മിനിമം വേതനം ഉറപ്പാക്കൽ: നിയമ ഭേദഗതി ശരിവെച്ചതിനെതിരെ അപ്പീൽ
text_fieldsെകാച്ചി: തൊഴിലാളികൾക്ക് മിനിമം വേതനം ഉറപ്പാക്കുന്ന 2015 ലെ കേരള മിനിമം വേജസ് റൂൾസ് ഭേദഗതി ശരിവെച്ച ഹൈകോടതി സിംഗിൾബെഞ്ച് ഉത്തരവിനെതിരെ അപ്പീൽ. വേതന സുരക്ഷ പദ്ധതി എന്ന പേരിൽ കമ്പ്യൂട്ടര്വത്കരണത്തിലൂടെയുള്ള വേതന വിതരണം ഉറപ്പാക്കിയ 2015 ജൂലൈ എട്ടിലെ ഭേദഗതി ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജികൾ വസ്തുതകൾ മനസ്സിലാക്കാതെയാണ് സിംഗിൾബെഞ്ച് തള്ളിയതെന്ന് ചൂണ്ടിക്കാട്ടിയാണ് ന്യൂ സാൻറോസ് ഏജൻസീസ് അടക്കം സ്ഥാപനങ്ങൾ ഡിവിഷൻബെഞ്ചിനെ സമീപിച്ചിരിക്കുന്നത്.
188 ഹരജികൾ തള്ളി ഏപ്രിൽ പത്തിനായിരുന്നു സിംഗിൾബെഞ്ച് ഉത്തരവ്.കടകളും അനുബന്ധ സ്ഥാപനങ്ങളും, സ്വകാര്യ ആശുപത്രികളും ഇതുമായി ബന്ധപ്പെട്ട ഡിസ്പെൻസറി, സ്കാനിങ് സെൻറർ, ഫാർമസി, ക്ലിനിക്കൽ ലാബ്, എക്സ്റേ യൂനിറ്റ്, സ്റ്റാർ ഹോട്ടലുകൾ ,സ്വകാര്യ സ്കൂളുകളിലെ അധ്യാപക ഇതര ജീവനക്കാർ, സെക്യൂരിറ്റി സേവനങ്ങൾ, കമ്പ്യൂട്ടർ സോഫ്ട്വെയർ എന്നീ ഷെഡ്യൂൾഡ് തൊഴിൽ മേഖലകളിലാണ് ഭേദഗതി കൊണ്ടുവന്നത്. ലേബർ വകുപ്പുമായി ബന്ധപ്പെട്ട വേതന സുരക്ഷ സംവിധാനം സംബന്ധിച്ച ആപ്പ് അപ്ലോഡ് ചെയ്ത് തൊഴിലാളിയുടെ വ്യക്തിഗത ബാങ്ക് അക്കൗണ്ട് വഴി വേതനം വിതരണം ചെയ്യുന്നതാണ് ഇൗ രീതി.
ലേബർ ഓഫിസർമാർക്ക് ശമ്പള വിതരണം നിരീക്ഷിക്കാനാവുന്നതിലൂടെ മിനിമം വേതനം ഉറപ്പാക്കുന്നതിെൻറ ഭാഗമായാണ് നടപടി സ്വീകരിച്ചത്. എന്നാൽ, ഇൗ സംവിധാനം അപ്രായോഗികമാണെന്നും ബിസിനസ് താൽപര്യത്തിന് വിരുദ്ധവും രഹസ്യ സ്വഭാവം നഷ്ടപ്പെടുത്തുന്നതുമാെണന്ന കാര്യം സിംഗിൾബെഞ്ച് വിലയിരുത്തിയില്ലെന്നും ബാങ്ക് അക്കൗണ്ട് വഴി മാത്രമേ ഒാൺലൈൻ സംവിധാനത്തിലൂടെ ഇൗ സംവിധാനമനുസരിച്ച് ശമ്പളം നൽകാനാവൂവെന്നത് മിനിമം വേതന നിയമത്തിലെ വ്യവസ്ഥയുടെ ലംഘനമാണെന്നത് കണക്കിലെടുത്തില്ലെന്നും അപ്പീലിൽ പറയുന്നു.സിംഗിൾബെഞ്ച് ഉത്തരവ് വന്നതിനെ തുടർന്ന് ബലം പ്രയോഗിച്ച് സ്ഥാപനങ്ങളിൽ കടന്നുകയറി ഇൗ സംവിധാനം നടപ്പാക്കുന്നുണ്ടോയെന്ന് അധികൃതർ പരിശോധിക്കുന്നതായി ഹരജിക്കാർ ആരോപിച്ചു.
ഇൗ സാഹചര്യത്തിൽ അപ്പീൽ തീർപ്പാക്കും വരെ സിംഗിൾബെഞ്ച് ഉത്തരവ് നടപ്പാക്കുന്നത് തടയണമെന്ന് ഇടക്കാല ആവശ്യവും ഉന്നയിച്ചു.
ഹരജിക്കാരുടെ സ്ഥാപനങ്ങളിൽ ബലം പ്രയോഗിച്ചുള്ള പരിശോധന പാടില്ലെന്ന് നിർദേശിച്ച കോടതി ഹരജി പിന്നീട് പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.