ചുഴലിക്കാറ്റിൽപെട്ട ദേശാടനപക്ഷികളും കടൽപക്ഷികളും കരയിൽ ഭീഷണിയിൽ
text_fieldsകോഴിക്കോട്: ടൗട്ടെ ചുഴലിക്കാറ്റ് മൂലം സഞ്ചാരപഥം തെറ്റി കരയിലെത്തിയ കടൽപക്ഷികളും ദേശാടന പക്ഷികളും ഭീഷണി നേരിടുന്നു. മൺസൂൺ കനക്കുന്ന ജൂൺ -ജൂലൈ മാസങ്ങളിൽ മാത്രം എത്തുന്ന ദേശാടന പക്ഷികളാണ് ടൗട്ടെമൂലം കരയിലെത്തി സുരക്ഷിതമല്ലാത്ത ആവാസവ്യവസ്ഥയിൽ ജീവന് ഭീഷണി നേരിടുന്നത്.
ആഫ്രിക്കയുടെ കിഴക്കൻ തീരങ്ങളിലുള്ള, ഇന്ത്യൻമഹാസമുദ്രത്തിലെ ചില ദ്വീപുകളിൽ നിന്ന് പ്രജനനത്തിനായി അപൂർവമായി കരയിൽ എത്തുന്നതും ദേശാന്തരഗമനം നടത്തുന്ന ദേശാടനപക്ഷികളുമാണ് ടൗട്ടെമൂലം കരയിലെത്തിയിരിക്കുന്നതെന്നാണ് കേരള അഗ്രികൾചറൽ യൂനിവേഴ്സിറ്റിയിലെ കോളജ് ഓഫ് ൈക്ലമറ്റ് ആൻഡ് എൻവയൺെമൻറ് സയൻസ് മേധാവി പ്രഫ. പി.ഒ. നമീർ പറയുന്നത്.
ലക്ഷദ്വീപുകളിൽ പ്രജനനം ചെയ്യപ്പെടുന്ന പക്ഷികളായ സൂത്തി ടേൺ , നോഡി, ബൂബി, ഫ്രിഗറ്റ് ബേർഡ് , ട്രോപ്പിക് ബേർഡ് തുടങ്ങിയവയും കടൽപക്ഷികളും മേഘങ്ങൾക്കിടയിലും കാറ്റിലും പെട്ട് ക്ഷീണിതരായി കരയിൽ എത്തിയിരിക്കുകയാണ്.
സാധാരണഗതിയിൽ കരകാണാത്ത കടൽപക്ഷികളെ ധാരാളമായാണ് കണ്ണൂർ, ആലപ്പുഴ, കോഴിക്കോട്, കൊച്ചി, തൃശൂർ ജില്ലകളിൽ ടൗട്ടെമൂലം കണ്ടുവരുന്നെന്നാണ് പക്ഷിനിരീക്ഷകർ പറയുന്നത്. ഏകദേശം 26,000 കി.മീ സഞ്ചരിക്കുന്ന അമൂർ ഫാൽക്കണെയും കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തിെൻറ വിവിധ പ്രദേശങ്ങളിൽ കണ്ടതായി ഇവർപറയുന്നു.
അരുണാചൽ പ്രദേശിൽനിന്ന് മധ്യപ്രദേശ്, മഹാരാഷ്ട്ര, കർണാടക, കേരളം വഴി അറബിക്കടൽ കുറുകെ കടന്ന് സോമാലിയൻ ട്രോപിക് ഏരിയയിൽ പോകുകയാണ് ഇവ ചെയ്യാറ്. ജനുവരിയാവുമ്പോൾ ദക്ഷിണാഫ്രിക്കയിലെത്തും. പിന്നെ മാർച്ച് ആവുമ്പോഴേക്കും സോമാലിയയിൽ എത്തും. ഏപ്രിൽ, മേയ് ആവുേമ്പാഴേക്കും അറബിക്കടൽ മുറിച്ചുകടന്ന് തിരിച്ചുപോവുകയാണ് ചെയ്യാറെന്ന് പ്രശസ്ത പക്ഷിനിരീക്ഷകനും മലബാർ നാച്വറൽ ഹിസ്റ്ററി സൊസൈറ്റി പ്രസിഡൻറുമായ സത്യൻ മേപ്പയ്യൂർ പറയുന്നു.
ശക്തമായ കാറ്റിൽ വഴി മാറി ഏറെ അമൂർ ഫാൽക്കണുകളാണ് കരയിലുള്ളത്. അപൂർവമായി ലക്ഷദ്വീപിൽ പ്രജനനം ചെയ്യുന്ന റെഡ് ഫൂട്ടഡ് ബൂബികളും കരകളിലുണ്ട്. പരിക്കേറ്റവയെ ശുശ്രൂഷിച്ച് പറത്തി വിടാനുള്ള ശ്രമം നടക്കുകയാണ്. കടൽശാന്തമായാൽ ദേശാടനപക്ഷികളും കടൽപക്ഷികളും അവയുടെ യാത്ര തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.