ജോലി വാഗ്ദാനവുമായി വരുന്നവരെ കരുതിയിരിക്കണമെന്ന് മിൽമ മലബാർ മേഖലാ യൂണിയൻ
text_fieldsകോഴിക്കോട്: മിൽമയിൽ ജോലി തരപ്പെടുത്തിത്തരാമെന്ന വ്യാജേന സാമൂഹ്യ വിരുദ്ധർ പലതരം തട്ടിപ്പുകൾ ചെയ്യുന്നത് ശ്രദ്ധയിൽ പ്പെട്ടിട്ടുണ്ടെന്നും അത്തരക്കാരുടെ ഇടപെടലിൽ വഞ്ചിതരാകരുതെന്നും മിൽമ മിൽമ മലബാർ മേഖലാ യൂണിയൻ അറിയിച്ചു. നിയമാനുസൃതമായ നടപടികൾ പൂർത്തിയാക്കി മാത്രമേ മലബാർ മേഖലാ യൂണിയൻ നിയമന കാര്യത്തിൽ സ്വീകരിക്കുകയുളളുവെന്നും, ഇത്തരം സാമൂഹിക വിരുദ്ധരുടെ എന്തെങ്കിലും വിധത്തിലുളള സന്ദേശം ലഭിച്ചാൽ ഉടനടി അറിയിക്കണമെന്നും മലബാർ മേഖലാ യൂണിയൻ മനേജിംഗ് ഡയറക്ടർ കെ.എം. വിജയകുമാൻ വ്യക്തമാക്കി.
മലബാർ മേഖലാ യൂണിയന് കീഴിലുളള പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, മലപ്പുറം, വയനാട് ജില്ലകളിൽ സ്ഥിതി ചെയ്യുന്ന ഡെയറി പ്ലാൻറുകളിലേക്കും, അനുബന്ധ സ്ഥാപനങ്ങളിലേക്കും സ്ഥിര നിയമനങ്ങൾ നടത്തുന്നത് മൃഗസംരക്ഷണ -ക്ഷീരവികസന വകുപ്പ് സെക്രട്ടറി ചെയർമാനായും കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ മാനേജിംഗ് ഡയറക്ടർ കൺവീനറുമായുളള കമ്മറ്റിയാണ്.
ഉദ്യോഗാർത്ഥികൾക്കുളള എഴുത്ത് പരീക്ഷയും കൂടിക്കാഴ്ച്ചയും മറ്റും നടത്തി റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിന് ഈ കമ്മിറ്റിയെയാണ് മലബാർ മേഖലാ യൂണിയൻ ചുമതലപ്പെടുത്തിയിട്ടുളളത്. മലബാർ മേഖലാ യൂണിയൻ നേരിട്ട് ഒരു തസ്തികയിലേക്കും സ്ഥിര നിയമനത്തിനായി നടപടി ക്രമങ്ങൾ നടത്തുന്നില്ലെന്നും, എന്നാൽ മിൽമയിൽ ജോലി തരപ്പെടുത്തിത്തരാമെന്ന് പറഞ്ഞ് പലതരം തട്ടിപ്പുകൾ നടക്കുന്നതായി ശ്രദ്ധയിൽ പ്പെട്ടിട്ടുണ്ടെന്നും മലബാർ മേഖലാ യൂണിയൻ മനേജിംഗ് ഡയറക്ടർ കെ.എം. വിജയകുമാൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.