'തോറ്റ' വിദ്യാർഥിയെ ജയിപ്പിക്കാൻ എം.ജിയിൽ കൈക്കൂലി: കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ബിന്ദു
text_fieldsതിരുവനന്തപുരം: പരീക്ഷയിൽ തോറ്റുവെന്ന് തെറ്റിദ്ധരിപ്പിച്ച്, ജയിപ്പിക്കാൻ വിദ്യാർഥിയിൽനിന്ന് ഒന്നര ലക്ഷം രൂപ കൈക്കൂലി വാങ്ങിയ സംഭവത്തിൽ കർശന നടപടി സ്വീകരിക്കാൻ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു ആവശ്യപ്പെട്ടു. കോട്ടയം എം.ജി സർവകലാശാല ജീവനക്കാരി കൈക്കൂലി വാങ്ങിയ സംഭവത്തിലാണ് അടിയന്തര റിപ്പോർട്ട് നൽകാനും നടപടിക്കും രജിസ്ട്രാറോട് ആവശ്യപ്പെടാൻ അഡീഷണൽ ചീഫ് സെക്രട്ടറിക്ക് മന്ത്രി നിർദേശം നൽകിയത്.
സർവകലാശാലകളിൽ വിദ്യാർത്ഥികൾക്കുള്ള സേവനസൗകര്യങ്ങൾക്ക് പണം ആവശ്യപ്പെടുന്നതുപോലെയുള്ള സംഭവങ്ങൾ ആവർത്തിക്കാൻ അനുവദിക്കില്ലെന്ന് മന്ത്രി പറഞ്ഞു.
എം.ബി.എ മാർക്ക് ലിസ്റ്റ് വേഗത്തിൽ നൽകാൻ 1,55,000 രൂപ കൈക്കൂലി ആവശ്യപ്പെട്ട എം.ജി സർവകലാശാല കാമ്പസ് എം.ബി.എ വിഭാഗത്തിൽ യൂനിവേഴ്‌സിറ്റി അസിസ്റ്റന്‍റായ കോട്ടയം ആർപ്പൂക്കര കാരോട്ട് കൊങ്ങവനം സി.ജെ. എൽസിയെയാണ് (48) ശനിയാഴ്ച കോട്ടയം വിജിലൻസ് അറസ്റ്റ് ചെയ്തത്.
പത്തനംതിട്ട സ്വദേശിനിയായ വിദ്യാർഥിനിയിൽനിന്ന് 15,000 രൂപ വാങ്ങുന്നതിനിടെ ശനിയാഴ്ച ഉച്ചക്ക് രണ്ടിന് പരീക്ഷ ഭവന്‍റെ മുന്നിൽനിന്ന് വിജിലൻസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രൊവിഷനൽ സർട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റും വേഗത്തിൽ നൽകാൻ എം.ബി.എ പാസായ വിദ്യാർഥിനിയോട് 50,000 രൂപയാണ് ഇവർ കൈക്കൂലി ആവശ്യപ്പെട്ടത്. അത്രയും തുക നൽകാൻ നിർവാഹമില്ലെന്ന് വിദ്യാർഥിനി അറിയിച്ചപ്പോൾ 30,000 രൂപയാക്കി. ഇതിൽ 15,000 രൂപ ശനിയാഴ്ചയും ബാക്കി ഒരാഴ്ചക്കുശേഷവും നൽകണമെന്നും എൽസി ആവശ്യപ്പെട്ടു.
വിദ്യാർഥിനി വെള്ളിയാഴ്ച വിജിലൻസ് കിഴക്കൻ മേഖല പൊലീസ് സൂപ്രണ്ട് വി.ജി. വിനോദ് കുമാറിനെ അറിയിക്കുകയും പരാതി നൽകുകയുമായിരുന്നു. വിജിലൻസ് വിദ്യാർഥിനിയുടെ പക്കൽ ഫിനോഫ്തലിൻ പൗഡർ പുരട്ടിയ നോട്ട് നൽകി. ഈ തുക യൂനിവേഴ്‌സിറ്റി കാമ്പസിലെത്തി എൽസിക്ക് കൈമാറുന്നതിനിടെ വിജിലൻസ് സംഘം പിടികൂടുകയായിരുന്നു.
2014-2016 ബാച്ചിൽ കോഴ്സ് പൂർത്തിയാക്കിയ വിദ്യാർഥിനി പരാജയപ്പെട്ട ഏഴ് വിഷയങ്ങൾ നേരത്തെ എഴുതിയെടുത്തിരുന്നു. അവശേഷിച്ച ഒരുവിഷയത്തിന്‍റെ പരീക്ഷ കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന മേഴ്സി ചാൻസിൽ എഴുതി. ഇതിന്‍റെ ഫലം പ്രസിദ്ധീകരിച്ചോയെന്ന് മാസങ്ങൾക്കുമുമ്പ് സെക്ഷനിൽ വിളിച്ചന്വേഷിച്ച വിദ്യാർഥിനിയോട്, തോറ്റതായി തെറ്റിദ്ധരിപ്പിച്ചു. തുടർന്ന് വിവിധ വാഗ്ദാനങ്ങൾ നൽകി സ്വന്തം അക്കൗണ്ടിലേക്ക് വിദ്യാർഥിനിയിൽനിന്ന് 1,25,000 രൂപ എൽസി വാങ്ങിയെടുത്തു.
എന്നാൽ, ഈ മാസം ആദ്യം ഫലം പ്രസിദ്ധീകരിച്ചപ്പോൾ വിദ്യാർഥിനി നൂറിൽ 57 മാർക്ക് നേടി വിജയിച്ചു. ഇതോടെ കബളിപ്പിക്കപ്പെടുകയായിരുന്നുവെന്ന് വിദ്യാർഥിനി തിരിച്ചറിയുകയായിരുന്നുവെന്നും വിജിലൻസ് പറഞ്ഞു.
വിജിലൻസ് റേഞ്ച് ഡിവൈ.എസ്.പി വിശ്വനാഥൻ, ഇൻസ്‌പെക്ടർമാരായ സജു എസ്. ദാസ്, നിസ്സാം, ജയകുമാർ, നിസാം, സബ് ഇൻസ്പെക്ടർമാരായ അനിൽകുമാർ, രാഘവൻകുട്ടി, പ്രസന്നകുമാർ, ഗോപകുമാർ, എ.എസ്.ഐമാരായ സ്റ്റാൻലി തോമസ്, സുരേഷ് ബാബു, സിജു തോമസ് സി.പി.ഒമാരായ മനോജ് കുമാർ, അനൂപ്, രാജേഷ്, അരുൺ ചന്ദ്, രഞ്ജിനി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. വൈദ്യപരിശോധനക്കുശേഷം എൽസിയെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കി.
ഇവർ കൂടുതൽപേരിൽനിന്ന് പണം വാങ്ങിയതായുള്ള സൂചന വിജിലൻസിന് ലഭിച്ചിട്ടുണ്ട്. മറ്റാരും ഇതുവരെ പരാതി നൽകിയിട്ടില്ലെന്നും വിശദ അന്വേഷണം നടത്തുമെന്നും വിജിലൻസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.