കെ.എസ്.ആര്‍.ടി.സിയെ അവശ്യ സര്‍വീസായി പ്രഖ്യാപിക്കുന്നത് പരിഗണിക്കും- മന്ത്രി ആന്റണി രാജു
text_fieldsതിരുവനന്തപുരം: ജനങ്ങളെ വലയ്ക്കുന്ന പ്രവണത തുടര്‍ന്നാല്‍ കെ.എസ്.ആര്‍.ടിസിയെ അവശ്യ സര്‍വീസായി പ്രഖ്യാപിക്കുന്നത് പരിഗണിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ജീവനക്കാര്‍ പണിമുടക്ക് ആരംഭിച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.
കോവിഡ് പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തിനിടെയുള്ള കെ.എസ്.ആര്‍.ടി.സി യൂണിയനുകളുടെ പണിമുടക്ക് അംഗീകരിക്കാനാകില്ല. മാസശമ്പളം ലഭിക്കാത്ത വലിയ വിഭാഗം ജനങ്ങള്‍ കഷ്ടപ്പെടുമ്പോഴാണ് ശമ്പളപരിഷ്‌കരണം ആവശ്യപ്പെട്ട് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. 30 കോടി രൂപയുടെ അധിക ബാധ്യത വരുന്ന ശമ്പള പരിഷ്‌കരണമാണ് യൂണിയനുകള്‍ ആവശ്യപ്പെട്ടതെന്നും മന്ത്രി പറഞ്ഞു.
കെ.എസ്.ആര്‍.ടി.സി. ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും മുടക്കുന്നില്ല. ശമ്പള വര്‍ധന നടപ്പിലാക്കില്ലെന്നും പറഞ്ഞിട്ടില്ല. പക്ഷേ, ശമ്പളം കൂട്ടുന്നത് സര്‍ക്കാരിന് 30 കോടി രൂപയുടെ അധിക ബാധ്യത സൃഷ്ടിക്കും. അതു ചര്‍ച്ച ചെയ്യാനുള്ള സമയ പരിധിയാണ് ജീവനക്കാരോട് ചോദിച്ചത്- ആന്റണി രാജു പറഞ്ഞു.
കോവിഡ് കാലത്ത് വരുമാനം ഇല്ലാത്ത മാസങ്ങളില്‍ പോലും ശമ്പളം നല്‍കാതിരുന്നിട്ടില്ല. ഒരു രൂപ പോലും ഇല്ലാത്ത ഘട്ടത്തില്‍ പോലും ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ശമ്പളം നല്‍കി വരികയാണ്. 80 കോടി രൂപയാണ് ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ ചെലവഴിക്കുന്നത്. അങ്ങനെയുള്ളപ്പോള്‍ സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തുന്നത് ശരിയാണോയെന്ന് യൂണിയനുകള്‍ ആലോചിക്കണമെന്നും ഗതാഗത മന്ത്രി പറഞ്ഞു.
സ്‌കൂളുകള്‍ തുറന്ന, ശബരിമല സീസണ്‍ ആരംഭിച്ച സമയത്ത് തന്നെയുള്ള ഈ പണിമുടക്ക് അനാവശ്യമാണ്. യൂണിയനും മാനേജ്‌മെന്റും തമ്മിലുള്ള തര്‍ക്കത്തില്‍ ജനങ്ങള്‍ എന്ത് പിഴച്ചുവെന്നും ജനങ്ങളെ ബന്ദികളാക്കരുതായിരുന്നുവെന്നും ആന്റണി രാജു പറഞ്ഞു.
ശമ്പളപരിഷ്കരണം നടപ്പാക്കണം എന്നാവശ്യപ്പെട്ടാണ് ഇടത് -വലത്, ബിഎംഎസ് യൂണിയനുകള്‍ സംയുക്തമായി സമരം നടത്തുന്നത്. അർദ്ധരാത്രി ആരംഭിച്ച സമരം 48 മണിക്കൂര്‍ നീണ്ടുനിൽക്കും.
ഭരണാനുകൂല സംഘടനയായ എംപ്ളോയീസ് അസോസിയേഷനും ബി.എം.എസിന്‍റെ എംപ്ളോയീസ് സംഘും 24 മണിക്കൂര്‍ പണിമുടക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഐ.എന്‍.ടി.യു.സി നേതൃത്വത്തിലുള്ള ടി.ഡി.എഫ് 48 മണിക്കൂര്‍ പണിമുടക്കും. എല്ലാ യൂണിയനുകളും സമരത്തിൽ പങ്കെടുക്കുന്നതിനാൽ സംസ്ഥാനത്തെ ബസ് സര്‍വീസ് പൂര്‍ണമായും തടസ്സപ്പെടും. ഇന്നും നാളെയും ജോലിക്ക് എത്താത്തവരുടെ ശമ്പളം പിടിക്കും. എന്നാൽ ഇതിനെ തള്ളിയാണ് യൂണിയനുകൾ സമരവുമായി മുന്നോട്ട് പോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.