വീട്ടിൽ മിനി ബാർ; രഹസ്യ അറയും; 14 ലിറ്റർ വിദേശമദ്യം പിടികൂടി
text_fieldsആറാട്ടുപുഴ: പൊലീസിനെയും എക്സൈസിനെയും കബളിപ്പിച്ച് ദീർഘനാളായി മുതുകുളം ഫ്ലവർ ജങഷന് പടിഞ്ഞാറ് ഭാഗത്ത് മിനിബാറായി പ്രവർത്തിച്ചിരുന്ന വീട്ടിലെ മദ്യവിൽപന എക്സൈസ് പിടികൂടി. മുതുകുളം തെക്കുമുറിയിൽ വിശ്വഭവനത്തിൽ ഓമനക്കുട്ടന്‍റെ വീട്ടിൽ ഹരിപ്പാട് എക്സൈസ് സർക്കിൾ സംഘവും ആലപ്പുഴ എക്സൈസ് ഇന്‍റലിജൻസ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കുടുങ്ങിയത്.
'വിൽപനക്ക് വീടിന്‍റെ അടുക്കളയിൽ പ്രത്യേകമായി രഹസ്യ അറ നിർമിച്ച് സൂക്ഷിച്ചിരുന്ന 14 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യം പിടികൂടി. ഒരു ലിറ്റർ കൊള്ളുന്ന 14 കുപ്പി ഇന്ത്യൻ നിർമിത വിദേശമദ്യമാണ് പിടികൂടിയത്. കച്ചവടം നടത്തിയ വീട്ടുടമസ്ഥനായ ഓമനക്കുട്ടനെ (51) അറസ്റ്റ് ചെയ്തു.
വീട്ടിനുള്ളിലെ രഹസ്യ അറയിൽ മദ്യം സൂക്ഷിക്കുന്നതിനാൽ പലപ്പോഴും പരിശോധനയിൽ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഞായറാഴ്ച എക്സൈസ് സംഘം എത്തുമ്പോൾ ഇവിടെ മദ്യവിൽപന നടക്കുകയായിരുന്നു. ഉദ്യോഗസ്ഥർ പരിശോധനക്ക് എത്തുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നതിന് ഇയാൾ പലഭാഗത്തും ആൾക്കാരെ നിർത്തിയിരുന്നതിനാൽ വീടും പരിസരവും ഒരു മാസമായി ആലപ്പുഴ എക്സൈസ് ഇൻറലിജൻസ് സംഘത്തിന്‍റെ നിരീക്ഷണത്തിലായിരുന്നു.
ഇയാൾ മുൻ അബ്കാരി കേസുകളിൽ പ്രതിയാണ്. റെയ്ഡിന് പ്രിവന്‍റിവ് ഓഫിസർ എസ്.അക്ബർ, എം.ആർ. സുരേഷ്, ഇന്‍റലിജൻസ് ബ്യൂറോ പ്രിവന്‍റിവ് ഓഫിസർ എം. അബ്ദുൽ ഷുക്കൂർ, സിവിൽ എക്സൈസ് ഓഫിസർ യു.ഷാജഹാൻ, ഡ്രൈവർ വർഗീസ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.