വേട്ടയാടിയവരോട് ദൈവം പൊറുക്കട്ടെ; കോടതി വിധിയിൽ സന്തോഷമെന്ന് മന്ത്രി ആന്‍റണി രാജു
text_fieldsതിരുവനന്തപുരം: തൊണ്ടിമുതൽ മോഷണക്കേസിലെ ഹൈകോടതി വിധിയിൽ പ്രതികരിച്ച് ഗതാഗത മന്ത്രി ആന്‍റണി രാജു. ദൈവത്തിന് നന്ദി പറയുന്നുവെന്ന് ആന്‍റണി രാജു മാധ്യമങ്ങളോട് പ്രതികരിച്ചു.
1990ൽ ഉണ്ടായ സംഭവമാണിത്. യു.ഡി.എഫ് കാലത്ത് അന്വേഷിച്ച് തെളിവില്ലെന്ന് കണ്ട് തള്ളിയതാണ്. 2006ൽ സ്ഥാനാർഥിത്വം പോലും നഷ്ടമായി. കേസും അന്വേഷണവും ഹൈകോടതി റദ്ദാക്കിയതിൽ സന്തോഷമുണ്ട്. തന്നെ വേട്ടയാടിയവരോട് ദൈവം പൊറുക്കട്ടെയെന്നും ആന്‍റണി രാജു കൂട്ടിച്ചേർത്തു.
തൊണ്ടിമുതൽ മോഷണക്കേസിൽ തനിക്കെതിരായ എഫ്.ഐ.ആർ റദ്ദാക്കണമെന്ന ഗതാഗത മന്ത്രി ആന്‍റണി രാജുവിന്‍റെ ആവശ്യമാണ് ഹൈകോടതി അംഗീകരിച്ചത്. അതേസമയം, നടപടിക്രമങ്ങൾ പാലിച്ച് വീണ്ടും കേസെടുക്കുന്നതിന് തടസമില്ലെന്ന് ജസ്റ്റിസ് സിയാദ് റഹ്മാന്‍റെ ബെഞ്ച് വ്യക്തമാക്കി.
കേസില്‍ അന്വേഷണം നടത്താനോ കുറ്റപത്രം സമര്‍പ്പിക്കാനോ പൊലീസിന് അവകാശമില്ലെന്നും ഇത്തരത്തില്‍ സമര്‍പ്പിക്കുന്ന കുറ്റപത്രം ഫയലില്‍ സ്വീകരിച്ചത് നിയമവിരുദ്ധമാണെന്നുമാണ് ഹരജിയില്‍ ചൂണ്ടിക്കാട്ടിയത്. ഇത് അംഗീകരിച്ചാണ് കോടതി ഉത്തരവ്. അതേസമയം, ആക്ഷേപം ഗൗരവമുള്ളതെന്നും സാങ്കേതിക പിഴവുകൾ പരിഹരിച്ചു കൊണ്ട് പുതിയ നടപടിക്രമങ്ങളുമായി മുന്നോട്ടുപോവാമെന്നും ഹൈകോടതി പറഞ്ഞു.
1994ൽ നടന്ന സംഭവമാണ് കേസിനാസ്പദമായത്. ലഹരിമരുന്ന് കേസിലെ പ്രതിയെ രക്ഷിക്കാൻ അഭിഭാഷകനായിരുന്ന സമയത്ത് ആന്റണി രാജു തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചെന്നാണ് കേസ്. കേസിൽ വിദേശ പൗരനെ വഞ്ചിയൂർ സെഷൻസ് കോടതി 10 വർഷം തടവിന് ശിക്ഷിച്ചെങ്കിലും ഹൈകോടതിയിൽ നൽകിയ അപ്പീലിൽ വെറുതെ വിട്ടിരുന്നു. തൊണ്ടിമുതലിൽ കൃത്രിമം കാട്ടിയെന്ന കേസിൽ ആൻറണി രാജു, കോടതി ജീവനക്കാരനായ ജോസ് എന്നിവർക്കെതിരെ 2006 മാർച്ച് 24ന് കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.