ലിറ്ററിന് ആറു രൂപ കൂട്ടി മിൽമ; ഡിസംബർ ഒന്നുമുതൽ പ്രാബല്യത്തിൽ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് പാൽ വില ലിറ്ററിന് ആറ് രൂപ മിൽമ വർധിപ്പിച്ചു. ഡിസംബർ ഒന്നിന് പുതിയ വില നിലവിൽവരും. തൈര് അടക്കം പാൽ ഉൽപന്നങ്ങൾക്കും വില വർധിക്കും. വർധിക്കുന്ന വിലയിൽ 83.75 ശതമാനവും (5.02 രൂപ) കർഷകർക്കുതന്നെ നൽകുമെന്ന് മിൽമ ചെയർമാൻ കെ.എസ്. മണി അറിയിച്ചു.
ലിറ്ററിന് 8.57 രൂപ വർധിപ്പിക്കണമെന്ന് മിൽമ നിയോഗിച്ച സമിതി ശിപാർശ നൽകിയിരുന്നു. എന്നാൽ, ആറ് രൂപയുടെ വർധനയാണ് സർക്കാർ അംഗീകരിച്ചത്. ജനങ്ങൾക്ക് കൂടുതൽ സാമ്പത്തികഭാരം സൃഷ്ടിക്കുമെങ്കിലും കാലിത്തീറ്റ വില വർധന അടക്കം ഉൽപാദന ചെലവിൽ വന്ന വർധനയിൽ പ്രതിസന്ധിയിലായ ക്ഷീര കർഷകർക്ക് ഇത് നേരിയ ആശ്വാസം നൽകും. രണ്ട് ദിവസത്തിനകം തീരുമാനമെന്നാണ് ബുധനാഴ്ച രാവിലെ മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞതെങ്കിലും പിന്നീട് ചേർന്ന മന്ത്രിസഭായോഗം ആറ് രൂപ വർധിപ്പിക്കാൻ അനുമതി നൽകി. മിൽമ ഡയറക്ടർ ബോർഡ് വർധന അംഗീകരിക്കുകയും ഡിസംബർ ഒന്നുമുതൽ പ്രാബല്യത്തിലാക്കാനും തീരുമാനിച്ചു.
വർധിപ്പിക്കുന്ന വിലയിൽ വിതരണക്കാർക്കും സംഘങ്ങൾക്കും 5.75 ശതമാനം വീതം ലഭിക്കും. യൂനിയനുകൾക്ക് 3.50 ശതമാനവും ക്ഷേമ നിധി വിഹിതത്തിലേക്ക് 0.75 ശതമാനവും പ്ലാസ്റ്റിക് മാലിന്യ സംസ്കരണത്തിനായി 0.5 ശതമാനവും മാറ്റിവെക്കും. പുതിയ നിരക്ക് പ്രാബല്യത്തിൽ വരുന്നത് ഡിസംബർ ഒന്നിലേക്ക് മാറ്റിയത് ബിൽ ചെയ്യുന്ന സൗകര്യാർഥമാണെന്ന് അധികൃതർ അറിയിച്ചു.
ഉപഭോക്താക്കളുടെ താൽപര്യം കൂടി പരിഗണിച്ചാണ് വർധന ആറ് രൂപയിൽ പരിമിതപ്പെടുത്തുന്നതെന്നാണ് മിൽമയുടെ അവകാശവാദം. ഭീമമായ നഷ്ടം വന്ന സാഹചര്യത്തിൽ കാലിത്തീറ്റക്ക് 12 ശതമാനം വില വർധിപ്പിച്ചിരുന്നു. പാൽ ലഭ്യതയിൽ 12 ശതമാനത്തിന്‍റെ കുറവും വന്നു. ഉപയോഗത്തിൽ 12ശതമാനം വർധനയും. ആകെ 24 ശതമാനത്തിന്‍റെ കുറവാണ് വന്നത്. നിലവിലെ വിലയിലാണ് ലിറ്ററിന് ആറ് രൂപ വർധിക്കുക. അരലിറ്റർ വീതമുള്ള ടോൺഡ് മിൽക്കിന് നിലവിൽ 23 രൂപയും സ്മാർട്ടിന് 22 രൂപയും റിച്ചിന് 26 രൂപയുമാണ് വില. ഇവക്ക് മൂന്നു രൂപ വീതം കൂടും. ഇതിന് മുമ്പ് 2019ലാണ് നിരക്ക് വർധിപ്പിച്ചത്. അന്ന് ലിറ്ററിന് നാലുരൂപ കൂട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.