങൾ പൊലീസ് അന്വേഷിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.