അഞ്ച് വർഷമായി ആദായ നികുതി അടക്കുന്നവർക്ക് വീട്ടിൽ മിനി ബാറിന് ലൈസൻസ് കിട്ടുമോ?, എക്സൈസ് പറയുന്ന മറുപടിയിങ്ങനെ...
text_fieldsതിരുവനന്തപുരം: അഞ്ച് വർഷമായി ആദായ നികുതി അടക്കുന്നവർക്ക് വീട്ടിൽ മിനി ബാറിന് ലൈസൻസ് കിട്ടുമെന്ന പ്രചാരണം സാമൂഹിക മാധ്യമങ്ങളിൽ നടക്കുകയാണ്. കഴിഞ്ഞ കുറച്ച് കാലമായി നടക്കുന്ന ഈ പ്രചാരണത്തിന് ഒടുവിൽ എക്സൈസ് അധികൃതർ തന്നെ മറുപടി പറയുകയാണ്. ഫേസ് ബൂക്ക് പേജിലൂടെയാണ് കേരളത്തിൽ അത്തരമൊരു നിയമനിർമ്മാണം വന്നിട്ടില്ലെന്ന് അറിയിച്ചത്.
ഇതുമായി ബന്ധപ്പെട്ട് നിരവധി അന്വേഷണങ്ങൾ എക്സൈസ് ഓഫീസുകളിലും വരുന്നതായി അധികൃതർ പറയുന്നു. ഉത്തരാഖണ്ഡ് സംസ്ഥാനത്ത് 2023 - 24 വർഷത്തെ എക്സൈസ് പോളിസിയുമായി ബന്ധപ്പെട്ട വാർത്ത വളച്ചൊടിച്ചാണ് കേരളത്തിലും ഈ നിയമം പ്രാബല്യത്തിലുണ്ടെന്ന് ചിലർ പ്രചരിപ്പിക്കുന്നത്.
എക്സൈസ് പോസ്റ്റ് പൂർണ രൂപത്തിൽ
അഞ്ച് വർഷമായി ആദായ നികുതി അടയ്ക്കുന്നവർക്ക് വീട്ടിൽ മിനി ബാറിന് ലൈസൻസ് കിട്ടും എന്നൊരു വാർത്ത സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്നതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതുമായി ബന്ധപ്പെട്ടു ധാരാളം അന്വേഷണങ്ങൾ എക്സൈസ് ഓഫീസുകളിൽ വരുന്നു. കേരളത്തിൽ അത്തരമൊരു നിയമനിർമ്മാണം വന്നിട്ടില്ല.
ഉത്തരാഖണ്ഡ് സംസ്ഥാനത്ത് 2023 - 24 വർഷത്തെ എക്സൈസ് പോളിസിയുമായി ബന്ധപ്പെട്ട വാർത്ത വളച്ചൊടിച്ചാണ് കേരളത്തിലും ഇനി മിനി ബാർ തുടങ്ങാം എന്ന മട്ടിൽ വാർത്ത പ്രചരിക്കുന്നത്. നിലവിൽ ഉത്തരാഖണ്ഡിൽ പ്രസ്തുത മിനി ബാർ ലൈസൻസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥ പിൻവലിച്ചിട്ടുമുണ്ട്. തെറ്റിദ്ധാരണജനകമായ കാര്യങ്ങൾ പ്രചരിപ്പിക്കാതെ ഇരിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.