ക്ലാസ് മുറിയില്‍ മിലന് പാടി; ലോകം കൗതുകത്തോടെ കേട്ടു
text_fieldsകൊടകര (തൃശൂർ): ''ആരാ പാട്ടുപാടുക'' എന്ന് പ്രവീണ്‍ മാഷ് ക്ലാസില്‍ ചോദിച്ചപ്പോള്‍ തെല്ലു മടിച്ചാണെങ്കിലും മിലന് സഹപാഠികള്‍ക്കുമുന്നില്‍ പാടി. ക്ലാസ് മുറിക്കുള്ളില്‍ മാത്രം മുഴങ്ങിയ ആ ഈണം ഇപ്പോള്‍ ലോകം മുഴുക്കെ മലയാളികളുള്ള ഇടങ്ങളിലൊക്കെ ഒഴുകിപ്പരക്കുകയാണ്. 'വെള്ളം' ചിത്രത്തിനുവേണ്ടി ഷഹബാസ് അമന് പാടിയ 'ആകാശമായവളേ' ഗാനമാണ് 13കാരന് ക്ലാസില്‍ പാടിയത്. അധ്യാപകനും ഗാനരചയിതാവും സംഗീത ആല്‍ബങ്ങളുടെ സംവിധായകനുമായ പ്രവീണ്‍ എം. കുമാറാണ് പാട്ട് സമൂഹ മാധ്യമങ്ങളിലൂടെ പുറംലോകത്തെ അറിയിച്ചത്. മറ്റത്തൂര്‍ ശ്രീകൃഷ്ണ ഹൈസ്കൂളിലെ എട്ടാം ക്ലാസില്‍ സാമൂഹികപാഠം പീരിയഡിന്റെ അവസാന മിനിറ്റുകളിലാണ് കുട്ടികളുടെ വിരസത അകറ്റാന്‍ പാട്ടുപാടാൻ അധ്യാപകന് ആവശ്യപ്പെട്ടത്. മിലന് പാടിയപ്പോള്‍ സഹപാഠികളുടെയും അധ്യാപകന്റെയും കണ്ണുനിറഞ്ഞു. ഇത്ര മനോഹരമായി പാടുമെന്ന് കൂട്ടുകാര്പോലും അറിയുന്നത് അപ്പോഴായിരുന്നു.
സമൂഹ മാധ്യമത്തിലൂടെ പാട്ട് കേട്ട ഗായകന് ഷഹബാസ് അമനും സംഗീത സംവിധായകന് ബിജിബാലും അടക്കമുള്ള പ്രമുഖര്‍ മിലനെ അഭിനന്ദിച്ചു. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പാട്ട് ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചത് നിരവധി പേരാണ് കേട്ടത്. ചിത്രകാരനും പെയിന്റിങ് തൊഴിലാളിയുമായ കടമ്പോട് ആളൂരുത്താന്‍ സുകുമാരന്റെയും കുടുംബശ്രീ പ്രവര്‍ത്തക പ്രസന്നയുടെയും മകനാണ്. കടമ്പോട് ആനന്ദകലാസമിതി വായനശാലയിലെ ബാലവേദി അംഗമായ മിലന് നല്ലൊരു പാട്ടുകാരനാകണമെന്നാണ് ആഗ്രഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.