കടന്നപ്പള്ളിക്ക് തന്നെ കോൺഗ്രസ് എസിലേക്ക് സ്വാഗതം ചെയ്യാൻ അവകാശമുണ്ട് -എ.കെ. ശശീന്ദ്രൻ
text_fieldsതിരുവനന്തപുരം: കോൺഗ്രസ് എസിലേക്ക് പോകുമെന്ന വാർത്തയിൽ കൂടുതൽ വിശദീകരണവുമായി മന്ത്രി എ.കെ. ശശീന്ദ്രൻ. കടന്നപ്പള്ളി രാമചന്ദ്രന് തന്നെ കോൺഗ്രസ് എസിലേക്ക് സ്വാഗതം ചെയ്യാൻ അവകാശമുണ്ടെന്ന് ശശീന്ദ്രൻ പറഞ്ഞു. മുതിർന്ന നേതാവെന്ന നിലയിൽ പറഞ്ഞത് ശരിയാണോ എന്ന് അദ്ദേഹം തീരുമാനിക്കട്ടെ എന്നും ശശീന്ദ്രൻ വ്യക്തമാക്കി.
പാലാ സീറ്റ് സംബന്ധിച്ച് ചർച്ച ചെയ്യാൻ സമയമായില്ല. നിലവിലേത് അനാവശ്യ വിവാദങ്ങളാണ്. തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ ഡൽഹിയിലേക്ക് പോകുമെന്നും എ.കെ. ശശീന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
എൻ.സി.പി ഇടതുമുന്നണി വിടുമെന്ന വാർത്തകൾക്ക് പിന്നാലെയാണ് മുതിർന്ന നേതാവും മന്ത്രിയുമായ എ.കെ. ശശീന്ദ്രനെ കോൺഗ്രസ് എസിലേക്ക് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ക്ഷണിച്ചത്. ശശീന്ദ്രനും പ്രവർത്തകർക്കും മുഖവുരയില്ലാതെ പാർട്ടിയിലേക്ക് വരാം. ശശീന്ദ്രനെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഞങ്ങൾ ഒരുമിച്ച് പ്രവർത്തിച്ചവരും സഞ്ചരിച്ചവരുമാണ്.
രാഷ്ട്രീയ രംഗത്തെ ചില മാറ്റങ്ങൾ കാരണം വഴിമാറിയതാണ്. ശശീന്ദ്രനും സഹപ്രവർത്തകരും പാർട്ടിയിലേക്ക് വരുന്നത് കോൺഗ്രസ് എസിനെയും ഇടതുമുന്നണിയെയും ശക്തിപ്പെടുത്തുമെന്നും കടന്നപ്പള്ളി രാമചന്ദ്രൻ പറഞ്ഞിരുന്നു.
പാലാ സീറ്റ് സംബന്ധിച്ച് കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗവുമായുള്ള തർക്കമാണ് എൻ.സി.പി ഇടതുമുന്നണി വിടുമെന്ന അഭ്യൂഹം ശക്തിപ്പെട്ടത്. എന്നാൽ, എൽ.ഡി.എഫ് ബന്ധം അവസാനിപ്പിക്കാൻ എ.കെ. ശശീന്ദ്രൻ അടക്കമുള്ളവർ എതിരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.