ഒരു കോടിയുടെ ബസ് ബജറ്റ് ടൂറിസത്തിന് ഉപയോഗിക്കുമെന്ന് മന്ത്രി ആന്റണി രാജു
text_fieldsതിരുവനന്തപുരം: നവകേരള സദസ്സിന് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും യാത്ര ചെയ്യാനായി ഒരു കോടിയുടെ ആഡംബര ബസ് വാങ്ങുന്നതിൽ മാധ്യമങ്ങളിൽ വരുന്നതുപോലെ ഒരു ആർഭാടവുമില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. തയാറാക്കുന്ന ബസ് കാരവനൊന്നുമല്ല.
മുഖ്യമന്ത്രിക്ക് പ്രത്യേക മുറിയോ കാബിനോ ഒന്നുമില്ല. ബസ് കെ.എസ്.ആർ.ടി.സിയുടെ ഭാഗമാകുകയാണ്. നവകേരള സദസ്സ് കഴിഞ്ഞാൽ പൊളിച്ചുകളയില്ല. ഇത്തരം ബസുകൾ ആവശ്യപ്പെട്ട് നിരവധിപേർ കെ.എസ്.ആർ.ടി.സിയെ സമീപിക്കുന്നുണ്ട്. ബസ് ബജറ്റ് ടൂറിസത്തിന് ഉപയോഗിക്കും. നവകേരള സദസ്സിനുവേണ്ടിയല്ല ബസ് വാങ്ങിയത്. ബസ് വാങ്ങാൻ എപ്പോഴും സഹായം നല്‍കുന്നത് സർക്കാറാണ്. ബസ് രഹസ്യമായി സൂക്ഷിക്കുന്നില്ല. സുരക്ഷയുടെ ഭാഗമായി പൊലീസ് മാറ്റിയതാകാമെന്നും മന്ത്രി പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധി ആവർത്തിക്കുന്നതിനിടെ, നവകേരള സദസ്സുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കാൻ ഒരു കോടി രൂപ ചെലവഴിച്ച് ബസ് വാങ്ങാനുള്ള തീരുമാനം വിവാദത്തിലായിരുന്നു. സർക്കാർ തീരുമാനം ധൂർത്തും ആഡംബരവുമെന്നാരോപിച്ച് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.
സിനിമാ താരങ്ങളെപ്പോലെയാണ് മുഖ്യമന്ത്രിയുടെ ആഡംബര കാരവാൻ യാത്രയെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. കര്‍ഷകര്‍ പലിശക്ക് പണമെടുത്ത് കൃഷി ചെയ്യുമ്പോഴാണ് മുഖ്യമന്ത്രി ഒരു കോടി രൂപയുടെ ബസില്‍ ധൂര്‍ത്തടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കുറ്റപ്പെടുത്തി. നവകേരള സദസ്സിന്റെ പേരില്‍ ധൂര്‍ത്തടിക്കുന്ന പണം പാവങ്ങള്‍ക്ക് നല്കിയിരുന്നെങ്കില് ആത്മഹത്യകള്‍ ഒഴിവാക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേമ പെൻഷൻ പോലും ലഭിക്കാതെയും വിലക്കയറ്റം മൂലവും ഓരോ ദിവസവും ജനം പൊറിതിമുട്ടുമ്പോൾ കേരളം കാണാൻ സുഖവാസയാത്രയായി എത്തുന്ന മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ജനം എങ്ങനെ സ്വീകരിക്കുമെന്ന് കണ്ടറിയണമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ആഡംബര ‘കാരവൻ’ ഒരുക്കുന്നത് സർക്കാറിനുതന്നെ ബൂമറാങ് ആകും. കോടികൾ മുടക്കി ഹെലികോപ്ടറിൽ കറങ്ങുന്ന മുഖ്യമന്ത്രി സാധാരണ ജനങ്ങളെ കാണാൻ ആഡംബര ബെൻസ് കാരവനിൽ എത്തുന്നതിൽ അത്ഭുതമില്ലെന്നും ചെന്നിത്തല പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.