രാധാകൃഷ്ണന് പകരം മന്ത്രി; ചർച്ചകളിലേക്ക് സി.പി.എം
text_fieldsതിരുവനന്തപുരം: ആലത്തൂരിൽനിന്ന് വിജയിച്ചതോടെ കെ. രാധാകൃഷ്ണന് പകരം മന്ത്രിയാരെന്ന ആലോചനകൾ സി.പി.എമ്മിൽ തുടങ്ങി. ദേവസ്വം, പട്ടികജാതി-പട്ടികവർഗ-പിന്നാക്ക ക്ഷേമ വകുപ്പുകളാണ് ചേലക്കര നിയമസഭ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കെ. രാധാകൃഷ്ണൻ കൈകാര്യം ചെയ്തിരുന്നത്.
പട്ടികജാതി വിഭാഗത്തിന് പ്രാതിനിധ്യമെന്ന നിലയിൽ കെ.എം. സച്ചിൻദേവ് (ബാലുശ്ശേരി), ഒ.കെ. കേളു (മാനന്തവാടി), കെ. ശാന്തകുമാരി (കോങ്ങാട്), പി.പി. സുമോദ് (തരൂർ), പി.വി. ശ്രീനിജൻ (കുന്നത്തുനാട്), എ. രാജ (ദേവികുളം), എം.എസ്. അരുൺകുമാർ (മാവേലിക്കര), ഒ.എസ്. അംബിക (ആറ്റിങ്ങൽ) എന്നിവരിലൊരാൾക്ക് അവസരം ലഭിക്കുമെന്നാണ് സൂചന. എസ്.എഫ്.ഐ മുൻ സംസ്ഥാന പ്രസിഡന്റും യുവ നേതാവുമെന്ന നിലയിൽ കെ.എം. സച്ചിൻദേവിനാണ് കൂടുതൽ സാധ്യത കൽപ്പിക്കുന്നത്. വൈകാതെ ചേരുന്ന സി.പി.എം നേതൃയോഗങ്ങൾക്ക് ശേഷമാവും ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാവുക.
പട്ടികജാതി വിഭാഗത്തിൽനിന്ന് ഒരാളെ മന്ത്രിസ്ഥാനത്തേക്ക് നിശ്ചയിക്കുന്നതിനൊപ്പം നിലവിലെ മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റവും ഉണ്ടായേക്കാം. പുതുതായി നിശ്ചയിക്കുന്ന മന്ത്രിക്ക് കെ. രാധാകൃഷ്ണൻ ചുമതല വഹിച്ചിരുന്ന വകുപ്പുകൾ തന്നെ നൽകണമെന്നില്ല.
1996, 2001, 2006, 2011, 2021 വർഷങ്ങളിൽ ചേലക്കരയിൽനിന്ന് നിയമസഭയിലെത്തിയ രാധാകൃഷ്ണൻ 1996-2011 കാലയളവിൽ മന്ത്രി സ്ഥാനത്തുണ്ടായിരുന്നു. 2006-2011 കാലയളവിൽ നിയമസഭ സ്പീക്കറായും പ്രവർത്തിച്ചു.
രണ്ടാം പിണറായി മന്ത്രിസഭയിൽ അംഗമായിരിക്കെയാണ് ആലത്തൂർ പാർലമെന്റ് മണ്ഡലം പിടിക്കാൻ സി.പി.എം നിയോഗിക്കുന്നത്. സി.പി.എമ്മിന് വിജയിക്കാനാവുമെന്ന് പാർട്ടി പ്രതീക്ഷിച്ച മണ്ഡലങ്ങളിൽ കണക്കുകൂട്ടൽ തെറ്റാതിരുന്നത് ആലത്തൂരിൽ മാത്രമായിരുന്നു.
പാർട്ടി വോട്ടുകൾക്കപ്പുറം രാധാകൃഷ്ണനെന്ന വ്യക്തിക്കുള്ള അംഗീകാരം കൂടിയായിരുന്നു ആലത്തൂരിലെ വിജയമെന്നാണ് പൊതുവിലയിരുത്തൽ. കെ. രാധാകൃഷ്ണൻ രാജിവെക്കുന്നതോടെ ദീർഘകാലം പ്രതിനിധീകരിച്ചിരുന്ന ചേലക്കര നിയമസഭ മണ്ഡലം ഉപതെരഞ്ഞെടുപ്പുണ്ടാകും. ഇവിടെ വിജയസാധ്യതയുള്ള സ്ഥാനാർഥിയെ നിയോഗിക്കലും പ്രധാനമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.