അരിയുടെ ഗുണനിലവാരത്തിൽ മില്ലുകളുടെ ഉത്തരവാദിത്തം; 'മാധ്യമം' വാർത്തയെ തുടർന്ന് ഉത്തരവ് പിൻവലിച്ച് ഭക്ഷ്യമന്ത്രി
text_fieldsതിരുവനന്തപുരം: അരിയുടെ ഗുണനിലവാരത്തിൽ മില്ലുകൾക്ക് ഉത്തരവാദിത്തമില്ലെന്ന ഉത്തരവ് റദ്ദാക്കാൻ സർക്കാർ തീരുമാനിച്ചു. 'മാധ്യമം' വാർത്തയെ തുടർന്നാണ് നടപടി. ഡിസംബർ 15ന് സപ്ലൈകോ ഇറക്കിയ ഉത്തരവ് റദ്ദാക്കാൻ നിർദേശം നൽകിയതായി ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ മാധ്യമങ്ങളോട് പറഞ്ഞു. കർഷകരിൽനിന്ന് സംഭരിച്ച് നൽകുന്ന നെല്ലിന് പകരം മില്ലുകൾ നൽകുന്ന അരിയുടെ ഗുണനിലവാരം സംബന്ധിച്ച് മില്ലുകാർക്കുണ്ടായിരുന്ന മൂന്നുമാസത്തെ ഗ്യാരൻറി പിരീഡാണ് ആഗസ്റ്റ് 27ന് ഭക്ഷ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം ഒഴിവാക്കിയത്. കഴിഞ്ഞ 15ന് ഇത് ഉത്തരവായി സപ്ലൈകോ ജീവനക്കാർക്ക് നൽകുകയും ചെയ്തു.
അരിയുടെ ഗുണനിലവാര പരിശോധനയിൽനിന്ന് മില്ലുകളെ ഒഴിവാക്കുന്നതോടെ കർഷകരിൽനിന്ന് സംഭരിക്കുന്ന ഗുണമേന്മയേറിയ നെല്ല് മറിച്ചുവിൽക്കാനും പകരം മാരക വിഷപദാർഥങ്ങൾ ചേർത്ത വ്യാജ അരി വിപണിയിലിറക്കാനും മില്ലുകൾക്ക് അവസരം ലഭിക്കുമായിരുന്നു. കർഷകരിൽനിന്ന് സംഭരിക്കുന്ന ഗുണമേന്മയുള്ള ജ്യോതി, ജയ, ഉമ എന്നീ മുന്തിയ ഇനം നെല്ല് മില്ലുകാർ അരിയാക്കി സംസ്ഥാനത്തെ സ്വകാര്യ കമ്പനികൾക്ക് മറിച്ചുവിൽക്കുകയാണ് പതിവ്. പകരം വിലകുറഞ്ഞ വെള്ളയരി നിറം മാറ്റി റേഷൻ കടകളിൽ പാലക്കാടൻ മട്ടയെന്ന പേരിൽ എത്തിക്കും.
ഇതുസംബന്ധിച്ച് വിശദാംശങ്ങൾ മാധ്യമം ശനിയാഴ്ച പുറത്തുവിട്ടതോടെ ഉത്തരവ് പിൻവലിക്കാൻ വകുപ്പ് നിർബന്ധിതമാകുകയായിരുന്നു.
പൊതുജനാരോഗ്യത്തെ വെല്ലുവിളിച്ച് സ്വകാര്യ മില്ലുകൾക്കും ജനപ്രിയ അരി ബ്രാൻഡുകൾക്കും കോടികൾ വെട്ടിക്കാൻ ഭക്ഷ്യവകുപ്പ് അവസരമൊരുക്കുന്നു എന്നായിരുന്നു വാർത്ത. ഇനി അരിയുടെ ഗുണനിലവാരത്തിൽ മില്ലുകാർക്ക് ഉത്തരവാദിത്തമുണ്ടാകില്ല. ഗുണനിലവാരത്തിന് നിലവിലുണ്ടായിരുന്ന മൂന്ന് മാസത്തെ ഗാരൻറി പിരീഡ് ഒഴിവാക്കാൻ ഭക്ഷ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം നേരത്തേ തീരുമാനിച്ചിരുന്നു.
ആഗസ്റ്റ് 27ന് മില്ലുടമകളുമായുള്ള ചർച്ചയിലാണ് വൻ പ്രത്യാഘാതങ്ങൾക്ക് വഴിവെച്ചേക്കാവുന്ന തീരുമാനമുണ്ടായത്. കർഷകരിൽനിന്ന് സംഭരിക്കുന്ന ഗുണമേന്മയേറിയ നെല്ല് മറിച്ചുവിൽക്കാനും പകരം വ്യാജ അരി വിപണിയിലിറക്കാനും മില്ലുകൾക്ക് ഇതിലൂടെ അവസരം ലഭിക്കുമായിരുന്നു. നെല്ല് സംഭരണത്തിന് 54 സ്വകാര്യ മില്ലുകൾക്കാണ് സംസ്ഥാന സർക്കാറുമായി കരാറുള്ളത്. 100 കിലോ നെല്ല് നൽകുമ്പോൾ 64.5 കിലോ അരി മില്ലുടമകൾ സപ്ലൈകോക്ക് തിരികെ നൽകണം. ഒരു ക്വിൻറലിന് 214 രൂപ മില്ലുടമകൾക്ക് നൽകും.
എന്നാൽ, കർഷകരിൽനിന്ന് സംഭരിക്കുന്ന ഗുണമേന്മയുള്ള ജ്യോതി, ജയ, ഉമ എന്നീ മുന്തിയ ഇനം നെല്ല് മില്ലുകാർ അരിയാക്കി സ്വകാര്യ മൊത്തക്കച്ചവടക്കാർക്ക് മറിച്ചുവിൽക്കുകയാണ് പതിവ്. പകരം തമിഴ്നാട്, ആന്ധ്ര, മൈസൂരു എന്നിവിടങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്ന വിലകുറഞ്ഞ വെള്ളയരിയിലും എഫ്.സി.ഐയിൽനിന്ന് ടെൻഡർ അടിസ്ഥാനത്തിൽ വിലകുറച്ച് വാങ്ങുന്ന അരിയിലും തവിടും തവിടെണ്ണയും ചേർത്ത് യന്ത്രസഹായത്തോടെ പോളിഷ് ചെയ്ത് നിറം മാറ്റും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.