'ചുപ് ചുപ് ചൽനേ മേ ക്യാ റാസ് ഹൈ'; കടുവ ഭീതിക്കിടെ ഫാഷൻ ഷോയിൽ ഹിന്ദിപാട്ടുമായി മന്ത്രി ശശീന്ദ്രൻ
text_fieldsകോഴിക്കോട് നടന്ന ഫാഷൻ ഷോ ഉദ്ഘാടനം ചെയ്ത് ഗാനമാലപിക്കുന്ന മന്ത്രി എ.കെ. ശശീന്ദ്രൻ
കോഴിക്കോട്: വയനാട്ടിലെ കടുവ വേട്ടക്കിടെ കോഴിക്കോട് നടന്ന ഫാഷൻ ഷോയിൽ പാട്ടുപാടി വനംമന്ത്രി എ.കെ. ശശീന്ദ്രൻ. ഫാഷൻ ഷോ ഉദ്ഘാടകനായാണ് മന്ത്രി എത്തിയത്. കടുവ ഒരാളുടെ ജീവനെടുത്ത മാനന്തവാടിയിലേക്ക് വനംമന്ത്രി എത്താത്തതിൽ കടുത്ത പ്രതിഷേധമുയർന്നിരുന്നു.
വീണ്ടും കടുവയെ കണ്ട ഭീതിയിലാണ് മാനന്തവാടിയിലെ ആളുകൾ. അതിനിടയിലാണ് ഫാഷൻ ഷോയിൽ മന്ത്രിയുടെ ഹിന്ദിപാട്ട്. അവതാരകയുടെ ആവശ്യമനുസരിച്ചായിരുന്നു മന്ത്രി പാട്ട് പാടിയത്. ഫാഷൻ ഷോയുടെ ഉദ്ഘാടകനായെത്തിയ മന്ത്രി റാംപ് വാക്ക് നടത്തണം എന്നായിരുന്നു അവതാരകയുടെ ആവശ്യം. അത് നിരസിച്ച മന്ത്രി ഹിന്ദി ഗാനം ആലപിക്കുകയായിരുന്നു. രണ്ടുമിനിറ്റോളം മന്ത്രി പാട്ടുപാടുകയും ചെയ്തു. ഇന്ന് രാവിലെയാണ് ശശീ ന്ദ്രൻ കോട്ടയത്ത് നിന്ന് കോഴിക്കോട്ടെത്തിയത്. കോഴിക്കോട് നഗരത്തിൽ വിവിധ പരിപാടികളിൽ മന്ത്രി സംബന്ധിക്കുകയും ചെയ്തു.
അതിനിടെ, മാനന്തവാടിയിൽ നരഭോജി കടുവയെ പിടികൂടാനുള്ള തീവ്രശ്രമം നടക്കവെ പുളിക്കത്തൊടി ഷാനവാസിന്റെ വീടിന്റെ പിന്നിൽ കടുവയെ കണ്ടെന്ന് നാട്ടുകാർ അറിയിച്ചു. വീട്ടുകാർ ബഹളം വെച്ചതോടെ കടുവ വീടിന് പിറകിലെ കാട്ടിലേക്ക് പോയെന്നാണ് നാട്ടുകാർ പറയുന്നത്. പ്രതിഷേധസമരം നടന്നുകൊണ്ടിരുന്ന ഓഫിസിന് സമീപത്താണ് കടുവയെ കണ്ടത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.