കുറ്റകൃത്യങ്ങൾക്കായി വാഹനം ഉപയോഗിച്ചാൽ പെർമിറ്റും ലൈസൻസും റദ്ദാക്കുമെന്ന് ഗതാഗത മന്ത്രി
text_fieldsആലപ്പുഴ: കുറ്റകൃത്യങ്ങൾക്കായി ഉപയോഗിക്കുന്ന വാഹനങ്ങളുടെ പെർമിറ്റും സഞ്ചരിച്ച വ്യക്തികളുടെ ഡ്രൈവിങ് ലൈസൻസും റദ്ദാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. നിലവിൽ മോട്ടോർ വാഹന നിയമപ്രകാരമുള്ള കുറ്റങ്ങൾക്ക് മാത്രമാണ് ലൈസൻസും പെർമിറ്റും റദ്ദാക്കുന്നത്. വാഹനങ്ങൾ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. സംസ്ഥാനത്ത് ഇപ്പോൾ വിതരണം ചെയ്യുന്ന ഡ്രൈവിങ് ലൈസൻസ് കാർഡിനു പകരം എലഗന്റ് കാർഡുകൾ മേയ് മാസം മുതൽ വിതരണം ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി.
വാഹനമോടിക്കുമ്പോഴുള്ള മൊബൈൽ ഫോൺ ഉപയോഗവും ഹെൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്നതും സീറ്റ് ബെൽറ്റ് ഉപയോഗിക്കാതെ യാത്ര ചെയ്യുന്നതും കണ്ടെത്തി മോട്ടോൽ വാഹന നിയമപ്രകാരമുള്ള ശക്തമായ നടപടി സ്വീകരിക്കുന്നതിനായി അടുത്ത മൂന്നു മാസം സ്‌പെഷ്യൽ ഡ്രൈവുകൾ സംഘടിപ്പിക്കും. മേയ്, ജൂൺ, ജൂലൈ മാസങ്ങളിൽ ഇതിനായി വകുപ്പിലെ എൻഫോഴ്‌സ്‌മെന്റ് വിഭാഗം വ്യപക പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു.
മോട്ടോർ വാഹന വകുപ്പിന്റെ പരാതി പരിഹാര അദാലത്തായ 'വാഹനീയം' ആലപ്പുഴ ടൗൺഹാളിൽ ഉദ്ഘാടനം ചെയ്യുന്ന വേളയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. നൂറു കണക്കിന് അപേക്ഷകരുടെ പരാതികൾ പരിഹരിച്ച വാഹനീയം പരിപാടിയിൽ എ.എം. ആരിഫ് എം.പി, എച്ച്. സലീം എം.എൽ.എ, തോമസ് കെ. തോമസ് എം.എൽ.എ, ആലപ്പുഴ നഗരസഭാധ്യക്ഷ സൗമ്യ രാജ്, ട്രാൻസ്‌പോർട്ട് കമീഷണർ എസ്. ശ്രീജിത്ത് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.