വയ്‌ക്കോൽ സംഭരിച്ച് വിതരണം ചെയ്യാൻ മില്‍മ
text_fieldsതൃശൂര്‍: വയ്‌ക്കോൽ വില്‍പനയില്‍ പ്രതിസന്ധി നേരിടുന്ന നെല്‍കര്‍ഷകരെ സഹായിക്കാൻ പ്രാദേശിക സംഘങ്ങള്‍ വഴി വയ്‌ക്കോൽ സംഭരിച്ച് വിതരണം ചെയ്യുമെന്ന് മില്‍മ എറണാകുളം മേഖല യൂനിയന്‍ ചെയര്‍മാന്‍ എം.ടി. ജയന്‍ അറിയിച്ചു.
യൂനിയൻ പരിധിയിലെ എറണാകുളം, തൃശൂര്‍, കോട്ടയം, ഇടുക്കി ജില്ലകളിലെ പ്രാഥമിക ക്ഷീര സംഘങ്ങളിലെ ക്ഷീര കര്‍ഷകര്‍ക്ക് ടെൻഡർ വഴി കണ്ടെത്തുന്ന മൊത്ത വിതരണക്കാര്‍ വഴിയാണ് വയ്ക്കോല്‍ വിതരണം ചെയ്യുന്നത്.
ഈ വര്‍ഷം ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ഈ രീതിതന്നെയാണ് നടപ്പാക്കിയത്. എന്നാല്‍ മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളില്‍ മില്‍മ മാനദണ്ഡങ്ങൾക്കനുസരിച്ച് ഗുണനിലവാരവും വിലയും തിട്ടപ്പെടുത്തി നെൽകർഷകരിൽനിന്ന് നേരിട്ട് വയ്ക്കോല്‍ വാങ്ങി വിതരണം ചെയ്യാനാണ് പ്രാഥമിക സംഘങ്ങള്‍ക്ക് മിൽമ നിർദേശം നൽകിയിട്ടുള്ളത്.
സംഭരിക്കുന്ന പാലിന്‍റെ 40 ശതമാനം മേഖല യൂനിയന് നല്‍കുന്ന അംഗ സംഘങ്ങള്‍ക്കാണ് സബ്സിഡി നിരക്കിലെ ഈ വയ്ക്കോൽ നൽകുക. കൂടാതെ ടെൻഡര്‍ നടപടികളിലൂടെ വയ്ക്കോല്‍ വിതരണത്തിനുള്ള മൊത്ത വിതരണക്കാരെയും ചുമതലപ്പെടുത്തും. ആവശ്യമുള്ള സംഘങ്ങള്‍ക്ക് അവരില്‍നിന്ന് വയ്ക്കോല്‍ വാങ്ങി വിതരണം ചെയ്യാം. സബ്സിഡി നിരക്കിലെ സൈലേജ് വിതരണം തുടരുന്നുണ്ടെന്നും മേഖല യൂനിയന്‍ ചെയര്‍മാന്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.