മന്ത്രി ശശീന്ദ്രന്റെ ആരോഗ്യനില തൃപ്തികരം; രണ്ട് ദിവസം കൂടി നിരീക്ഷണത്തിൽ
text_fieldsതിരുവനന്തപുരം: രക്തസമ്മർദത്തിലെ വ്യതിയാനത്തെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മന്ത്രി എ.കെ. ശശീന്ദ്രന്റെ ആരോഗ്യനില തൃപ്തികരം. നിലവിൽ ഐ.സി.യുവിലുള്ള ശശീന്ദ്രനെ ഞായറാഴ്ച രാത്രിയോ തിങ്കളാഴ്ചയോ മുറിയിലേക്ക് മാറ്റും. എങ്കിലും രണ്ടു ദിവസത്തെ നിരീക്ഷണം വേണമെന്നാണ് ഡോക്ടർമാരുടെ നിർദേശം. മരുന്നുകളും തുടരണം.
രക്തസമ്മർദം ഉയരുകയും വേഗം താഴുകയും ക്ഷീണവും തളർച്ചയും അനുഭവപ്പെടുകയും ചെയ്തതിനെ തുടർന്നാണ് മന്ത്രിയെ ആദ്യം പത്തനംതിട്ട ജനറൽ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചത്. നിലവിൽ രക്തസമ്മർദം സാധാരണ നിലയിലായിട്ടുണ്ട്. ഇതു ഉറപ്പുവരുത്തുന്നതിനാണ് രണ്ടു ദിവസത്തെ പൂർണ വിശ്രമവും നിരീക്ഷണവും ഡോക്ടർമാർ നിഷ്കർഷിച്ചിരിക്കുന്നത്.
ഒരുമാസമായി മന്ത്രി നവകേരള സദസ്സിനൊപ്പമുണ്ട്. തുടർച്ചയായ യാത്രയായതിനാൽ ഭക്ഷണം, ഉറക്കം, വിശ്രമം എന്നിവയിലെല്ലാം വിട്ടുവീഴ്ച ചെയ്യേണ്ടി വന്നിരുന്നു. ഇതാണ് ആരോഗ്യപ്രശ്നത്തിന് കാരണമായതെന്നാണ് വിവരം. കടുത്തുരുത്തിയിൽ 45 മിനിറ്റോളം പ്രസംഗിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.