ഉടൻ നിയമനം നൽകുമെന്ന് മന്ത്രിയുടെ ഉറപ്പ്; കായിക താരങ്ങൾ സമരം അവസാനിപ്പിച്ചു
text_fieldsതിരുവനന്തപുരം: 17 ദിവസമായി സെക്രേട്ടറിയറ്റിന് മുന്നിൽ കായികതാരങ്ങൾ നടത്തുന്ന സമരം ഒത്തുതീർന്നു. 24 പേർക്ക് ഉടൻ ജോലിനൽകുമെന്ന കായികമന്ത്രിയുടെ ഉറപ്പിനെതുടർന്നാണ് സമരം അവസാനിപ്പിച്ചത്. വെള്ളിയാഴ്ച വൈകീട്ട് കായികമന്ത്രി വി. അബ്ദുറഹിമാനുമായി സമരക്കാരുടെ പ്രതിനിധികൾ നടത്തിയ ചർച്ചയിലാണ് നിയമന ശിപാർശ ലഭിച്ച ദേശീയ ഗെയിംസ് ജേതാക്കളായ 24 കായികതാരങ്ങൾക്ക് ഉടൻ നിയമനം നൽകാൻ തീരുമാനമായത്.
ബാക്കിയുള്ള 20 പേരുടെ നിയമനകാര്യത്തിൽ എട്ടംഗ സമിതിയെയും നിയോഗിച്ചു. കായിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, സംസ്ഥാന സ്‌പോർട്‌സ് കൗണ്‍സില്‍ പ്രസിഡൻറ് മേഴ്‌സിക്കുട്ടന്‍, കായിക യുവജനകാര്യ ഡയറക്ടര്‍, മുന്‍ കായികതാരങ്ങളായ കെ.സി. ലേഖ, യു. ഷറഫലി, വി.പി. ഷാജി, ജോർജ് തോമസ് എന്നിവരാണ് സമിതിയംഗങ്ങള്‍.
ഒരു വര്‍ഷം 50 കായികതാരങ്ങള്‍ക്കാണ് സ്‌പോർട്‌സ് േക്വാട്ട നിയമനം നല്‍കുന്നത്. ഇതുപ്രകാരം 2019 ഫെബ്രുവരിയില്‍ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റില്‍നിന്ന് 195 പേര്‍ക്ക് 2020 ഫെബ്രുവരിയില്‍ നിയമനം നല്‍കി. പി.ആര്‍. ശ്രീജേഷിന് പ്രത്യേക പരിഗണനയില്‍ നേരത്തേ ജോലി നല്‍കിയിരുന്നു. അവശേഷിക്കുന്ന 54 ഒഴിവിലേക്കുള്ള നിയമന നടപടികള്‍ പുരോഗമിക്കുകയാണെന്ന് മന്ത്രി അറിയിച്ചു.
2010 മുതല്‍ 14 വരെയുള്ള ഓരോ വര്‍ഷത്തെയും ശേഷിക്കുന്ന ഒഴിവുകളില്‍ മാനദണ്ഡ പ്രകാരം 24 പേര്‍ക്കാണ് നിയമനം നല്‍കാന്‍ കഴിയുക. ഈ 24 ഒഴിവിലേക്കാണ് സമരക്കാരെ പരിഗണിക്കുന്നത്. 24 പേര്‍ക്ക് പുറമെ എന്‍.ജെ.ഡി ഒഴിവുകളില്‍ ചിലര്‍ക്കുകൂടി ജോലി ലഭിക്കും.
മാനദണ്ഡങ്ങള്‍ പ്രകാരം തുടര്‍ന്ന് ഈ ലിസ്റ്റില്‍ അവശേഷിക്കുന്നവര്‍ക്ക് നിയമനം നല്‍കാന്‍ കഴിയില്ല. എന്നാല്‍, ഇക്കാര്യത്തില്‍ എന്തുചെയ്യാന്‍ കഴിയുമെന്ന് പരിശോധിക്കാനാണ് ഉന്നതസമിതിയെ ചുമതലപ്പെടുത്തിയത്.
കൂടാതെ, കായികതാരങ്ങള്‍ ഉയര്‍ത്തിയ മറ്റ് പരാതികളും സമിതി പരിശോധിക്കുമെന്ന് മന്ത്രി സമരക്കാർക്ക് ഉറപ്പുനൽകി. ഇതോടെയാണ് സമരം അവസാനിപ്പിക്കാൻ കായികതാരങ്ങൾ തീരുമാനിച്ചത്. സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കുമെന്നാണ് പ്രതീക്ഷയെന്ന് കായികതാരങ്ങൾ ചർച്ചക്കുശേഷം പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.