ഇമ്മിണി ബല്യ കലാകാരൻ
text_fieldsചിരിയും വാത്സല്യവും നിറയുന്ന രസക്കൂട്ടുമായാണ് സൂരജ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്നത്. കലോത്സവങ്ങള്‍ വളര്‍ത്തിയ ഈ ‘ചെറിയ’ വലിയ കലാകാരന്‍ ഇന്ന് സുപരിചിതനാണ്. കോമഡി ഷോകളിലും അവാര്‍ഡ് നിശകളിലും ചിരിയുണര്‍ത്തി സൂരജ് തിരക്കിലാണ്.
പിതാവിന്‍െറ നാടക പാരമ്പര്യത്തില്‍ വളര്‍ന്ന സൂരജ് സ്കൂള്‍ കലോത്സവത്തില്‍ അഞ്ചാം ക്ളാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി സ്റ്റേജില്‍ കയറുന്നത്. മത്സരങ്ങളില്‍ പങ്കെടുക്കുന്നത് എട്ടാം ക്ളാസ് മുതലാണ്. 10ാം ക്ളാസില്‍ പഠിക്കുന്ന കാലത്ത് ജില്ല കലോത്സവത്തില്‍ സെക്കന്‍ഡ് എ ഗ്രേഡ് നേടി. തൃശൂരില്‍ നടന്ന 52ാമത് സംസ്ഥാന കലോത്സവത്തില്‍ അഞ്ചാം സ്ഥാനമായിരുന്നെങ്കിലും മലപ്പുറത്ത് നടന്ന 53ാമത് സംസ്ഥാന കലോത്സവത്തില്‍ സെക്കന്‍ഡ് എ ഗ്രേഡോടെ നേട്ടത്തിന്‍െറ തിളക്കംകൂട്ടി.
വിദ്യാഭ്യാസ കാലം
സൂരജിന്‍െറ ഹൈസ്കൂള്‍, പ്ളസ് ടു പഠനം വെട്ടത്തൂര്‍ ജി.എച്ച്.എസ്.എസിലായിരുന്നു. പുത്തനങ്ങാടി സെന്‍റ് മേരീസ് കോളജില്‍നിന്ന് ബിരുദം. കോളജ് പഠനകാലത്തെല്ലാം വേദികളില്‍ നിറഞ്ഞുനിന്നിരുന്നു സൂരജ്. സി സോണ്‍ കലാപ്രതിഭ, ഇന്‍റര്‍സോണില്‍ ഫസ്റ്റ്, ഇങ്ങനെ നേട്ടങ്ങളുടെ പട്ടിക നീളുകയാണ്.
മത്സരങ്ങള്‍ കാര്യങ്ങളെ ഗൗരവമായി സമീപിക്കാന്‍ പഠിപ്പിച്ചു. വിധികര്‍ത്താക്കളായി എത്തുന്ന പ്രമുഖര്‍ നല്‍കുന്ന ഉപദേശങ്ങള്‍ വളരെ ഉപകാരമായി. ആലപ്പി അഷ്റഫിനെപ്പോലുള്ളവരുടെ നിര്‍ദേശങ്ങള്‍ എന്നും മുതല്‍ക്കൂട്ടാണ്. വീട്ടുകാര്‍, അധ്യാപകര്‍, സുഹൃത്തുക്കള്‍, നാട്ടുകാര്‍ എന്നിവര്‍ നല്‍കിയ പിന്തുണ സൂരജ് എടുത്തുപറയുന്നു. തന്നിലെ കലാകാരന്‍െറ വളര്‍ച്ചക്ക് കലോത്സവ വേദികളാണ് കരുത്തുപകര്‍ന്നത്. പ്രഫഷനല്‍ രീതിയിലേക്ക് വളരാന്‍ ഇത് കുറച്ചൊന്നുമല്ല സഹായിച്ചത്.
കലാഭവന്‍ മണിയോടൊപ്പം
സ്വകാര്യ ചാനലില്‍ കലാഭവന്‍ മണിയോടൊപ്പം കോമഡി സ്കിറ്റ് ചെയ്യാന്‍ കഴിഞ്ഞത് ഭാഗ്യമായാണ് സൂരജ് കരുതുന്നത്. ഫോട്ടോഗ്രാഫറെ ഫോട്ടോ എടുക്കാന്‍ പഠിപ്പിക്കുന്ന വികൃതിപ്പയ്യന്‍െറ റോളിലത്തെിയ സ്കിറ്റ് വളരെ ശ്രദ്ധനേടുകയുണ്ടായി. ഇത് സൂരജിന് സിനിമയിലേക്കുള്ള വഴിതുറന്നു. ഈ സ്കിറ്റ് കണ്ട സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ടാണ് സിനിമയിലേക്ക് ക്ഷണിക്കുന്നത്. അങ്ങനെ ആദ്യമായി സൂരജ് സിനിമയിലത്തെി. ചാര്‍ളിയില്‍ മുറി വൃത്തിയാക്കാനത്തെുന്ന പയ്യനെ സിനിമകണ്ടവര്‍ മറക്കാനിടയില്ല. ഇപ്പോള്‍ വേറെ രണ്ട് സിനിമകളില്‍ കൂടി അഭിനയിച്ചിട്ടുണ്ട്.
മറ്റൊരു പടത്തിലേക്ക് ക്ഷണമുണ്ട്. മുന്‍ കാലങ്ങളില്‍ പലനടന്മാരും സിനിമയിലത്തെിയത് മിമിക്രിയിലൂടെയായിരുന്നു. സൂരജിന്‍െറ വഴിയും വ്യത്യസ്തമല്ല. മിമിക്രി എന്ന ജനകീയ കലയെ വൈവിധ്യത്തിന്‍െറ ചേരുവകള്‍ ചേര്‍ത്ത് സ്റ്റേജ് ഷോകളില്‍ കലാകാരന്‍ തകര്‍ത്താടുകയാണ്. പ്രധാന ടി.വി ചാനലിന്‍െറ കോമഡി പരിപാടിയിലെ പ്രധാനിയായ സൂരജിന് നിന്നുതിരിയാന്‍ സമയമില്ല. ഇപ്പോള്‍ ടൗണിലിറങ്ങിയാല്‍ ഏറെപ്പേരും തന്നെ തിരിച്ചറിയുന്നുണ്ടെന്ന് സൂരജ്. മലപ്പുറം ജില്ലയിലെ വെട്ടത്തൂരിനടുത്ത തേലക്കാടാണ് സൂരജിന്‍െറ സ്വദേശം. അച്ഛന്‍, അമ്മ, ചേച്ചി, മുത്തശ്ശി എന്നിവരടങ്ങുന്നതാണ് കുടുംബം.
തയാറാക്കിയത്: ടി. മനു പ്രസാദ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.