വിദ്യാഭ്യാസ മേഖലയെ വികസിത രാജ്യങ്ങളുടെ നിലവാരത്തിലെത്തിക്കുമെന്ന് മന്ത്രി ജി.ആർ അനിൽ
text_fieldsതിരുവനന്തപുരം : പൊതു വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ വിദേശ രാജ്യങ്ങളുടെ നിലവാരത്തിലെത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി .ആർ . അനിൽ. നെടുമങ്ങാട് ഇടനില യു.പി.എസിലെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സർക്കാർ സ്കൂളുകളിൽ ചേരുന്ന കുട്ടികൾ വലിയ സന്തോഷത്തിലാണ്. ഓരോ ക്ലാസ്സ് മുറിയും അത്രയധികം ആകർഷകമായി മാറിയിരിക്കുന്നു. എല്ലാവർക്കും നിലവാരമുള്ള ഉന്നത വിദ്യാഭ്യാസം ലഭ്യമാക്കാനുള്ള തീവ്ര ശ്രമമാണ് നടക്കുന്നത്. നെടുമങ്ങാട് മണ്ഡലത്തിലെ എല്ലാ അങ്കണവാടികളും പ്രീ പ്രൈമറി ക്ലാസ്സുകളും സ്മാർട്ട് ആക്കും. മതിയായ അടിസ്ഥാന സൗകര്യം ഒരുക്കാൻ തദ്ദേശ സ്ഥാപനങ്ങൾ ഊർജ്ജിതമായി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 2021- 22 പ്ലാൻ ഫണ്ടിൽ നിന്നും ഒരു കോടി രൂപ ചെലവഴിച്ചാണ് നെടുമങ്ങാട് നഗരസഭയിലെ ഇടനില ഗവ: യു.പി. സ്കൂളിനായി പുതിയ കെട്ടിടം നിർമ്മിക്കുന്നത്. നഴ്സറി, എൽ.പി, യു.പി വിഭാഗങ്ങളിലായി 566 കുട്ടികളാണ് ഇടനില യു.പി.എസിൽ പഠിക്കുന്നത്. നെടുമങ്ങാട് മണ്ഡലത്തിൽ 11 സ്കൂളുകൾക്കാണ് പദ്ധതിയിൽ നിർമ്മാണ അനുമതി ലഭിച്ചത്.
ഇടനില എൽ പി സ്കൂളിൽ നടന്ന പരിപാടിയിൽ നെടുമങ്ങാട് നഗരസഭ ചെയർപേഴ്സൺ സി. എസ്. ശ്രീജ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ എസ് രവീന്ദ്രൻ, വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്മാർ, പി.ടി.എ പ്രതിനിധികൾ, അധ്യാപകർ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.