മിനിമംകൂലി 700 രൂപയാക്കണം -എ.ഐ.ടി.യു.സി
text_fieldsആലപ്പുഴ: രാജ്യത്തെ തൊഴിലുറപ്പ് തൊഴിലാളികളുടെ മിനിമം കൂലി 700 രൂപയാക്കണമെന്ന് എ.ഐ.ടി.യു.സി ദേശീയ സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാർ അനുവദിക്കുന്ന തുകക്ക് സമാനമായ വിഹിതം സംസ്ഥാന സർക്കാറുകളും കണ്ടെത്തണം. കേരളത്തിലെ തൊഴിലാളികളുടെ ശരാശരി കൂലി 700 രൂപയാണ്. അതിന് സമാനമായി രാജ്യത്താകെ കൂലി കൂട്ടണം. ഇതിനൊപ്പം നഗരങ്ങളിലെ തൊഴിലാളികളെക്കൂടി ഉൾപ്പെടുത്തുന്ന നിയമം ആവിഷ്കരിക്കണം.
കേരളത്തിൽ അയ്യൻകാളി പദ്ധതിയുണ്ടെങ്കിലും കേന്ദ്രത്തിൽ ഇത്തരത്തിൽ ഒരു നിയമമില്ല. തൊഴിലാളികളുടെ ക്ഷേമനിധി നടപ്പാക്കിയ സർക്കാറാണ് കേരളം. എന്നാൽ, പാസാക്കിയ നിയമം വേഗത്തിൽ നടപ്പാക്കാൻ നടപടി സ്വീകരണം.
അസംഘടിത മേഖലയിലടക്കം പണിയെടുക്കുന്ന സ്ത്രീകൾക്ക് പ്രസവാനുകൂല്യം നൽകാൻ നടപടി വേണം. ഇതിനായി പ്രത്യേക നിയമം കൊണ്ടുവരണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. പെൻഷൻ സാർവത്രികമാക്കുക, രാജ്യസുരക്ഷ മേഖല സ്വകാര്യവത്കരിക്കുന്നതും തൊഴിലാളിവിരുദ്ധ നയങ്ങൾ നടപ്പാക്കുന്നതും അവസാനിപ്പിക്കുക, പട്ടികജാതി- പട്ടികവർഗ വിഭാഗങ്ങൾക്കും ആദിവാസികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ ചെറുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിക്കുന്ന പ്രമേങ്ങളും സമ്മേളനം പാസാക്കി. ഞായറാഴ്ച വിവിധ പോഷക സംഘടനകളുടെ പ്രതിനിധികൾ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. വിദേശ പ്രതിനിധികൾ ഉൾപ്പെടെയുള്ളവർ വിഷയത്തിൽ സംസാരിച്ചു. വിവിധ വിഷയങ്ങളിലെ പ്രമേയങ്ങളിലും ചർച്ച നടന്നു. തിങ്കളാഴ്ചയും ചർച്ച തുടരും. ചർച്ചയിൽ ഉയർന്ന ഓരോ വിഷയങ്ങളിലും നാല് കമീഷനുകൾ വിശദമായി പരിശോധിച്ച് റിപ്പോർട്ട് തയാറാക്കി അവതരിപ്പിക്കും. 2024 തെരഞ്ഞെടുപ്പിന് മുമ്പ് സ്വീകരിക്കേണ്ട അജണ്ട എന്താണെന്ന് സമാപനദിവസം ഔദ്യോഗികമായി പ്രഖ്യാപിക്കും. 'ഭരണഘടനയും ജനാധിപത്യ മൂല്യങ്ങളും' വിഷയത്തിൽ നടന്ന സെമിനാർ ബിനോയ് വിശ്വം എം.പി ഉദ്ഘാടനം ചെയ്തു. പി.വി. സത്യനേശൻ അധ്യക്ഷത വഹിച്ചു.
കേന്ദ്ര സർക്കാർ തൊഴിലാളികളെ വിശ്വാസത്തിലെടുക്കണം -രാമകൃഷ്ണ പാണ്ഡേ
ആലപ്പുഴ: കേന്ദ്ര സർക്കാർ തൊഴിലാളി സമൂഹത്തെ വിശ്വാസത്തിലെടുക്കണമെന്ന് എ.ഐ.ടി.യു.സി ദേശീയ സെക്രട്ടറി രാമകൃഷ്ണ പാണ്ഡേ. ആലപ്പുഴയിൽ എ.ഐ.ടി.യു.സി സമ്മേളനത്തിൽ പ്രമേയങ്ങൾ വിശദീകരിച്ച് നടത്തിയ വാർത്തസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. തൊഴിൽ നിയമങ്ങൾ കുത്തക മുതലാളിമാർക്കുവേണ്ടി മാറ്റിയെഴുതി. രാജ്യത്തിന്റെ വിദേശനയങ്ങൾ തീരുമാനിക്കപ്പെടുന്നത് പെന്റഗണിലാണ്. കോർപറേറ്റുകളുടെ സമ്മർദത്തിലാണ് ഭരണം. ഇതിന് പകരം തൊഴിലാളികളെ വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകണം. ഇതിനായി ട്രേഡ് യൂനിയൻ നേതാക്കളുമായി ചർച്ചക്ക് തയാറാകണം. സർക്കാറിന്റെ നയങ്ങളിൽ ഏറ്റവും കൂടുതൽ കെടുതി അനുഭവിക്കുന്നത് അസംഘടിതരും കർഷകരുമാണ്. തൊഴിലാളികളെ സംരക്ഷിക്കാൻ കേന്ദ്രനിയമം കൊണ്ടുവരണം.
ആർ.എസ്.എസിന്റെ ഫാഷിസ്റ്റ് അജണ്ടയാണ് കേന്ദ്ര സർക്കാർ നടപ്പാക്കുന്നത്. ഇതിനായി മതത്തിന്റെയും ജാതിയുടെയും പേരിൽ ചേരിതിരിവുണ്ടാക്കുന്നു. ഒരു ഭാഷ, ഒരു സംസ്കാരം, ഒരു രാഷ്ട്രീയപാർട്ടി എന്നതിനുവേണ്ടിയാണ് ശ്രമം. ഇത് അംഗീകരിക്കില്ല. രാജ്യം നിർണായക സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. തൊഴിലില്ലായ്മ വർധിച്ചതിന് ഒപ്പം ഇറക്കുമതി കൂടുകയും കയറ്റുമതി കുറയുകയും ചെയ്യുന്നു. രൂപ ചരിത്രത്തിലെ ഏറ്റവും വലിയ മൂല്യത്തകർച്ച നേരിടുന്നു. ഇക്കാര്യങ്ങളെല്ലാം സമ്മേളനം വിശദമായി ചർച്ചചെയ്യും -അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.