കെ.പി. അരുണിന് 'മാധ്യമം' അക്ഷരവീട് സമർപ്പിച്ചു
text_fieldsകക്കോടി (കോഴിക്കോട്): അവശതമൂലം പഠിക്കാൻ യഥാസമയം ക്ലാസ് മുറിയിലെത്തിയില്ലെങ്കിലും നൂറുകണക്കിന് വിദ്യാർഥികൾക്ക് പഠന മാതൃകകൾ തീർത്ത 20 കാരനായ കക്കോടി മോരീക്കര കാഞ്ഞിരോളി അനീഷ് കുമാറിന്റെ ഇളയ മകൻ കെ.പി. അരുണിന് 'മാധ്യമം' അക്ഷരവീട് സമർപ്പിച്ചു. രാവിലെ കക്കോടി അക്ഷരവീട് അങ്കണത്തിൽ നടന്ന ചടങ്ങിൽ അക്ഷരവീട് പദ്ധതിയിലെ 'ധ' വീട് സമർപ്പണത്തിന്റെ ഉദ്ഘാടനം വനം-വന്യജീവി സംരക്ഷണ മന്ത്രി എ.കെ. ശശീന്ദ്രൻ നിർവഹിച്ചു. അരുണിനുള്ള പ്രശസ്തിപത്രവും മന്ത്രി കൈമാറി.
മാധ്യമവും അഭിനേതാക്കളുടെ സംഘടനയായ 'അമ്മ', ധനവിനിമയ രംഗത്തെ ആഗോള സ്ഥാപനമായ യൂനിമണി, ആരോഗ്യ മേഖലയിലെ ഇൻറർനാഷനൽ ബ്രാൻഡായ എൻ.എം.സി. ഗ്രൂപ് എന്നിവർ ചേർന്നാണ് അക്ഷരവീട് പദ്ധതി നടപ്പാക്കുന്നത്.
സമർപ്പണ ചടങ്ങിൽ മാധ്യമം ജോയന്റ് എഡിറ്റർ പി.ഐ. നൗഷാദ് അധ്യക്ഷത വഹിച്ചു. കക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഷീബ, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.പി. സുനിൽകുമാർ എന്നിവർ സ്നേഹാദര പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ. സിയാബ്, ചാന്നാരി വിജയൻ, മാധ്യമം രക്ഷാധികാരി ടി.കെ. ഹുസൈൻ എന്നിവർ ആശംസകളറിയിച്ചു.
അക്ഷരവീട് കോ ഓഡിനേറ്റർ പി.വി. മഹ്സും ഏരിയ ഫീൽഡ് കോ ഓഡിനേറ്റർ അബ്ദുൽ റഷീദും ഉപഹാരം നൽകി. മാധ്യമം റീജനൽ മാനേജർ ഇമ്രാൻ ഹുസൈൻ സ്വാഗതവും അസി. പി.ആർ മാനേജർ റഹ്മാൻ കുറ്റിക്കാട്ടൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.