എന്‍.കെ. പ്രേമചന്ദ്രൻ എം.പിയുടെ ചോദ്യം വസ്തുതാവിരുദ്ധം; കേന്ദ്രവുമായി തർക്കമില്ലെന്ന് മന്ത്രി ബാലഗോപാൽ
text_fieldsതിരുവനന്തപുരം: ജി.എസ്.ടി കുടിശ്ശികയുടെ കാലതാമസം സംബന്ധിച്ച് കേരളവും കേന്ദ്രസര്‍ക്കാറും തമ്മില്‍ തര്‍ക്കങ്ങളില്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. തർക്കമില്ലാത്ത വിഷയങ്ങളിൽ തർക്കമുണ്ടെന്ന് വരുത്തി യഥാർഥ പ്രശ്നങ്ങൾ മറച്ചുവെക്കാനാണ് ഇത്തരം ചോദ്യങ്ങളിലൂടെ ചിലർ ശ്രമിക്കുന്നതെന്ന് എൻ.കെ. പ്രേമചന്ദ്രനെ പരോക്ഷമായി വിമർശിച്ച് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
എന്‍.കെ. പ്രേമചന്ദ്രൻ എം.പിയുടെ പാർലമെന്‍റിലെ ചോദ്യംതന്നെ വസ്തുതാവിരുദ്ധമാണ്. കേരളത്തിന് കുടിശ്ശികയായി കേന്ദ്രം നൽകാനുള്ളത് 750 കോടി രൂപ മാത്രമാണ്. കേരളം ഉന്നയിക്കുന്ന പ്രശ്നം കുടിശ്ശികയുടേതോ അതനുവദിക്കുന്നതിലെ കാലതാമസത്തിന്റേതോ അല്ല. മറിച്ച് സംസ്ഥാനങ്ങള്‍ക്ക് അര്‍ഹമായി നല്‍കേണ്ട വിഹിതം കേന്ദ്രം വെട്ടിക്കുറക്കുന്നുവെന്നതാണ്.
ജി.എസ്.ടി നടപ്പാക്കിയതോടെ സംസ്ഥാനങ്ങളുടെ വരുമാനത്തിൽ വലിയ കുറവുണ്ടായി. 2022 ജൂണ്‍ 30ന് ജി.എസ്.ടി നഷ്ടപരിഹാരം അവസാനിപ്പിച്ചതോടെ കേരളത്തിനുണ്ടായത് പന്ത്രണ്ടായിരത്തോളം കോടി രൂപയുടെ നഷ്ടമാണ്. പ്രകൃതിദുരന്തങ്ങളും മഹാമാരിയും സൃഷ്ടിച്ച പ്രതിസന്ധിയും പല സാധനങ്ങളുടെയും നികുതി വെട്ടിക്കുറച്ചതും മൂലം സംസ്ഥാനങ്ങൾക്കുണ്ടായ വരുമാനനഷ്ടം പരിഹരിക്കാൻ ജി.എസ്.ടി നഷ്ടപരിഹാരം അഞ്ചുവർഷംകൂടി ദീർഘിപ്പിക്കണമെന്ന് ബി.ജെ.പി ഭരണത്തിലുള്ള സംസ്ഥാനങ്ങളുൾപ്പെടെ ആവശ്യപ്പെട്ടിരുന്നു.
പതിനഞ്ചാം ധനകാര്യ കമീഷൻ ഡിവിസിബിൾ പൂളിൽനിന്ന് സംസ്ഥാനത്തിന് നൽകുന്ന വിഹിതം 1.925 ശതമാനമായി വെട്ടിക്കുറച്ചതിലൂടെ 18,000ത്തോളം കോടി രൂപയുടെ നഷ്ടമുണ്ടാകും. ജി.എസ്.ടി കണക്കുകളെല്ലാം കൃത്യമായി സമർപ്പിക്കുന്നുമുണ്ട്. കേന്ദ്രവുമായുള്ള കത്തിടപാടുകൾ മുറക്ക് നടക്കുന്നു. അതുകൊണ്ടാണ് എല്ലാ ഗഡുവും കേന്ദ്രം നൽകിയത്. കേരളത്തിന് അര്‍ഹമായ സാമ്പത്തികവിഹിതം വെട്ടിക്കുറക്കുന്ന കേന്ദ്ര നിലപാടിനെതിരെ കക്ഷിരാഷ്ട്രീയഭേദെമന്യേ മുഴുവന്‍ ജനങ്ങളും അണിനിരക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.