ചോറിൽ കല്ലിട്ട് ഭക്ഷ്യവകുപ്പ്: അരി ഗുണനിലവാരത്തിൽ മില്ലുകാർക്ക് ഉത്തരവാദിത്തമില്ല
text_fieldsതിരുവനന്തപുരം: പൊതുജനാരോഗ്യത്തെ വെല്ലുവിളിച്ച് സ്വകാര്യ മില്ലുകൾക്കും ജനപ്രിയ അരി ബ്രാൻഡുകൾക്കും കോടികൾ വെട്ടിക്കാൻ അവസരമൊരുക്കി ഭക്ഷ്യവകുപ്പ്. ഇനി അരിയുടെ ഗുണനിലവാരത്തിൽ മില്ലുകാർക്ക് ഉത്തരവാദിത്തമുണ്ടാകില്ല. ഗുണനിലവാരത്തിന് നിലവിലുണ്ടായിരുന്ന മൂന്ന് മാസത്തെ ഗാരൻറി പിരീഡ് ഒഴിവാക്കാൻ ഭക്ഷ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ആഗസ്റ്റ് 27നാണ് മില്ലുടമകളുമായുള്ള ചർച്ചയിലാണ് വൻ പ്രത്യാഘാതങ്ങൾക്ക് വഴിവെച്ചേക്കാവുന്ന തീരുമാനമുണ്ടായത്. കർഷകരിൽനിന്ന് സംഭരിക്കുന്ന ഗുണമേന്മയേറിയ നെല്ല് മറിച്ചുവിൽക്കാനും പകരം വ്യാജ അരി വിപണിയിലിറക്കാനും മില്ലുകൾക്ക് അവസരം ലഭിക്കും.
നെല്ല് സംഭരണത്തിന് 54 സ്വകാര്യ മില്ലുകൾക്കാണ് സംസ്ഥാന സർക്കാറുമായി കരാറുള്ളത്. 100 കിലോ നെല്ല് നൽകുമ്പോൾ 64.5 കിലോ അരി മില്ലുടമകൾ സപ്ലൈകോക്ക് തിരികെ നൽകണം. ഒരു ക്വിൻറലിന് 214 രൂപ മില്ലുടമകൾക്ക് നൽകും. എന്നാൽ, കർഷകരിൽനിന്ന് സംഭരിക്കുന്ന ഗുണമേന്മയുള്ള ജ്യോതി, ജയ, ഉമ എന്നീ മുന്തിയ ഇനം നെല്ല് മില്ലുകാർ അരിയാക്കി സ്വകാര്യ മൊത്തക്കച്ചവടക്കാർക്ക് മറിച്ചുവിൽക്കുകയാണ് പതിവ്. പകരം തമിഴ്നാട്, ആന്ധ്ര, മൈസൂരു എന്നിവിടങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്ന വിലകുറഞ്ഞ വെള്ളയരിയിലും എഫ്.സി.ഐയിൽനിന്ന് ടെൻഡർ അടിസ്ഥാനത്തിൽ വിലകുറച്ച് വാങ്ങുന്ന അരിയിലും തവിടും തവിടെണ്ണയും ചേർത്ത് യന്ത്രസഹായത്തോടെ പോളിഷ് ചെയ്ത് നിറം മാറ്റും.
മാരകവിഷമുള്ള റെഡ് ഓക്സൈഡ് അടക്കം കലർത്തിയ ഇത്തരം അരിച്ചാക്കുകൾ മുമ്പ് റേഷൻ കടകളിൽ വ്യാപകമായി എത്തിയിരുന്നു. ഈ അരി നന്നായി കഴുകിയാൽ വെള്ളയരിയാകും. പാലക്കാടൻ മട്ടയെന്ന പേരിൽ എത്തുന്ന ഇത്തരം അരി വ്യാജമാണെന്ന് രണ്ടുവർഷം മുമ്പ് വിജിലൻസും ഭക്ഷ്യസുരക്ഷ കമീഷനും കണ്ടെത്തിയിരുന്നു.അരിയുടെ ഗുണനിലവാര കരാറിൽനിന്ന് മില്ലുകളെ ഒഴിവാക്കുന്നതോടെ ഇനി റേഷൻ കടകളിലെത്തുന്ന മോശം അരിക്കുള്ള പഴി സപ്ലൈകോ ഉദ്യോഗസ്ഥർക്കും റേഷൻ വ്യാപാരികൾക്കും മാത്രമാകും.
റിപ്പോർട്ടുകൾ വകവെച്ചില്ല
സ്വകാര്യ മില്ലുകളിൽനിന്ന് റേഷൻ കടകളിലെത്തിയ അരിച്ചാക്കുകളിൽ മായം കലർന്നതായി 2020ൽ സംസ്ഥാന ഭക്ഷ്യകമീഷൻ കണ്ടെത്തിയിരുന്നു. കമീഷൻ അംഗം ബി. രാജേന്ദ്രെൻറ നേതൃത്വത്തിൽ എറണാകുളത്തെ ഏഴ് സ്വകാര്യമില്ലുകളിൽ നടത്തിയ പരിശോധനയിലാണ് നിറം ചേർത്ത അരിച്ചാക്കുകൾ പിടിച്ചെടുത്തത്. അരി കഴുകിയപ്പോൾ നിറം മാറിയതോടെ സാമ്പിൾ ശേഖരിച്ച് ലാബിലേക്ക് അയക്കാൻ സപ്ലൈകോക്ക് നിർദേശം നൽകിയെങ്കിലും തുടർ നടപടി ഉണ്ടായില്ല.
മോശം ചുറ്റുപാടിലാണ് മില്ലുകളിൽ ചാക്കുകൾ സൂക്ഷിച്ചിരുന്നത്. അരിച്ചാക്കുകളിൽ പക്ഷിമൃഗാദികളുെട വിസർജ്യവും കണ്ടെത്തി. മലിനജലത്തിലാണ് നെല്ല് കുതിർത്തിരുന്നത്. ഈ വെള്ളം പരിശോധനക്ക് അയക്കാൻ നിർദേശിച്ചെങ്കിലും നടപ്പായില്ല. നെല്ല് കുത്തിയ അരി പുതിയ ചാക്കിൽ സൂക്ഷിക്കണമെന്നാണ് കരാർ. എന്നാൽ, പല മില്ലുടമകളും പഴയ ചാക്കുകളിലാണ് നിറക്കുന്നത്. ഇത് ചാക്കുപൊട്ടി അരി പുറത്തുവരുന്നതിനും നനവ് അടിച്ച് ചെള്ള് കേറുന്നതിനും ഇടയാക്കിയതായി ബി. രാജേന്ദ്രൻ ഭക്ഷ്യവകുപ്പിന് നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. നാലുവർഷത്തിനിടെ മില്ലുകളിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ കോടികളുടെ ക്രമക്കേടാണ് കണ്ടെത്തിയത്. 2017ൽ കണ്ണൂർ കാഞ്ഞൂരിലെ മില്ലിൽനിന്ന് 2500 കിലോ വ്യാജ മട്ട അരിയാണ് വിജിലൻസ് പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.