അനർഹർക്ക് ബി.പി.എൽ കാർഡ് തിരിച്ചേൽപിക്കാൻ ഒരവസരം കൂടി –മന്ത്രി
text_fieldsതിരുവനന്തപുരം: ബി.പി.എൽ റേഷൻ കാർഡുകൾ അനധികൃതമായി കൈവശംവെച്ച് ആനുകൂല്യം പറ്റുന്നവർക്ക് അത് മടക്കിനൽകാൻ ഒരവസരം കൂടി നൽകും. ഇങ്ങനെ മുന്നോട്ടുവരുന്നവർക്കെതിരെ സർക്കാർ ഒരു നടപടിയും സ്വീകരിക്കില്ലെന്നും നിർഭയമായി അവർക്കത് മടക്കിനൽകാമെന്നും ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ പറഞ്ഞു.
കേരള പത്രപ്രവർത്തക യൂനിയൻ ജില്ല കമ്മിറ്റി സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.പി.എൽ പട്ടികയിൽ ഉൾപ്പെടാൻ അർഹരായ നൂറുകണക്കിന് പാവപ്പെട്ടവർ ഇപ്പോഴും പുറത്തുനിൽക്കുകയാണ്. നിലവിലെ സംവിധാനപ്രകാരം നിശ്ചിത കുടുംബങ്ങളെ മാത്രമേ ഉൾപ്പെടുത്താനാവൂ. എന്നാൽ അനർഹരായ നിരവധിയാളുകൾ ഇപ്പോഴും ബി.പി.എൽ റേഷൻകാർഡ് ഉപയോഗിക്കുന്നു. അതിനി തുടരാൻ പറ്റില്ല.
ഭക്ഷ്യകിറ്റ് ആവശ്യമില്ലാത്ത നിരവധി കുടുംബങ്ങളുണ്ട്. ഉദ്യോഗസ്ഥർ, മെച്ചപ്പെട്ട വരുമാനമുള്ളവർ, സാമ്പത്തികശേഷിയുള്ളവർ തുടങ്ങിയ പലർക്കും കിറ്റ് ആവശ്യമില്ലെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. ഇവർ റേഷൻകടകളിൽ രേഖാമൂലം എഴുതി നൽകിയാൽ കിറ്റിൽനിന്ന് ഒഴിവാക്കും. ഇങ്ങനെ ചെയ്താൽ ഏറ്റവും അർഹരായവർക്ക് കിറ്റുകൾ നൽകാൻ സാധിക്കും. റേഷൻകടകൾ ഉൾപ്പെടെ സർക്കാർ പൊതുവിതരണ കേന്ദ്രങ്ങൾ പൊതുസ്വത്താണ്.
അവിടെ എത്തുന്ന ഉപഭോക്താവിനോട് ജീവനക്കാർ മാന്യമായി പെരുമാറണം. റേഷൻകടകളുടെ അസൗകര്യങ്ങൾ എത്രയും വേഗം പരിഹരിക്കും. ഒാരോ മാസവും ആദ്യം ജനങ്ങളുമായി സംവദിച്ച് അവരുടെ പ്രശ്നങ്ങൾ കേൾക്കും. വിലക്കയറ്റം നിയന്ത്രിക്കുന്നതിനൊപ്പം എല്ലാ കടകളിലും വിലനിലവാരം പ്രദർശിപ്പിക്കുന്നത് കർശനമാക്കും. ആലപ്പുഴ ജില്ലയിൽ നിന്ന് പരമാവധി നെല്ല് സംഭരിക്കും. മഴയിലും കാലവർഷക്കെടുതിയിലുംപെട്ട് കൃഷിനാശം സംഭവിച്ചവർക്ക് അടിയന്തര സഹായം നൽകും. സപ്ലൈകോ ഒൗട്ട്ലെറ്റിലടക്കം ഗുണമേന്മയുള്ള ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.