ലേബർ ക്യാമ്പുകളിൽ പരിശോധന നടത്താൻ ലേബർ കമീഷണർക്ക് മന്ത്രിയുടെ നിർദേശം
text_fieldsതിരുവനന്തപുരം: ലേബർ ക്യാമ്പുകളിൽ പരിശോധന നടത്താൻ പ്രത്യേക സംഘങ്ങളെ നിയോഗിക്കാൻ ലേബർ കമീഷണർക്ക് മന്ത്രി വിശിവൻകുട്ടി നിർദേശം നൽകി. ചാല പ്രധാന തെരുവിൽ അതിഥി തൊഴിലാളികൾ തിങ്ങിക്കൂടി താമസിക്കുന്ന ലേബർ ക്യാമ്പിൽ മന്ത്രി മിന്നൽ സന്ദർശനം നടത്തിയശേഷമാണ് നിർദേശം നൽകിയത്.
ചാലയിലെ ക്യാമ്പ് അനധികൃതമെന്ന് കണ്ടെത്തിയതിനെ തുടർന്ന് അടച്ചുപൂട്ടാൻ തിരുവനന്തപുരം നഗരസഭ ഉത്തരവിട്ടു. തിരുവനന്തപുരം ചാല പ്രധാന തെരുവിൽ അതിഥി തൊഴിലാളികൾ തിങ്ങിക്കൂടി താമസിക്കുന്ന ലേബർ ക്യാമ്പിലാണ് പരിശോധന നടത്തിയത്. തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ, ലേബർ കമ്മീഷണർ കെ. വാസുകി, അഡീഷണൽ ലേബർ കമ്മീഷണർ (എൻഫോഴ്സ്മെന്റ് )കെ.എം സുനിൽ എന്നിവരും ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
മൂന്നു നില കെട്ടിടത്തിന്റെ ഓരോ നിലയും മന്ത്രി അടങ്ങുന്ന സംഘം പരിശോധിച്ചു. അവിടെയുണ്ടായിരുന്ന അതിഥി തൊഴിലാളികളുമായി ആശയവിനിമയം നടത്തി. കെട്ടിടത്തിൽ അനധികൃത നിർമ്മാണം ഉണ്ടെങ്കിൽ പൊളിച്ചു മാറ്റുന്നതിന് സൂപ്രണ്ടിങ് എൻജിനീയറോട് നിർദേശിച്ചു. കെട്ടിടത്തിൽ ലൈസൻസ് ഇല്ലാത്ത കടകൾ പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനും നിർദേശം നൽകി.
അതിഥി തൊഴിലാളികളെ താമസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഇന്റർസ്റ്റേറ്റ് മൈഗ്രന്റ് വർക്ക്മാൻ ആക്ട്- 1979 പ്രകാരം കോൺട്രാക്ടർക്ക് ലേബർ കമീഷണറേറ്റ് നോട്ടീസ് നൽകും. അതിഥി തൊഴിലാളികളെ മാറ്റി താമസിപ്പിക്കാൻ അടിയന്തര നടപടി സ്വീകരിക്കാനും ലേബർ കമീഷണറേറ്റ് കോൺട്രാക്ടറോട് നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.