തൃശൂരിലെത്തുന്ന പ്രധാനമന്ത്രിക്കായി മിനി പൂരമൊരുക്കും
text_fieldsതൃശൂർ: പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട പ്രതിസന്ധിയിൽ കേന്ദ്രസർക്കാറിന്റെ ഇടപെടലിനായി മുഖ്യ സംഘാടകരായ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ തീരുമാനിച്ചു. ജനുവരി മൂന്നിന് തൃശൂരിലെത്തുന്ന പ്രധാനമന്ത്രിയെ നേരിൽ കണ്ട് തൃശൂരിന്റെ ഉപഹാരം സമ്മാനിക്കാനും പൂരവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇടപെടണമെന്നാവശ്യപ്പെട്ട് നിവേദനം നൽകാനുമാണ് ആലോചിക്കുന്നത്.
പൂരം പ്രദർശന നഗരിയുടെ തറവാടകയുമായി ബന്ധപ്പെട്ട് കൊച്ചിൻ ദേവസ്വം ബോർഡുമായുള്ള തർക്കത്തിൽ ജനുവരി നാലിന് ഹൈകോടതിയിൽനിന്ന് നിർണായക ഉത്തരവുണ്ടായേക്കുമെന്നാണ് സൂചന. ബോർഡ് ഉന്നയിച്ച നിരക്ക് വർധനക്ക് ഹൈകോടതി അംഗീകാരം നൽകിയാൽ സുപ്രീംകോടതിയെ സമീപിക്കാനാണ് ദേവസ്വങ്ങൾ ആലോചിക്കുന്നത്.
നേരത്തേ സുപ്രീംകോടതിയെ സമീപിച്ചിരുന്നെങ്കിലും ഹൈകോടതിയിൽ തീർപ്പാക്കാനായിരുന്നു നിർദേശം. ഈ സാഹചര്യത്തിൽ അനുകൂല സാഹചര്യമുണ്ടായേക്കില്ലെന്നാണ് ദേവസ്വങ്ങളുടെ വിലയിരുത്തൽ. എന്നാൽ, സർക്കാർതലത്തിൽ ഇടപെടലുണ്ടായാൽ അത് നേട്ടമാകും. ഇതിനുള്ള ശ്രമമാണ് നടത്തുന്നത്.
പ്രധാനമന്ത്രിയെ വരവേൽക്കാനും ശ്രദ്ധ നേടാനുമായി മിനി പൂരമൊരുക്കാനും പാറമേക്കാവ് ദേവസ്വം തീരുമാനിച്ചിട്ടുണ്ട്. ജനുവരി മൂന്നിന് നടക്കുന്ന മോദിയുടെ റോഡ് ഷോ സമയത്താണ് മിനി പൂരം ഒരുക്കുക.
സുരക്ഷ അനുമതി തേടിയിട്ടുണ്ട്. പാറമേക്കാവ് ക്ഷേത്രത്തിന് മുന്നിൽ 15 ആനകളെ അണിനിരത്തി, 200ഓളം പേരുടെ മേളവും കുടമാറ്റവും സംഘടിപ്പിക്കാനാണ് പദ്ധതി. 1986ല്‍ മാര്‍പാപ്പ എത്തിയപ്പോഴാണ് തൃശൂരില്‍ മുമ്പ് മിനി പൂരം ഒരുക്കിയത്.
തറവാടക വിവാദത്തിൽ സംസ്ഥാന മന്ത്രിമാരുമായി ചർച്ച നടത്തിയെങ്കിലും കോടതിയിലിരിക്കുന്ന വിഷയമായതിനാൽ തങ്ങൾ നിരക്ക് പറയുന്നില്ലെന്നും കോടതിയിൽ ദേവസ്വങ്ങൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുമെന്നുമാണ് മന്ത്രിമാർ ദേവസ്വങ്ങളെ അറിയിച്ചത്.
ഇതോടെ ബോർഡിനൊപ്പമാണ് സംസ്ഥാന സർക്കാറെന്ന വിമർശനത്തിലാണ് ദേവസ്വങ്ങൾ. യു.ഡി.എഫും ബി.ജെ.പിയും സംഘ്പരിവാർ സംഘടനകളും ദേവസ്വങ്ങളെ പിന്തുണച്ച് പരസ്യ പ്രതിഷേധത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.