അമ്പതിലേറെ കിടക്കയുള്ള ആശുപത്രികൾക്ക് മിനി ഒാക്സിജൻ പ്ലാൻറ് നിർബന്ധമാക്കും
text_fieldsപാലക്കാട്: കോവിഡ് ചികിത്സ ഫലപ്രദമാക്കാനും മരണ നിരക്ക് കുറച്ചുകൊണ്ടുവരാനും ആശുപത്രികളിൽ ഒാക്സിജൻ കിടക്കകളുടെ എണ്ണം വർധിപ്പിക്കാൻ നാഷനൽ കൗൺസിൽ ഫോർ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെൻറ്സിെൻറ ശിപാർശ. 50ൽ കൂടുതൽ കിടക്കയുള്ള ആശുപത്രികൾക്ക് മിനി ഒാക്സിജൻ പ്ലാൻറ് നിർബന്ധമാക്കണമെന്നും കൗൺസിൽ നിർദേശിച്ചു.
ഇത്തരം ആശുപത്രികളിലെ മൂന്നിലൊന്ന് കിടക്കകൾ ഒാക്സിജൻ സൗകര്യമുള്ളവയായിരിക്കണമെന്നും 48 മുതൽ 72 മണിക്കൂർ വരെ ഒാക്സിജൻ ലഭ്യത ഉറപ്പുവരുത്താവുന്ന ബാക്ക്അപ്പ് സൗകര്യം വേണമെന്നും ശിപാർശയിലുണ്ട്. പരിഷ്കരിച്ച പൊതുജനാരോഗ്യ നിലവാരത്തിൽ വിവിധ കാറ്റഗറിയിലുള്ള ആശുപത്രികൾക്കുള്ള ഓക്സിജൻ ആവശ്യകത നിർവചിക്കണം.
കോവിഡ് രണ്ടാം തരംഗത്തിൽ ഓക്സിജൻ ലഭ്യമല്ലാത്തതുകൊണ്ടു മാത്രമാണ് രാജ്യത്ത് നൂറുകണക്കിന് രോഗികൾ മരിച്ചത്. ഭാവിയിലും ഇത്തരം സാഹചര്യം ഉണ്ടാവാനുള്ള സാധ്യത മുന്നിൽ കാണണം.
രോഗികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ആവശ്യാനുസരണം ഒാക്സിജൻ കിടക്കയുള്ള ആശുപത്രി ലഭ്യമായിരിക്കണം. 50ൽ കൂടുതൽ കിടക്കയുള്ള എല്ലാ പുതിയ ആശുപത്രികൾക്കും ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെൻറ് നിയമപ്രകാരം രജിസ്ട്രേഷന് നിശ്ചിത നിലവാരമുള്ള മിനി ഓക്സിജൻ പ്ലാൻറ് നിർബന്ധമാക്കണം.
നിലവിലുള്ള ആശുപത്രികൾക്ക് മിനി ഒാക്സിജൻ പ്ലാൻറ് ഒരുക്കാൻ ഒരു വർഷം സമയപരിധി വെക്കാമെന്നും കൗൺസിൽ നിർദേശിച്ചു. 50ഉം അതിൽ കുറവും കിടക്കയുള്ള എല്ലാ ചെറിയ ആശുപത്രികളും ഓക്സിജൻ ലഭ്യത ഉറപ്പുവരുത്തുംവിധം അടിസ്ഥാന സൗകര്യമൊരുക്കണം.
നാഷനൽ ഹെൽത്ത് സിസ്റ്റം റിസോഴ്സ് സെൻറർ (എൻ.എച്ച്.ആർ.സി), ഇന്ത്യൻ പബ്ലിക് ഹെൽത്ത് സ്റ്റാൻഡേർഡ്സ് (െഎ.പി.എച്ച്.എസ്) എന്നിവ പരിഷ്കരിച്ച് വിവിധ വിഭാഗങ്ങളിലുള്ള ആശുപത്രികൾക്ക് ഓക്സിജൻ ആവശ്യകത നിർവചിക്കണമെന്നും കൗൺസിൽ ശിപാർശ ചെയ്യുന്നു. ആവശ്യമെങ്കിൽ വിദൂര മേഖലകൾക്കായി പ്രത്യേകം മാനദണ്ഡം കൊണ്ടുവരാമെന്നും നിർദേശിച്ചു.
ആശുപത്രിയിലെ മിനിമം മാനദണ്ഡം ഉറപ്പുവരുത്താൻ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെൻറ്സ് ചട്ടം ഭേദഗതി ചെയ്യണമെന്നും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കൗൺസിൽ സമർപ്പിച്ച റിപ്പോർട്ടിൽ ശിപാർശ ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.