കേസ് കൊടുത്തയാളോ ജഡ്ജിയോ വന്ന് താമസിക്കട്ടെയെന്ന് ജനങ്ങൾ പറയുന്നു -മന്ത്രി
text_fieldsതിരുവനന്തപുരം: ഇടുക്കി ചിന്നക്കനാലിലെ ജനങ്ങൾ അരിക്കൊമ്പൻ എന്ന കാട്ടാന കാരണം ഭീതിയിലാണെന്നും കോടതി ഇടപെട്ടില്ലായിരുന്നെങ്കിൽ ഇതിനകം ആനയെ പിടിക്കുമായിരുന്നെന്നും മന്ത്രി എ.കെ. ശശീന്ദ്രൻ. അവിടെ ജീവനും സ്വത്തിനും നഷ്ടമുണ്ടാകുന്നുണ്ട്.
കേസ് കൊടുത്ത ആളുകൾ ഇവിടെ വന്ന് താമസിക്കട്ടെയെന്നാണ് ജനങ്ങൾ പറയുന്നത്. ജഡ്ജിയായാലും മതിയെന്ന് അവർ പറയുന്നു. അതേസമയം, താൻ അങ്ങനെ പറയുന്നത് ശരിയല്ലല്ലോയെന്നും വാർത്തസമ്മേളനത്തിൽ മന്ത്രി പറഞ്ഞു. പ്രശ്ന പരിഹാരത്തിന് എന്താണ് ചെയ്യേണ്ടതെന്നാണ് കോടതിയോട് ചോദിക്കുന്നത്. മെച്ചപ്പെട്ട നിർദേശം കോടതി തന്നാൽ സർക്കാർ മുഖം തിരിക്കില്ല. കോടതി വിധി വന്നാൽ ഉന്നതതല ആലോചന നടത്തും.
അഡ്വ. ജനറൽ അടക്കമുള്ളവരുമായും വനം വകുപ്പിലെ ഉദ്യോഗസ്ഥരുമായും ആലോചിച്ച് തീരുമാനമെടുക്കും. ഇതര സംസ്ഥാനങ്ങൾക്ക് വന്യ മൃഗങ്ങളെ കൊടുക്കാൻ തയാറാണ്. പക്ഷേ, പിടിച്ചാലേ കൊടുക്കാൻ കഴിയൂ, അപേക്ഷയും ലഭിക്കണം.
ആനയെ പിടിച്ചാലേ റേഡിയോ കോളർ ഘടിപ്പിക്കാൻ പറ്റൂ. ആനയെ പിടിക്കാൻ സമ്മതിക്കില്ലെന്ന് പറയുന്നത് റേഡിയോ കോളർ ഘടിപ്പിക്കാൻ സമ്മതിക്കില്ലെന്ന് പറയുംപോലെയാണ്. ആകാശത്തുനിന്ന് ആനക്ക് റേഡിയോ കോളർ ഘടിപ്പിക്കാൻ കഴിയില്ല. ആനയെ പിടിക്കുന്നതാണ് പ്രശ്നപരിഹാരത്തിന്റെ ആദ്യഘട്ടം. പിടികൂടിയശേഷം എന്തുചെയ്യുമെന്നതിലാണ് ഹരജിക്കാരുടെ ആശങ്ക. ആനയെ പിടികൂടാതെ ഉൾക്കാട്ടിലേക്ക് വിട്ടാൽ പ്രയോജനമില്ല. പലതവണ ഉൾക്കാട്ടിലേക്ക് അരിക്കൊമ്പനെ അയച്ചിട്ടും തിരികെ വന്നതാണെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.