ധാതുമണല്‍ ഖനനം: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ ഹരജി
text_fieldsതിരുവനന്തപുരം: ദുരന്ത നിവാരണ നിയമത്തിന്റെ മറവില്‍ നടക്കുന്ന കോടിക്കണക്കിന് രൂപയുടെ ധാതുമണല്‍ ഖനനത്തിലെ അഴിമതി അന്വേഷിക്കണമെന്ന് മാത്യു കുഴല്നാടന് എം.എല്‍.എ പ്രത്യേക വിജിലന്‍സ് കോടതിയില്‍ ഹരജി നൽകി. മുഖ്യമന്ത്രി പിണറായി വിജയന്, മകള്‍ വീണ തൈക്കണ്ടിയില്‍, സി.എം.ആര്.എല്‍ ഉടമ എസ്.എന്‍. ശശിധരന് കര്‍ത്ത, സി.എം.ആര്.എല്‍, കെ.എം.എം.എല്‍, ഇന്ത്യന്‍ റെയര്‍ എര്‍ത്ത്സ്, എക്സാലോജിക് എന്നിവരാണ് എതിർകക്ഷികള്‍. ഹരജി പരിഗണിച്ച കോടതി മാർച്ച് 14ന് റിപ്പോര്‍ട്ട് നല്കാന് വിജിലന്‍സിനോട് നിർദേശിച്ചു.
തൃക്കുന്നപുഴയിലും ആറാട്ടുപുഴയിലും കര്‍ത്ത സ്ഥലം വാങ്ങിയെങ്കിലും 2004ലെ സംസ്ഥാന ഉത്തരവും കേന്ദ്ര നിയമങ്ങളും എതിരായതിനാല്‍ ഖനനാനുമതി ലഭ്യമായിരുന്നില്ല. കേരള ഭൂവിനിമയ ചട്ട പ്രകാരം ഇളവ് ലഭ്യമാക്കാനുള്ള കര്‍ത്തയുടെ ശ്രമങ്ങളും പരാജയപ്പെട്ട സാഹചര്യത്തിലാണ് വീണ സി.എം.ആര്.എല്ലുമായി കരാറിലെത്തുന്നത്. ഇതിനുശേഷം മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് റവന്യൂ വകുപ്പിനോട് പുനഃപരിശോധന നടത്താന്‍ നിർദേശിച്ചു.
ഇതിനിടെ 2018ലെ വെള്ളപ്പൊക്കത്തിന്റെ മറവില്‍ കുട്ടനാടിലെ ജനങ്ങളെ സംരക്ഷിക്കാനെന്ന പേരില്‍ തോട്ടപ്പള്ളി സ്പില്‍വേയുടെ അഴിമുഖത്തുനിന്ന് ഉദ്ദേശം 2000 കോടി രൂപ വിലയുള്ള ഇല്‍മനൈറ്റും 85,000 ടണ്‍ റൂട്ടൈലും ഖനനം ചെയ്തു. സര്‍ക്കാര്‍ അധീനതയിലുള്ള കെ.എം.എം.എല്ലിനായിരുന്നു ഖനനാനുമതിയെങ്കിലും കെ.എം.എം.എല്ലില്‍നിന്ന് ക്യൂബിക്കിന് 464 രൂപ നിരക്കില്‍ സി.എം.ആര്.എല്‍ ഇവ സംഭരിക്കുകയാണ്. കോടിക്കണക്കിന് രൂപയുടെ ധാതുമണല്‍ തുച്ഛ വിലയ്ക്ക് കര്‍ത്തക്ക് നല്കുന്നതില് മുഖ്യമന്ത്രിയുടെ അവിഹിത ഇടപെടല്‍ ഇതിലൂടെ വ്യക്തമാണ്. കേരളത്തിലെ 54 ഡാമുകളില്‍ 35 ഡാമുകളുടെ ഷട്ടര്‍ ഒരേ സമയം തുറന്ന് വെള്ളപ്പൊക്കം ഉണ്ടാക്കി 463 മനുഷ്യജീവനും 20,000 കോടി രൂപയുടെ നാശനഷ്ടവും ഉണ്ടാക്കിയതിനുപിന്നിലെ ഉദ്ദേശ്യവും സംശയാസ്പദമാണെന്ന് ഹരജിയിൽ പറയുന്നു. ഹരജിക്കാരന് വേണ്ടി അഭിഭാഷകനായ ദിലീപ് സത്യന് ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.