ഇ-ബസ്: കണക്കുകൾ പുറത്തായതിൽ മന്ത്രി ഗണേഷിന് അതൃപ്തി
text_fieldsതിരുവനന്തപുരം: ഇ-ബസ് നഷ്ടമാണെന്ന് താൻ പരസ്യപ്രസ്താവന നടത്തിയതിന് പിന്നാലെ ലാഭകരമെന്ന് അടിവരയിട്ട് കെ.എസ്.ആർ.ടി.സി റിപ്പോർട്ട് പുറത്തുവന്നതിൽ മന്ത്രി ഗണേഷ് കുമാറിന് അതൃപ്തി. തിങ്കളാഴ്ച രാവിലെ കെ.എസ്.ആർ.ടി.സി ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ ഇക്കാര്യം ഉന്നയിച്ച മന്ത്രി ഇത്തരം പ്രവണതകൾ ആവർത്തിക്കരുതെന്ന കർശന നിർദേശവും നൽകി. ഒപ്പം റിപ്പോർട്ട് ചോർന്നത് എങ്ങനെ എന്ന് കണ്ടെത്താൻ ഒരു എക്സിക്യുട്ടിവ് ഡയറക്ടറെ ചുമതലപ്പെടുത്തുകയും ചെയ്തു.
ഇ-ബസിനെതിരെ മന്ത്രി എടുത്ത നിലപാട് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തള്ളിക്കളഞ്ഞിരുന്നു. വി.കെ. പ്രശാന്ത് എം.എൽ.എയും തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ എന്നിവരും തള്ളി. വകുപ്പിലെ ആദ്യനീക്കം തന്നെ പാളിയ മന്ത്രി അതിന്റെ രോഷം ഉദ്യോഗസ്ഥരോടു കാണിക്കുകയായിരുന്നു.
കെ.എസ്.ആർ.ടി.സി ഇ-ബസുകളുടെ വരവും ചെലവും ലാഭമോ നഷ്ടമോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ വിശദമായി സമർപ്പിക്കാനാണ് ഗണേഷ് കുമാർ കെ.എസ്.ആർ.ടി.സിയോട് ആവശ്യപ്പെട്ടിരുന്നത്. മന്ത്രിക്ക് ജോയന്റ് എം.ഡി റിപ്പോർട്ട് നൽകുന്നതിനു മുമ്പ് ഇ- ബസ് ലാഭത്തിലാണെന്ന കണക്കുകൾ പുറത്തുവന്നതാണ് മന്ത്രിയെ ചൊടിപ്പിച്ചത്. കെ.എസ്.ആർ.ടി.സിയുടെ തന്നെ വാർഷിക റിപ്പോർട്ടിലെ കണക്കുകളാണ് മന്ത്രിയുടെ വാദങ്ങളെ തള്ളിക്കളയും വിധം പുറത്തുവന്നത്.
ഇലക്ട്രിക് ബസുകളുടെ വരവ്-ചെലവ് കണക്കുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് കെ.എസ്.ആർ.ടി.സി, ഗതാഗത മന്ത്രിക്ക് കൈമാറിയിട്ടുണ്ട്. റിപ്പോര്‍ട്ട് പഠിച്ചശേഷമാകും തുടര്‍നടപടി. വാങ്ങിയ വിലയും കിട്ടുന്ന കലക്ഷനും തട്ടിച്ചുനോക്കുമ്പോള്‍ ഇലക്ട്രിക് ബസുകള്‍ ലാഭകരമല്ലെന്നാണ് ഗണേഷ് കുമാറിന്റെ പക്ഷം. ബിജു പ്രഭാകര്‍ വിദേശത്തായതിനാല്‍ ജോയന്റ് എം.ഡി പ്രമോജ് ശങ്കറാണ് മന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറിയത്. സിറ്റി സര്‍ക്കുലറിന്റെ 10 രൂപ ടിക്കറ്റ് എന്നത് അടിസ്ഥാന ചാര്‍ജാക്കി ഫെയര്‍ സ്റ്റേജ് കൊണ്ടുവരുന്നത് ആലോചനയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.