മിൽമ പ്രഭ, വി.എസിന്റെ കടുത്ത ആരാധകൻ
text_fieldsപാലക്കാട്: 15-ാം വയസ്സിലാണ് പ്രഭാകരൻ സി.പി.എം ജില്ല കമ്മിറ്റി ഓഫിസിനടുത്തുള്ള മിൽമയുടെ ചായക്കടയിൽ തൊഴിലാളിയായി എത്തുന്നത്. അന്നുമുതൽ തുടങ്ങിയതാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പകരം വെക്കാനില്ലാത്ത നേതാവ് വി.എസ്. അച്യുതാനന്ദനോടുള്ള അടങ്ങാത്ത ആരാധന. അത് പറയുമ്പോൾ 51-ാം വയസിലും പ്രഭാകരന്റെ ശബ്ദത്തിൽ ആവേശം നിറയും.
വി.എസിന് 101 വയസ് തികഞ്ഞ ഞായറാഴ്ച അദ്ദേഹത്തിന് ആശംസകളർപ്പിച്ച് ‘കണ്ണേ കരളേ വി.എസേ’ എന്നെഴുതിയ ഫ്ലക്സും അദ്ദേഹം മുന്നിലെ സ്കൂളിന് സമീപം സ്ഥാപിച്ചു. ചായ കുടിക്കാൻ വന്നവർക്കെല്ലാം മിഠായി വിതരണവും ചെയ്തു. എല്ലാ വർഷവും ഈ ചെറിയ ആഘോഷം പ്രഭാകരന് പതിവാണ്. സാധാരണ ബൂത്തിന് മുന്നിലെ സ്കൂൾ കുട്ടികൾക്കാണ് മിഠായി നൽകാറുള്ളത്.
ഞായറാഴ്ച അവധിയായതിനാലാണ് ചായ കുടിക്കാൻ വന്നവർക്ക് മധുരം നൽകിയത്. ചെറുപ്പം മുതൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ ഒട്ടേറെ നേതാക്കളെ പ്രഭാകരൻ കണ്ടിട്ടുണ്ട്. ജില്ല കമ്മിറ്റി ഓഫിസിലെത്തുന്നവർക്കെല്ലാം പ്രഭാകരനാണ് ചായ കൊണ്ടു കൊടുക്കാറുള്ളത്. പാർട്ടി സംസ്ഥാന സെക്രട്ടറിയായിരിക്കുന്ന കാലത്തും പ്രതിപക്ഷനേതാവ് ആയിരിക്കുമ്പോഴുമെല്ലാം വി.എസ്. നിരവധി തവണ പാലക്കാട്ടും ജില്ല കമ്മിറ്റി ഓഫിസിലും എത്തിയിട്ടുണ്ട്. കാണുമ്പോൾ കൈവീശി കാണിക്കുമായിരുന്നെന്നും അദ്ദേഹത്തിനോട് അധികം സംസാരിക്കാനായിട്ടില്ലെന്നും പ്രഭാകരൻ പറഞ്ഞു.
നായനാർ കാണുമ്പോൾ തമാശയൊക്കെ പറയുമായിരുന്നു. എന്നാൽ വി.എസ്. കർക്കശ്ശക്കാരനായിരുന്നു. പ്രകൃതി സ്നേഹിയും ഉറച്ച കമ്മ്യൂണിസ്റ്റുമായ വി.എസ്. ഉയർത്തിപ്പിടിച്ച നിലപാടുകളോടും തീരുമാനങ്ങളോടും തനിക്ക് എന്നും യോജിപ്പായിരുന്നുവെന്ന് പ്രഭാകരൻ പറഞ്ഞു.
എന്നും സ്നേഹവും ബഹുമാനവും ആണെന്നും അദ്ദേഹത്തെ മറക്കാൻ പാടില്ലെന്നും പ്രഭാകരൻ പറയുന്നു. വാക്കിലും പ്രവൃത്തിയിലും വി.എസ്. അച്യുതാനന്ദൻ എന്ന വിപ്ലവ സൂര്യനോടുള്ള അടങ്ങാത്ത ആരാധന പ്രകടിപ്പിക്കുന്ന പ്രഭാകരൻ വി.എസ്. തനിക്ക് എന്നും ആവേശമാണെന്നും കൂട്ടിച്ചേർത്തു. മിൽമ പ്രഭ എന്ന് നാട്ടുകാർക്കിടയിൽ അറിയപ്പെടുന്ന പ്രഭാകരൻ ചിറ്റൂർ വിളയോടി സ്വദേശിയാണ്. വർഷങ്ങളായി താരേക്കാട് വാടക വീട്ടിലാണ് താമസം. ഭാര്യയും മകനും കൂട്ടിനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.