മിൽമ എം.ഡിക്ക് ക്ഷീര വികസന വകുപ്പ് ഡയറക്ടറുടെ അധിക ചുമതല
text_fieldsകൊച്ചി: ക്ഷീര വികസന വകുപ്പ് ഡയറക്ടറായി മിൽമ എം.ഡിയെ നിയമിച്ച സർക്കാർ തീരുമാനത്തിൽ പ്രതിഷേധവുമായി ഇടത് യൂനിയനുകൾ. ക്ഷീര വികസന വകുപ്പിന് കീഴിലുള്ള മിൽമയുടെ എം.ഡിയെ വകുപ്പ് ഡയറക്ടറുടെ അധിക ചുമതല നൽകി നിയമിച്ച തീരുമാനത്തിനെതിരെയാണ് യൂനിയനുകളുടെ പ്രതിഷേധം. തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം, സി.പി.ഐ യൂനിയനുകൾ മുഖ്യമന്ത്രിക്ക് കത്ത് നൽകി. സി.പി.എം നിയന്ത്രണത്തിലുള്ള കേരള കോഓപറേറ്റിവ് എംപ്ലോയീസ് യൂനിയൻ (സി.ഐ.ടി.യു), സി.പി.ഐ നിയന്ത്രണത്തിലുള്ള കേരള ഗസറ്റഡ് ഓഫിസേഴ്സ് ഫെഡറേഷൻ എന്നീ സംഘടനകളാണ് തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകിയത്. മിൽമ എം.ഡിയെ നിയമിക്കുന്നത് മിൽമ ഭരണ സമിതിയാണ്. മിൽമയുടെ ഭരണകാര്യങ്ങളും ജീവനക്കാരുടെ നിയമന, ശമ്പളം, ആനുകൂല്യങ്ങൾ തുടങ്ങിയ കാര്യങ്ങളുടെ മേൽ നോട്ടവുമെല്ലാം ക്ഷീര സഹകരണ സംഘങ്ങളുടെ രജിസ്ട്രാർ കൂടിയായ ക്ഷീര വികസന വകുപ്പ് ഡയറക്ടർക്കാണ്. കൂടാതെ മിൽമയിൽനിന്ന് എം.ഡി അയക്കുന്ന അപേക്ഷകളും തീരുമാനങ്ങളും പരിശോധിച്ച് അന്തിമ തീരുമാനം എടുക്കേണ്ട ചുമതലയും ഇദ്ദേഹത്തിൽ നിക്ഷിപ്തമാണ്.
ഇതോടൊപ്പം മിൽമ അടക്കമുള്ള സ്ഥാപനങ്ങൾ ഇതര സംസ്ഥാനങ്ങളിൽനിന്ന് സംസ്ഥാനത്തേക്ക് എത്തിക്കുന്ന പാലിന്റെ ഗുണനിലവാരം പരിശോധിക്കുന്ന മിൽക് ടെസ്റ്റിങ് ചെക്ക് പോസ്റ്റുകളുടെ അടക്കം ഉത്തരവാദിത്തവും ക്ഷീരവികസന വകുപ്പ് ഡയറക്ടർക്കാണ്. ഒരാൾ തന്നെ രണ്ട് ചുമതലയും വഹിക്കുന്നത് ഇത്തരം പരിശോധനകളിലടക്കം സുതാര്യതയും വിശ്വാസ്യതയും നഷ്ടപ്പെടുത്തുമെന്ന ആക്ഷേപമാണ് പ്രധാനമായും ഉയരുന്നത്.
ഇതോടൊപ്പം മിൽമയുടെ താൽപര്യങ്ങൾക്ക് അനുസരിച്ച് വകുപ്പിന്റെ പ്രവർത്തനങ്ങളിലും തീരുമാനങ്ങളിലും ഇടപടൽ നടത്തുമെന്ന ആക്ഷേപവും ഒരു വിഭാഗം ജീവനക്കാർ ഉയർത്തുന്നുണ്ട്. പരമ്പരാഗത ക്ഷീര സംഘങ്ങൾക്ക് ദോഷകരമാകുന്ന തീരുമാനങ്ങളും ഇക്കൂട്ടത്തിൽ ഉണ്ടാകുമെന്നും ജീവനക്കാർ ചൂണ്ടിക്കാണിക്കുന്നുണ്ട്. സർക്കാർ തീരുമാനം ക്ഷീരവികസന വകുപ്പ് ജീവനക്കാർക്കിടയിൽ വ്യാപക എതിർപ്പിന് വഴിവെച്ചിട്ടുണ്ട്. അവർ യൂനിയൻ അടിസ്ഥാനത്തിൽ പ്രതിഷേധവും ആരംഭിച്ചു. ഇതിന് പിന്നാലെയാണ് തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഭരണ മുന്നണിയിലെ പ്രധാന കക്ഷികളുടെ യൂനിയനുകൾ തന്നെ സർക്കാറിന് കത്ത് നൽകിയത്. കഴിഞ്ഞ 12നാണ് മിൽമ ഡയറക്ടറായ ആസിഫ് കെ. യൂസഫിന് ക്ഷീര വികസന വകുപ്പ് ഡയറക്ടറുടെ അധിക ചുമതലകൂടി നൽകി സർക്കാർ ഉത്തരവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.