വിഴിഞ്ഞം: സർക്കാർ ക്ഷമയുടെ നെല്ലിപ്പടി കണ്ടു; രൂപത കോടതി നിർദേശം പാലിക്കണമെന്ന് മന്ത്രി
text_fieldsകോഴിക്കോട്: വിഴിഞ്ഞം സമരത്തിൽ സംസ്ഥാന സർക്കാർ ക്ഷമയുടെ നെല്ലിപ്പടി കണ്ടുവെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. സമരക്കാരുടെ ഏഴിൽ അഞ്ച് ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചതാണ്. സംസ്ഥാനത്തിന്‍റെ സമഗ്രവികസനത്തിന് ഗുണകരമാകുന്ന വലിയ പദ്ധതി നിർത്തിവെക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ല. ഇതൊഴികെ മറ്റാവശ്യങ്ങളിൽ ഇന്നും സർക്കാർ ചർച്ചക്ക് തയാറാണെന്നും മന്ത്രി വ്യക്തമാക്കി.
ജുഡീഷ്യറിയിൽ വിശ്വാസമുള്ളവരാണ് രൂപതയെങ്കിൽ ഹൈകോടതി നിർദേശം പാലിക്കണമായിരുന്നു. തുറമുഖ പദ്ധതി പ്രദേശത്തെ നിർമാണത്തിന് തടസം നിൽക്കില്ലെന്ന് രൂപത ഉറപ്പ് നൽകിയതാണ്. പദ്ധതി നിർത്തണമെന്ന രൂപതയുടെ ആവശ്യം അംഗീകരിക്കാൻ സാധിക്കില്ല. ഹൈകോടതി വിധി വന്ന ശേഷം വിശദമായി പ്രതികരിക്കാമെന്നും മന്ത്രി വ്യക്തമാക്കി.
പൊലീസിനെ കൈയ്യേറ്റം ചെയ്യുക, പൊലീസ് സ്റ്റേഷൻ അക്രമിക്കുക, മറ്റ് മതവിഭാഗങ്ങളുടെ വീടുകൾ ആക്രമിക്കുക എന്നിവ ആർക്കും അംഗീകരിക്കാനാവില്ല. മറ്റ് മതവിഭാഗങ്ങളുടെ വീടുകളും സ്ഥാപനങ്ങളും ആക്രമിക്കപ്പെടുന്ന അപകടകരമായ സ്ഥിതിവിശേഷമുണ്ടായി. ഒരു തരത്തിലുമുള്ള മത വർഗീയതയെ അംഗീകരിക്കാനാവില്ലെന്നും അഹമ്മദ് ദേവർകോവിൽ മാധ്യമങ്ങളോട് പറഞ്ഞു.
വിഴിഞ്ഞം സംഘർഷത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട രൂപതയുടെ നിലപാടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.