മന്ത്രി ബിന്ദുവിന് പ്രഫസർ പദവി: യു.ജി.സി വ്യവസ്ഥ ലംഘിച്ചെന്ന പരാതിയിൽ ഗവർണർ വിശദീകരണം തേടി
text_fieldsതിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിന് മുൻകാല പ്രാബല്യത്തിൽ പ്രഫസർ പദവി അനുവദിക്കാൻ കാലിക്കറ്റ് സർവകലാശാല യു.ജി.സി ചട്ടം ലംഘിച്ചെന്ന പരാതിയിൽ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ വൈസ്ചാൻസലറോട് വിശദീകരണം തേടി. സർവിസിൽനിന്ന് വിരമിച്ച കോളജ് അധ്യാപകർക്കുകൂടി പ്രഫസർ പദവി നൽകാനുള്ള സർവകലാശാല തീരുമാനം യു.ജി.സി ചട്ടങ്ങൾ ലംഘിച്ചാണെന്ന് ചൂണ്ടിക്കാട്ടി സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി നൽകിയ പരാതിയിലാണ് ഏഴ് ദിവസത്തിനുള്ളിൽ വിശദീകരണം നൽകാൻ നിർദേശിച്ചത്. സർക്കാറുമായി ഇടഞ്ഞ് ചാൻസലർ പദവി ഒഴിയുകയാണെന്ന് പ്രഖ്യാപിച്ച ഗവർണർ, ഭിന്നത പരിഹരിച്ച ശേഷം ആദ്യം ഒപ്പുവെച്ച ഫയലുകളിൽ ഒന്നാണിത്.
സർവിസിൽ തുടരുന്നവരെ മാത്രമേ പ്രഫസർ പദവിക്ക് പരിഗണിക്കാൻ പാടുള്ളൂവെന്ന യു.ജി.സി വ്യവസ്ഥ സർവകലാശാല ലംഘിച്ചെന്നാണ് ആക്ഷേപം. യു.ജി.സി റെഗുലേഷൻ ഭേദഗതികൾ കൂടാതെ, അതേപടി നടപ്പാക്കിയാണ് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത്.
ഇതുപ്രകാരം വിരമിച്ച അധ്യാപകർക്ക് പ്രഫസർ പദവി നൽകുന്നത് കേരള സർവകലാശാല നിരാകരിച്ചിരിക്കുമ്പോഴാണ് വിരമിച്ചവർക്കുകൂടി പ്രഫസർ പദവി കാലിക്കറ്റ് സിൻഡിക്കേറ്റ് അനുവദിച്ചത്.
മന്ത്രി ആർ. ബിന്ദു കാലിക്കറ്റ് യൂനിവേഴ്സിറ്റിയുടെ കീഴിലുള്ള തൃശൂർ കേരള വർമ കോളജിൽ ഇംഗ്ലീഷ് അധ്യാപികയായിരിക്കെ, നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി 2021മാർച്ചിൽ സ്വയം വിരമിക്കൽ വാങ്ങിയിരുന്നു.
മന്ത്രിക്ക് പ്രഫസർ പദവി മുൻകാല പ്രാബല്യത്തിൽ ലഭിക്കാനാണ് കാലിക്കറ്റ് യൂനിവേഴ്സിറ്റി മുൻകാല പ്രാബല്യം അനുവദിച്ചതെന്നാണ് ആരോപണം.
പ്രഫസർ ബിന്ദു എന്ന പേരിൽ മന്ത്രി സത്യപ്രതിജ്ഞ ചെയ്തത് വിവാദമായതോടെ മന്ത്രിയുടെ പേരിനൊപ്പമുള്ള പ്രഫസർ പദവി സർക്കാർ അസാധാരണ ഗസറ്റ് വിജ്ഞാപനത്തിലൂടെ നേരത്തേ നീക്കം ചെയ്തിരുന്നു.
യു.ജി.സി ചട്ടങ്ങൾ മറികടക്കാൻ സംസ്ഥാന സർക്കാറിനോ സർവകലാശാലക്കോ കഴിയില്ലെന്നിരിക്കെ, വിരമിച്ച കോളജ് അധ്യാപകർക്കുകൂടി മുൻകാല പ്രാബല്യത്തിൽ പ്രഫസർ പദവി അനുവദിക്കാനുള്ള കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് ഉപസമിതിയുടെ ശിപാർശ വിശദ പഠനമില്ലാതെ വി.സി അംഗീകരിക്കുകയായിരുന്നു. വിശദീകരണം തേടിയുള്ള ഗവർണറുടെ കത്ത് ശനിയാഴ്ച ചേരുന്ന സിൻഡിക്കേറ്റ് യോഗത്തിന്റെ പരിഗണനക്ക് വന്നേക്കുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.