പട്ടയ ഭൂമിയിലെ ഖനനാനുമതി: 45 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകണമെന്ന് ഉത്തരവ്
text_fieldsതിരുവനന്തപുരം: പട്ടയഭൂമിയിൽ കരിങ്കൽ ഖനനത്തിന് അനുമതി നൽകിയത് സംബന്ധിച്ച് 45 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകണമെന്ന് റവന്യൂ വകുപ്പിന്റെ ഉത്തരവ്. ഇടുക്കി തൊടുപുഴ കോടിക്കുളം വില്ലേജിലെ മുൻ ഓഫിസർക്കെതിരെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. സർവേ നമ്പർ 121/2, 120/2 എന്നിവയിൽപ്പെട്ട ഭൂമിയിൽ നിയമവിരുദ്ധമായി ഖനനംനടത്തുന്നതിന് ഉദ്യോഗസ്ഥർ അനുമതി നൽകിയതായും, ഈ പാറമട പ്രവർത്തിക്കുന്നത് ഭൂപതിവ് പട്ടയഭൂമിയിൽ ആണെന്നും അതിനാൽ നിയമവിരുദ്ധമായി ക്വാറിക്ക് അനുമതി നൽകിയതെന്നും പരാതി ലഭിച്ചിരുന്നു.
തുടർന്ന് വിജിലൻസ് നടത്തിയ പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ പരാതിക്കാധാരമായിട്ടുള്ള സ്ഥലത്തിന്റെ ബന്ധപ്പെട്ട രേഖകൾ (മുൻ രേഖകൾ ഉൾപ്പെടെ) പരിശോധിക്കാതെ പാറ ഖനനത്തിനായി കൈവശാവകാശ സർട്ടിഫിക്കറ്റ് നൽകിയെന്ന് കണ്ടെത്തി. കോടിക്കുളം മുൻ വില്ലേജ് ഓഫീസർ ടി.എം ആമിന സർവീസിൽ നിന്ന് വിരമിച്ചതിനാൽ നടപടികൾ സ്വീകരിക്കണമെന്ന് റിപ്പോർട്ടിൽ വിജിലൻസ് ശിപാർശ ചെയ്തിരുന്നു.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുൻ വില്ലേജ് ഓഫിസർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. അവരുടെ മറുപടിയിൽ കോടിക്കുളം വില്ലേജിൽ 1992-ൽ റിസർവ്വ റിക്കോർഡുകൾ പ്രാബല്യത്തിൽ വന്നിട്ടുണ്ടെന്നും 1964-ലെ ഭൂമിപതിവ് തചട്ടങ്ങൾ പ്രകാരം പതിച്ചു നൽകി ഭൂമിയാണെന്നും കണ്ടെത്തി. സെറ്റിൽമന്റെ് ഭൂമിയും പട്ടയഭൂമിയും റീസർവെ രേഖകൾ പ്രകാരംഓന്നായി കിടന്ന ഭൂമിയാണ്. സ്ഥലപരിശോധന നടത്തി കൈവശാവകാശ സർട്ടിഫിക്കറ്റ് നൽകിയിട്ടുള്ളതാണെന്നും ഇക്കാര്യത്തിൽ മനപൂർവമായ വീഴ്ചയും നോട്ടക്കുറവും സംഭവിച്ചിട്ടില്ലെന്നായിരുന്നു മുൻ വില്ലേജ് ഓഫിസറുടെ മറുപടി.
എന്നാൽ, വിശദമായ പരിശോധനയിൽ വില്ലേദ് മുൻ ഓഫിസർ നൽകിയ വിശദീകരണം തെറ്റാണെന്ന് വ്യക്തമായി. അതിനാൽ അസിസ്റ്റന്റ് കാർഡമം സെറ്റിൽമെന്റ് ഓഫീസർ പ്രിയൻ അലക്സ് ജി. റെബല്ലോയെ അന്വേഷ അധികാരിയായി നിയമിച്ച് ഉത്തരവായി. ലഭ്യമായ തെളിവുകളുടെയും പ്രമാണങ്ങളുടെയും അടിസ്ഥാനത്തിൽ കുറ്റാരോപിതക്കെതിരെയുള്ള ആരോപണം സൂക്ഷ്മ പരിശോധന നടത്തി നേരിൽ കേട്ടതിനു ശേഷം 45 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ഉത്തരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.